മസ്കത്ത്: എമര്‍ജിങ് ടീംസ് ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ കലാശക്കളിയിൽ ശ്രീലങ്ക-അഫ്ഗാനിസ്താൻ എ ടീമുകൾ ഏറ്റുമുട്ടും. വെള്ളിയാഴ്ച അമീറാത്ത് ക്രിക്കറ്റ് അകാദമിക് ഗ്രൗണ്ടിൽ നടന്ന ആദ്യ സെമിയിൽ പാകിസ്താൻ എ ടീമിനെ ശ്രീലങ്ക ഏഴ് വിക്കറ്റിനും രണ്ടാം സെമിയിൽ ഇന്ത്യൻ എ ടീമിനെ അഫ്ഗാനിസ്താൻ 20 റൺസിനും തോൽപിച്ചാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. അമീറാത്ത് ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിൽ ഞായറാഴ്ച വൈകീട്ട് 5.30നാണ് ഫൈനൽ.
ഇന്ത്യക്കെതിരെ അഫ്ഗാനിസ്താൻ നാല് വിക്കറ്റ് നഷ്ടത്തിൽ 204 റൺസിന്റെ കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്. റൺമല പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യക്ക് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുക്കാനെ സാധിച്ചുള്ളൂ. രമൺദീപ് സിങ് (34 ബാളിൽ 63), ആയൂഷ് ബദോനി (31), നിശാന്ത് സിന്ധു (23), നെഹാൽ വദേര (20) എന്നിവരൊഴികെ മറ്റുള്ളവർക്കൊന്നും ബാറ്റിങ് നിരയിൽ കാര്യമായ സംഭാവന നൽകാനായില്ല.
അവസാന ഓവറുകളിൽ രമൺദീപ് സിങ് നടത്തിയ ചില ഒറ്റപ്പെട്ട പ്രകടനം പ്രതീക്ഷ പകർന്നിരുന്നെങ്കിലും വിജയം എത്തി പിടിക്കാനായില്ല. അഫ്ഗാനിസ്താനുവേണ്ടി ഗസൻഫർ, അബ്ദുൽ റഹ്മാൻ റഹ്മാനി എന്നിവർ രണ്ട് വീതവും, ശറഫുദ്ദീൻ അശ്റഫ് ഒരു വിക്കറ്റും സ്വന്തമാക്കി.
ടോസ് നേടിയ അഫ്ഗാൻ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർമാരായ സുബൈദ് അക്ബരി (41 ബാളിൽ 64), സീദീഖുല്ല അത്താൽ (52 ബാളിൽ 83) റൺസ് എന്നിവരുടെ മിന്നും പ്രകനമാണ് കൂറ്റൻ സകോർ സമ്മാനിച്ചത്.
സ്കോർ ബോർഡിൽ 137 റൺസ് എത്തിയപ്പോളാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. അർധ സെഞ്ച്വറിയുമായി അക്ബരി മടങ്ങുമ്പോൾ അഞ്ച് ഫോറും നാല് സിക്സും അദ്ദേഹം നേടിയിരുന്നു. ആകിബ് ഖാന്റെ പന്തിൽ വിക്കറ്റിന് പിന്നിൽ പ്രഭ്സിമ്രാൻ സിങിന് ക്യാച്ച് നൽകിയാണ് പുറത്തായത്.
ഏഴുഫോറും നാല് സിക്സുമായി സെഞ്ച്വറിയലേക്ക് നീങ്ങുകയായിരുന്ന സീദീഖുല്ല അത്താലിനെ റാസിഖ് സലാമാണ് മടക്കിയത്. അവസാന ഓവറുകളിൽ കരീം ജന നടത്തിയ പ്രകടനവും (20 ബാളിൽ 41) സ്കോർ 200 കടക്കാൻ സഹായിക്കുന്നതായി. ഇന്ത്യക്കുവേണ്ടി റാസിഖ് സലാം മൂന്നും ആഖിബ ഖാൻ ഒന്നും വിക്കറ്റെടുത്തു.
ആദ്യ സെമിയിൽ പാകിസ്താൻ എ ടീമിനെ ഏഴ് വിക്കറ്റിനാണ് ശ്രീലങ്ക തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 135 റൺസാണ് നേടിയത്. ശ്രീലങ്ക 16.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ വിജയം കാണുകയായിരുന്നു.
അഹാൻ വിക്രമസിംഗെ (52) അർധസെഞ്ച്വറി നേടി. നാല് വിക്കറ്റ് നേടിയ ദുഷാൻ ഹേമന്തയാണ് പാക് പടയുടെ നടുവൊടിച്ചത്. നിപുൻ രൻസികയും ഇഷാൻ മലിംഗയും രണ്ട് വീതം വിക്കറ്റ് നേടി. പാകിസ്താനായി ഉമൈർ യൂസുഫ് (68) അർധസെഞ്ച്വറി നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.