മസ്കത്ത്: ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ നിലവാരം ഉയർത്തുന്നതിൽ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ പങ്ക് നിസ്തുലമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി ഡോ. ഔസാഫ് സഈദ്. ഒമാൻ വാർത്ത ഏജൻസിയോട് (ഒ.എൻ.എ) സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധങ്ങൾ പുരാതനവും നൂറുകണക്കിന് വർഷങ്ങൾ പഴക്കമുള്ളതുമാണ്. ഗ്രീൻ ഹൈഡ്രജൻ, ഗ്രീൻ അമോണിയ, മൈക്രോ ചിപ്പുകൾ, സാങ്കേതികവിദ്യ എന്നിവയുൾപ്പെടെയുള്ള പുനരുപയോഗ ഊർജം, ഭക്ഷ്യസുരക്ഷ, വിതരണ ശൃംഖലകൾ, ആരോഗ്യ സംരക്ഷണം, മരുന്ന്, ഊർജ സുരക്ഷ എന്നിവയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ മേഖലകളിൽ ഉൾപ്പെട്ടിട്ടുണ്ട്. ഒമാനിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്പനികളുടെ എണ്ണം 6000 ആണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര വിനിമയത്തിന്റെ അളവ് മുൻ വർഷങ്ങളെ അപേക്ഷിച്ച് ഏകദേശം 10 ശതമാനമായി ഉയർന്നിട്ടുണ്ട്.
കയറ്റുമതി 3.14 ശതമാനവും ഇറക്കുമതി 6.84 ശതമാനവുമാണ് ഉയർന്നത്. സ്വതന്ത്ര വ്യാപാര കരാറുകളിൽ ഒപ്പുവെക്കാൻ ഇരു രാജ്യങ്ങളും തമ്മിൽ നിരന്തരമായ ചർച്ചകൾ നടക്കുന്നുണ്ട്. ഒമാനും ഇന്ത്യയും തമ്മിൽ നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 50ാം വാർഷികം ഉടൻ ആഘോഷിക്കും.‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന പ്രമേയത്തിൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി20 ഉച്ചകോടിയിൽ അതിഥിയായി ഒമാനെ ക്ഷണിക്കുന്നത് സാമ്പത്തിക തന്ത്രങ്ങൾ സാക്ഷാത്കരിക്കുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള വിവിധ മേഖലകളിൽ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും പ്രാധാന്യം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.