മസ്കത്ത്: ഇന്ത്യയും ഒമാനും തമ്മിലുള്ള നിർദിഷ്ട സ്വതന്ത്ര വ്യാപാര കരാർ (എഫ്.ടി.എ) മാർച്ചിൽ യാഥാർഥ്യമായേക്കുമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട്. കോംപ്രിഹെൻസിവ് ഇക്കണോമിക് പാർട്ണർഷിപ് എഗ്രിമെന്റ് (സി.ഇ.പി.എ) എന്ന് ഔദ്യോഗികമായി വിളിക്കുന്ന ഉടമ്പടിക്കായി ഇരുപക്ഷത്തിന്റെയും ചർച്ചകൾ ഏതാണ് പൂർത്തിയായതാണ് അറിയാൻ കഴിയുന്നത്. കഴിഞ്ഞ ഡിസംബറിൽ എഫ്.ടി.എക്കായി ഇരുരാജ്യങ്ങളും തമ്മിൽ മസ്കത്തിൽ രണ്ടാം റൗണ്ട് ചർച്ചകൾ നടത്തിയിരുന്നു. കരാർ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഔപചാരിക പ്രാരംഭ യോഗം നവംബർ 20നാണ് ചേർന്നത്. തുടർന്ന് നവംബർ 27 മുതൽ 29 വരെ ന്യൂഡൽഹിയിൽ ആദ്യ റൗണ്ട് ചർച്ചകളും നടന്നു. ഇറക്കുമതിക്കും കയറ്റുമതിക്കുമുള്ള തടസ്സങ്ങൾ കുറക്കുന്നതായിരിക്കും സ്വതന്ത്ര വ്യാപാര കരാർ. ഇറക്കുമതി തീരുവ ഒഴിവാക്കുന്നതോടെ ഇരുരാജ്യങ്ങളിലേക്കും കൂടുതൽ ഉൽപന്നങ്ങള് കയറ്റി അയക്കാനും വ്യാപാരം ശക്തിപ്പെടുത്താനും അവസരമൊരുങ്ങും.
ഇന്ത്യയിൽ നിന്ന് മോട്ടോര്‍ ഗ്യാസോലിന്‍, ഇരുമ്പ്, ഉരുക്ക് ഉല്പന്നങ്ങള്, ഇലക്ട്രോണിക്സ്, മെഷിനറി, തുണിത്തരങ്ങള്‍, പ്ലാസ്റ്റിക്, എല്ലില്ലാത്ത മാംസം, അവശ്യ എണ്ണകള്‍, മോട്ടോര്‍ കാറുകള്‍ എന്നിവയുടെ കയറ്റുമതി ഒമാനിലേക്ക് വര്‍ധിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഒമാനില്‍ ഈ സാധനങ്ങള്‍ക്ക് നിലവില്‍ അഞ്ച് ശതമാനം ഇറക്കുമതി തീരുവയാണ്. ഒമാനിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതിയുടെ 16.5 ശതമാനം (ഏതാണ്ട് 800 മില്യണ്‍ ഡോളര്‍) ഗോതമ്പ്, മരുന്നുകള്‍, ബസുമതി അരി, ചായ, കാപ്പി, മത്സ്യം തുടങ്ങിയവയില്‍ നിന്നാണ്. ഈ ഇനങ്ങളെ നേരത്തേ തന്നെ നികുതിയില്‍നിന്ന് ഒഴിവാക്കിയിരുന്നതിനാല്‍ പുതിയ എഫ്.ടി.എ കരാറിലൂടെ ഈ ഉൽപന്നങ്ങള്ക്ക് അധിക നേട്ടമുണ്ടാകില്ല.
ജി.സി.സി രാജ്യങ്ങളിൽ ഇന്ത്യയുടെ മൂന്നാമത്തെ വലിയ കയറ്റുമതി കേന്ദ്രമാണ് ഒമാൻ. ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം വർധിപ്പിക്കാൻ സ്വതന്ത്ര വ്യാപാര കരാർ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജി.സി.സി മേഖലയിൽ യു.എ.ഇയുമായി 2022 മേയ് മാസത്തിൽ സമാനമായ രീതിയിൽ ഇന്ത്യ കരാറിലെത്തിയിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനായി കഴിഞ്ഞ ഡിസംബറിൽ സുൽത്താൻ ഹൈതം ബിൻ താരിഖ് ഇന്ത്യയിൽ എത്തിയിരുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ജി.സി.സി രാജ്യങ്ങളിൽ ഏറ്റവും വലിയ മൂന്നാമത്തെ കയറ്റുമതി കേന്ദ്രമാണ് ഒമാൻ. 2022-23ൽ 12.39 ശതകോടി ഡോളറായിരുന്നു ഉഭയകക്ഷി വ്യാപാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.