മസ്കത്ത്: ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് ലുലു ഹൈപ്പർ മാർക്കറ്റുകളിൽ 'ഇന്ത്യ ഉത്സവ്' വിപണനമേളക്ക് തുടക്കമായി. 'ഇന്ത്യ ഉത്സവ് 2022' എന്ന പേരിൽ ഒമാനിലെ തെരഞ്ഞെടുക്കപ്പെട്ട ലുലു ഔട്ട്ലെറ്റുകളിൽ ഈമാസം 17വരെയാണ് ആഘോഷം. ഇന്ത്യയുടെ തനത് സംസ്കാരവും പൈതൃകവും പാരമ്പര്യവും പ്രാദേശികമായ പ്രത്യേകതകളും വിളിച്ചറിയിക്കുന്ന 'ഇന്ത്യ ഉത്സവ്' ബോഷർ ലുലു ഹൈപ്പർ മാർക്കറ്റിൽ ഒമാനിലെ ഇന്ത്യൻ അംബസാഡർ അമിത് നാരംഗ് ഉദ്ഘാടനം ചെയ്തു. സ്വദേശി പ്രമുഖരും ഇന്ത്യൻ സമൂഹത്തിൽ നിന്നുള്ള പ്രത്യേക അതിഥികളും ലുലു മാനേജ്മെന്റ് അംഗങ്ങളും സന്നിഹിതരായിരുന്നു.
സംസ്കാരം, വാണിജ്യം, ഭക്ഷണം എന്നിങ്ങനെ ഇന്ത്യയെ വേറിട്ട് നിർത്തുന്ന മൂന്ന് കാര്യങ്ങളുടെ സംയോജനമാണ് 'ഇന്ത്യ ഉത്സവി'ലൂടെ ലുലു മുന്നോട്ടുവെക്കുന്നത്. ഇന്ത്യയുടെ വൈവിധ്യങ്ങൾ ഉൾക്കൊള്ളുന്ന വസ്ത്രങ്ങൾ, ഭക്ഷണം, പാദരക്ഷകൾ, പലചരക്കുസാധനങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ മിതമായ നിരക്കിൽ മേളയിൽ ഒരുക്കിയിട്ടുണ്ട്. എല്ലാ ഇന്ത്യൻ ഉൽപന്നങ്ങൾക്കും മികച്ച ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
'ഇന്ത്യൻ സംസ്കാരത്തിന്‍റെ സൗന്ദര്യവും വൈവിധ്യവും വിളിച്ചുപറയുന്ന ഇന്ത്യ ഉത്സവ് സംഘടിപ്പിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. ഇന്ത്യയും ഒമാനും തമ്മിലുള്ള വ്യാപാര-സാംസ്കാരിക ബന്ധത്തിന്‍റെ ആഘോഷം കൂടിയാണ് ഇത്. ഇരുരാജ്യങ്ങളും തമ്മിൽദീർഘനാളായി നിലനിൽക്കുന്ന ഉഭയകക്ഷി ബന്ധത്തെ ഊട്ടിയുറപ്പിക്കുന്നതിനുള്ള ഒരു അവസരമായും ഞങ്ങൾ ഇതിനെ കാണുന്നു'- ലുലു ഗ്രൂപ്പിന്‍റെ ഒമാൻ റീജിയണൽ ഡയറക്ടർ ഷബീർ കെ.എ പറഞ്ഞു.
ഇന്ത്യയുടെ സംസ്കാരം അടയാളപ്പെടുത്തുന്ന കലാപരിപാടികളും ലൈവ് കുക്കറി ഷോയുമൊക്കെ 'ഇന്ത്യ ഉത്സവ'ത്തിന്‍റെ ഭാഗമായി നടക്കും. ഇന്ത്യ ഗേറ്റ് അടക്കമുള്ള ഇന്ത്യയിലെ സ്മാരകങ്ങളുടെ മാതൃകകളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.