മസ്കത്ത്: നിരവധി അന്താരാഷ്ട്ര കാരണങ്ങളാൽ ഇന്ത്യൻ രൂപ ശക്തമാവാൻ തുടങ്ങിയതോടെ റിയാലിന്റെ വിനിമയ നിരക്ക് താഴ്ന്നു. വെള്ളിയാഴ്ച ഒരു റിയാലിന് 216.75 രൂപ എന്ന നിരക്കാണ് ഒമാനിലെ വിനിമയ സ്ഥാപനങ്ങൾ നൽകിയത്. ഇത് കഴിഞ്ഞ രണ്ടു മാസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്.
വിനിമയ നിരക്ക് ഒരു റിയാലിന് 218 രൂപവരെ എത്തിയ ശേഷമാണ് വെള്ളിയാഴ്ച കുറഞ്ഞ നിരക്കിലെത്തിയത്. കഴിഞ്ഞ മാസം ആറിനാണ് വിനിമയ നിരക്ക് ഒരു റിയാലിന് 218 റിയാൽ എന്ന സർവകാല റെേക്കാഡിലെത്തിയത്. പിന്നീട് കഴിഞ്ഞ ചൊവ്വാഴ്ച 217.50നും 217.80നും ഇടയിലായിരുന്നു.
ബുധനാഴ്ച വിനിമയ നിരക്ക് ഒരു റിയാലിന് 217.30ലും വ്യാഴാഴ്ച 217.05 ലും എത്തുകയുമായിരുന്നു. ഇന്ത്യൻ രൂപ ബുധനാഴ്ച മുതൽ ശക്തിപ്രാപിക്കുകയാണ്. ഒരു ഡോളറിന് 83.48 രൂപയായിരുന്നു വെള്ളിയാഴ്ചത്തെ വിനിമയ നിരക്ക്. ഇത് കഴിഞ്ഞ ജൂലൈ ഒമ്പത് മുതലുള്ള ഏറ്റവും ഉയർന്നതാണ്.
അമേരിക്കൻ ഡോളർ ശക്തി കുറഞ്ഞതും മറ്റ് ഏഷ്യൻ രാജ്യങ്ങളുടെ കറൻസികൾ ശക്തി വർധിച്ചതും ഇന്ത്യൻ രൂപക്ക് അനുഗ്രഹമായിട്ടുണ്ട്. എല്ലാ ഏഷ്യൻ രാജ്യങ്ങളുടെ കറൻസിയും ശക്തിപ്രാപിച്ചു കഴിഞ്ഞു. പല കറൻസികളും 0.1 ശതമാനം മുതൽ ഒരു ശതമാനംവരെ ശക്തി പ്രാപിച്ചിട്ടുണ്ട്. ഇതിൽ ജപ്പാൻ കറൻസിയും നല്ല രീതിയിൽ ശക്തി പ്രാപിച്ചിട്ടുണ്ട്.
അമേരിക്കൻ ഡോളർ തകർന്നതാണ് ഇന്ത്യൻ രൂപക്ക് അനുഗ്രഹമായത്. ഇതിന് നിരവധി കാരണങ്ങളുണ്ട്. ബുധനാഴ്ച പലിശനിരക്ക് കുറച്ചുകൊണ്ട് അമേരിക്കൻ ഫെഡറൽ റിസർവ് ഉത്തരവ് പുറപ്പെടുവിച്ചതോടെയാണ് മറ്റ് രാജ്യങ്ങളുടെ കറൻസികൾ ശക്തമായത്. ഇതോടെ ഡോളറിന്റെ മൂല്യം കാണിക്കുന്ന ഡോളർ ഇൻഡക്സ് 0.2 ശതമാനം കുറഞ്ഞ് 100.43ലെത്തി.
ഡോളർ ശക്തി കുറയാൻ തുടങ്ങിയതോടെ വിദേശനിക്ഷേപം ഇന്ത്യയിലേക്ക് ഒഴുകുകയാണ്. ഒറ്റദിവസം ശതകോടി ഡോളറാണ് ഇന്ത്യൻ മാർക്കറ്റിലേക്ക് ഒഴുകിയത്. ഇത് ഓഹരിവിപണിയുടെ കുതിച്ചുചാട്ടത്തിനും കാരണമാക്കി. എണ്ണവില കുറയുന്നതും ഇന്ത്യൻ രൂപക്ക് അനുകൂല ഘടകമാണ്.
പൊടുന്നനെ വിനിമയനിരക്ക് കുത്തനെ കുറഞ്ഞത് പ്രവാസികൾക്ക് തിരിച്ചടിയായിരിക്കുകയാണ്. മൂന്ന് ദിവസം കൊണ്ട് ഒരു റിയാലിന് ഒരു രൂപയുടെ കുറവാണ് ഉണ്ടായത്. ഇത് കൂടുതൽ പണം നാട്ടിലയക്കാൻ നല്ല നിരക്കിനായി കാത്തിരുന്നവരെയാണ് നിരാശപ്പെടുത്തിയത്.
റിയാലിന്റെ നിരക്ക് 218 രൂപയിലെത്തിയിട്ടും കൂടുതൽ ഉയർന്ന നിരക്കിനായി പലരും കാത്തിരുന്നിരുന്നു. എന്നാൽ, പൊടുന്നനെ നിരക്ക് കുറഞ്ഞത് പലർക്കും പ്രയാസമായിട്ടുണ്ട്. വിനിമയനിരക്ക് ഇനിയും കുറയാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.