മസ്കത്ത്: ഒമാനി റിയാലിന്റെ വിനിമയ നിരക്ക് 215.50 വരെ എത്തിയ ശേഷം താഴേക്കുവരാൻ തുടങ്ങി. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഒരു റിയാലിന് 212.35 രൂപയാണ് ഒമാനിലെ വിനിമയ സ്ഥാപനങ്ങൾ നൽകിയത്. 1000 രൂപക്ക് 4.709 റിയാലാണ് ഇപ്പോൾ നൽകേണ്ടത്. ഒക്ടോബർ 20ന് വിനിമയ നിരക്ക് ഒരു റിയാലിന് 215.50 രൂപവരെ ഉയർന്നിരുന്നു. 1000 രൂപക്ക് 4.637 റിയാലാണ് നൽകേണ്ടിയിരുന്നത്. പിന്നീടുള്ള ദിവസങ്ങളിൽ 214 ഉം 215നും ഇടയിലായിരുന്നു വിനിമയ നിരക്ക്. എന്നാൽ, കഴിഞ്ഞ ഏതാനും ദിവസമായി വിനിമയ നിരക്ക് താഴേക്ക് പോവുകയായിരുന്നു. ഒക്ടോബർ നാല് മുതലാണ് വിനിമയ നിരക്ക് പുതിയ ഉയരങ്ങളിലേക്കെത്തിയത്.
മറ്റ് ഏഷ്യൻ കറൻസികളോടൊപ്പം ഇന്ത്യൻ രൂപയും നില മെച്ചപ്പെടുത്തിയതാണ് റിയലിന്റെ വിനിമയ നിരക്ക് കുറയാൻ കാരണം. എന്നാൽ, ചൈനീസ് കറൻസിയുടെ നില മെച്ചപ്പെട്ടിട്ടില്ല. തിങ്കളാഴ്ച ഒരു മാസത്തിനുള്ളിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് ഇന്ത്യൻ രൂപ എത്തുകയായിരുന്നു. ചൊവ്വാഴ്ച ഗുരു നാനാക്ക് ജയന്തിയായതിനാൽ ഇതേ നിരക്ക് തന്നെയാണ് ലഭിച്ചത്. ഇപ്പോൾ ഡോളർ വില 81.92 രൂപയാണ്. ഇത് മുൻ ദിവസത്തേക്കാൾ 0.63 ശതമാനം ഉയർന്നതാണ്. ഒക്ടോബർ മൂന്നിന് ശേഷമുള്ള ഇന്ത്യൻ രൂപയുടെ ഉയർന്ന മൂല്യമാണിത്. നിലവിൽ ഇന്ത്യൻ രൂപ മെച്ചപ്പെട്ട പ്രകടനത്തിലേക്ക് നീങ്ങുന്നതിന്റെ പ്രവണതയാണ് കാണിക്കുന്നത്. എന്നാൽ, എണ്ണ വില ബാരലിന് 100 ഡോളറിന് അടുത്തെത്തുകയാണ്. എണ്ണ വില ഇനിയും ഉയരുന്നതും ഡോളർ ശക്തമാക്കാനുള്ള തീരുമാനം അമേരിക്കൻ അധികൃതർ എടുക്കുന്നതും ഇന്ത്യൻ രൂപയെ പ്രതികൂലമായി ബാധിക്കും.
ഡോളർ ശക്തി കുറയുന്നതാണ് ഇന്ത്യൻ രൂപക്ക് അനുഗ്രഹമാവുന്നത്. ഡോളറിന്റെ മൂല്യം മറ്റ് കറൻസികളെ അപേക്ഷിച്ച് 0.3 ശതമാനം കുറഞ്ഞ് 110.40 പോയൻറിൽ എത്തി. സെപ്റ്റംബർ മുതൽ ഡോളർ ശക്തമാവാൻ തുടങ്ങിയതോടെയാണ് ഇന്ത്യ അടക്കമുള്ള എല്ലാ രാജ്യങ്ങളുടെയും കറൻസിയെ തകർച്ചയിലേക്ക് നയിച്ചത്. എല്ലാ രാജ്യങ്ങളുടെയും കറൻസി ശക്തി പ്രാപിച്ചെങ്കിലും ചൈനീസ് യുവാൻ തകർച്ച നേരിടുകയാണ്. ചൈനയിൽ കോവിഡ് നിയന്ത്രണങ്ങൾക്ക് അയവുവരുത്തുമെന്നും വിദേശികൾക്കുള്ള ക്വാറന്റീൻ ലഘൂകരിക്കുമെന്നും വാർത്തകൾ പരന്നിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം ചൈനീസ് അധികൃതർ ഈ വാർത്തകൾ നിഷേധിച്ചതാണ് ചൈനീസ് യുവാനെ പ്രതികൂലമായി ബാധിച്ചത്. ഈ വർഷം ജനുവരി 12ന് 191 രൂപയായിരുന്നു റിയാലിന്റെ വിനിമയ നിരക്ക്. പിന്നീട് വിനിമയ നിരക്ക് മേൽപോട്ട് ഉയരുകയായിരുന്നു. മേയ് 11നാണ് റിയാലിന് 200 രൂപ എന്ന നിരക്കിലെത്തിയത്. പിന്നീട് ഒരിക്കലും നിരക്ക് 200 രൂപക്ക് താഴെ എത്തിയിട്ടില്ല. വിനിമയ നിരക്ക് ഉയർന്ന് റിയാലിന് 215 രൂപയും കടന്ന ശേഷമാണ് നിരക്ക് താഴേക്കുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.