മസ്കത്ത്: മസ്കത്ത് ഇന്ത്യൻ എംബസി ഒമാൻ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് നടത്തിയ രക്തദാന ക്യാമ്പിന് സമാപനമായി. മാർച്ച് 29 മുതൽ ഏപ്രിൽ ആറ് വരെ നടത്തിയ കാമ്പയിനിൽ ആയിരകണക്കിന് ആളുകളാണ് ഇന്ത്യൻ പ്രവാസി സമൂഹത്തിൽനിന്ന് രക്തം ദാനം ചെയ്യാനെത്തിയത്. 800 യൂനിറ്റ് രക്തം ശേഖരിക്കാൻ കഴിഞ്ഞു. ഒമാനിൽ സാധാരണ റമദാനിൽ രക്തത്തിന് ക്ഷാമം അനുഭവപ്പെടാറുണ്ട്.
ഇത് പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ‘രക്തം ദാനം ചെയ്യുക, ജീവിതം പങ്കിടുക’ എന്ന പേരിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന കാമ്പയിൻ നടത്തിയത്. മസ്കത്തിലെ ഹെൽത്ത് സർവിസസ് ഡയറക്ടർ ജനറൽ ഡോ. താമര അൽ ഗഫ്രി, ഇന്ത്യൻ അംബാസഡർ അമിത് നാരങ് എന്നിവർ ചേർന്നായിരുന്നു കാമ്പയിൻ ഉദ്ഘാടനം ചെയ്തിരുന്നത്. തുടർച്ചയായ മൂന്നാം വർഷമാണ് ഇന്ത്യൻ എംബസി റമദാൻ മാസത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ഓരോ വർഷവും രക്തദാനം ചെയ്യുന്നവരുടെ എണ്ണത്തിൽ വർധനയുണ്ട്. സാമൂഹിക സേവനത്തിന്റെ ഉദാത്ത രൂപങ്ങളിലൊന്നാണ് രക്തദാനം. ഈ മഹത്തായ ലക്ഷ്യത്തിന് ഇന്ത്യൻ സമൂഹത്തിൽനിന്ന് ലഭിക്കുന്ന മികച്ച പങ്കാളിത്തം സന്തോഷം നൽകുന്നുണ്ടെന്ന് ഇന്ത്യൻ സ്ഥാനപതി അമിത് നാരങ് പറഞ്ഞു.
രക്ത ദൗർലഭ്യത്തിന്റെ സമയത്ത് ഒമാനിലെ ജനങ്ങളെ സഹായിക്കാനും ഇന്ത്യയും ഒമാനും തമ്മിലുള്ള സൗഹൃദബന്ധം ശക്തിപ്പെടുത്താനുമുള്ള ഇന്ത്യൻ സമൂഹത്തിന്റെ പ്രതിബദ്ധതയാണിതെന്നും അംബാസഡർ പറഞ്ഞു. കാമ്പയിന് മികച്ച പിന്തുണ നൽകിയ സേവാ ഇൻറർനാഷനൽ, ബഹ്വാൻ എൻജിനീയറിങ് ഗ്രൂപ്പ്, അൽ നബ ഗ്രൂപ്പ്, അൽ അൻസാരി ഗ്രൂപ്പ്, അൽ തസ്നിം ഗ്രൂപ്പ്, ദാവൂദി ബോഹ്റ കമ്മ്യൂനിറ്റി, വിവിധ യോഗ സംഘടനകൾ, ഇന്ത്യൻ സ്കൂളുകൾ, ലുലു ഹൈപ്പർമാർക്കറ്റ് എന്നിവക്കും മറ്റുള്ളവർക്കും ഇന്ത്യൻ എംബസി പ്രത്യേക നന്ദി അറിയിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.