മസ്കത്ത്: തലസ്ഥാന നഗരിയിലെ ഏഴ് ഇന്ത്യൻ സ്കൂളുകളിൽ പ്രവേശന നറുക്കെടുപ്പ് ഈമാസം പത്തിന് നടക്കും. ഓൺലൈൻ അപേക്ഷ നൽകിയശേഷം പ്രവേശന ഫീസ് അടച്ചവരെ മാത്രമാണ് നറുക്കെടുപ്പിൽ പങ്കെടുപ്പിക്കുക. 15 റിയാലാണ് അപേക്ഷ ഫീസ്. ഓൺലൈൻ അപേക്ഷ നൽകിയിട്ടും പ്രവേശന ഫീസ് അടക്കാത്തവർക്ക് ഈമാസം എട്ടുവരെ അടക്കാൻ സമയം അനുവദിച്ചിട്ടുണ്ട്.
മസ്കത്ത്, മബേല ഇന്ത്യൻ സ്കൂളുകളിൽ നേരിട്ടോ ഓൺലൈൻ വഴിയോ അടക്കാവുന്നതാണ്. തലസ്ഥാന നഗരിയിലെ മസ്കത്ത്, ദാർസൈത്ത്, വാദികബീർ, അൽ ഗുബ്റ, ബോഷർ, സീബ്, മബേല എന്നീ ഇന്ത്യൻ സ്കൂളുകളിലെ പുതിയ അധ്യയനവർഷത്തിലേക്കുള്ള പ്രവേശന നടപടികളാണ് പുരോഗമിക്കുന്നത്. ഓൺലൈൻ അപേക്ഷക്കുള്ള അവസാന തീയതി കഴിഞ്ഞമാസം 28ന് കഴിഞ്ഞിരുന്നു. ഇനിയും ഓൺലൈനിൽ അപേക്ഷിക്കാൻ കഴിയാത്തവർക്ക് സീറ്റുകളുടെ ഒഴിവ് അനുസരിച്ച് മാർച്ച് 20 മുതൽ വീണ്ടും ഓൺലൈൻ അപേക്ഷക്ക് അവസരം നൽകും.
ഈ അധ്യയനവർഷ അപേക്ഷകളുടെ എണ്ണത്തിൽ വലിയ കുറവില്ലെന്ന് അറിയുന്നു. കൃത്യമായ എണ്ണം പ്രവേശന നടപടികൾ പൂർത്തിയായ ശേഷമാണ് വ്യക്തമാവുക. ബോർഡ് ഓഫ് ഡയറക്ടറേറ്റിന്റെ വെബ്സൈറ്റ് അനുസരിച്ച് കെ.ജി ഒന്നിൽ 1,893 സീറ്റുകളും കെ.ജി രണ്ടിൽ 1097 സീറ്റുകളുമാണുള്ളത്. ഈ രണ്ട് ക്ലാസിലും ഏറ്റവും കൂടുതൽ സീറ്റുള്ളത് മസ്കത്ത് ഇന്ത്യൻ സ്കൂളിലാണ്. കെ.ജി ഒന്നിൽ 500ഉം രണ്ടിൽ 300 സീറ്റുകളുമാണ് മസ്കത്ത് സ്കൂളിലുള്ളത്. വാദികബീർ ഇന്ത്യൻ സ്കൂളിൽ കെ.ജി ഒന്നിൽ 360ഉം രണ്ടിൽ 300ഉം സീറ്റുകളുണ്ട്. ബോഷർ ഇന്ത്യൻ സ്കൂളിൽ കെ.ജി വണ്ണിൽ 288 സീറ്റുകളും കെ.ജി രണ്ടിൽ 127 സീറ്റുകളുമാണുള്ളത്. മസ്കത്ത് ഇന്ത്യൻ സ്കൂൾ അടക്കമുള്ള സ്ഥാപനങ്ങളിൽ ഒന്നുമുതൽ മുകളിലോട്ടുള്ള ക്ലാസുകളിലും നിരവധി ഒഴിവുകളുണ്ട്.
അൽ ഗുബ്റ ഇന്ത്യൻ സ്കൂൾ ഒഴികെയുള്ള സ്കൂളുകളിൽ ഒന്നാം ചോയിസ് കൊടുത്ത സ്കൂളിൽതന്നെ പ്രവേശനം ലഭിക്കും. എന്നാൽ, അൽ ഗുബ്റയിൽ അപേക്ഷകർ കൂടുതലായതിനാൽ എല്ലാവർക്കും പ്രവേശനം ലഭിക്കാൻ സാധ്യതയില്ല. ചിലർക്ക് രണ്ടാം ചോയ്സ് നൽകിയ സ്കൂളുകളിലാണ് പ്രവേശനം ലഭിക്കുക. കെ.ജി ഒന്ന് രണ്ട് ക്ലാസുകളിലേക്ക് സീറ്റുകൾ നികത്താൻ കഴിയുന്ന രീതിയിൽ അപേക്ഷകർ എത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്.
അതിനിടെ, ഈവർഷം ഇന്ത്യക്കാരല്ലാത്തവർക്കും പ്രവേശനത്തിന് അവസരം നൽകുന്നുണ്ടെങ്കിലും അപേക്ഷകർ തലസ്ഥാന നഗരിയിൽ വളരെ കുറവാണ്. ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങൾക്കെല്ലാം സ്കൂളുകളുള്ളതിനാൽ ഈ വിഭാഗത്തിൽപെട്ട കുട്ടികളൊന്നും ഇന്ത്യൻ സ്കൂളുകളിൽ പ്രവേശനത്തിന് എത്തിയിട്ടില്ല.
ഒമാനിലെ എല്ലാ ഇന്ത്യൻ സ്കൂളുകളിലും അടുത്ത മാസം ആദ്യ ആഴ്ച മുതൽ നേരിട്ടുള്ള ക്ലാസുകൾ നടക്കും. എല്ലാ ഇന്ത്യൻ സ്കൂളുകളിലും നേരിട്ടുള്ള ക്ലാസുകൾ നടത്താനുള്ള ഒരുക്കങ്ങൾ തുടരുകയാണ്. ഇതോടെ, രണ്ടുവർഷമായി ഉറങ്ങിക്കിടക്കുന്ന കളിമുറ്റങ്ങൾ ഉണരാൻ തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.