മസ്കത്ത്: തലസ്ഥാന നഗരിയിലെ ഏഴ് ഇന്ത്യൻ സ്കൂളുകളിലേക്കുള്ള രണ്ടാം ഘട്ട അപേക്ഷ മാർച്ച് 20 മുതൽ നടക്കും. നേരത്തെ ഇത് 18ന് നടക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ, ചില സാങ്കേതിക കാരണങ്ങളാൽ 20ലേക്ക് നീട്ടുകയായിരുന്നുവെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഒന്ന് മുതൽ ഒമ്പതുവരെയുള്ള ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് www.indianschoolsoman.com വെബ്സൈറ്റിൽ നൽകിയ പ്രത്യേക പോർട്ടലിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഓരോ സ്കൂളുകളിലെ സീറ്റ് ലഭ്യതക്കനുസരിച്ചുള്ള പുതിയ ഒഴിവുകളും സൈറ്റിൽനിന്ന് മനസ്സിലാക്കാൻ സാധിക്കും. ഇന്ത്യക്കാരല്ലാത്തവർക്കും പ്രവേശനം നൽകും. ഓരോ സ്കൂളുകളുടെയും സീറ്റ് ലഭ്യതക്കനുസരിച്ചായിരിക്കും പ്രവേശനം ലഭിക്കുക.
മസ്കത്ത്, ദാർസൈത്ത്, വാദികബീർ, സീബ്, ഗൂബ്ര, മബേല, ബൗശർ എന്നീ ഇന്ത്യൻ സ്കൂളുകളിലേക്കാണ് ഓൺലൈൻ രജിസ്ട്രേഷൻ സൗകര്യമുള്ളത്. പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾക്കുള്ള പ്രവേശനം ഇന്ത്യൻ സ്കൂൾ മസ്കത്ത് പരിസരത്ത് സ്ഥിതി ചെയ്യുന്ന കെയർ ആൻഡ് സ്പെഷ്യൽ എജുക്കേഷനിൽ (സി.എസ്.ഇ) ലഭ്യമാണ്. പ്രവേശനത്തിനായി രക്ഷിതാക്കൾക്ക് നേരിട്ട് സി.എസ്.ഇ അഡ്മിനിസ്ട്രേഷനെ സമീപിക്കാം. വെബ്സൈറ്റ്: www.cseoman.com. 2023 ഏപ്രിൽ ഒന്നിന് മൂന്ന് വയസ്സ് പൂർത്തിയായ കുട്ടികൾക്കായിരിക്കും കിന്റർഗാർട്ടൻ പ്രവേശനത്തിന് അർഹതയുണ്ടാകുക.
ആദ്യഘട്ട അപേക്ഷകരുടെ നറുക്കെടുപ്പ് മാർച്ച് മൂന്നിന് നടന്നിരുന്നു. ഇതിന്റെ നടപടികൾ പൂർത്തിയാക്കിയാണ് രണ്ടാംഘട്ട അപേക്ഷകൾക്കായി ഓൺലൈൻ പോർട്ടൽ വീണ്ടും തുറക്കുന്നത്. ആദ്യഘട്ടത്തിൽ 3543 പേർക്കാണ് സീറ്റ് ലഭിച്ചത്. 72 ശതമാനം അപേക്ഷകർക്കും അവർ ആദ്യ ചോയ്സായി നൽകിയ സ്കൂൾതന്നെ ലഭിക്കുകയും ചെയ്തു. ഇന്ത്യൻ സ്കൂളുകളുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അവതരിപ്പിച്ച ഓൺലൈൻ രജിസ്ട്രേഷനോടുകൂടിയ കേന്ദ്രീകൃത പ്രവേശന സംവിധാനം പ്രവേശന പ്രക്രിയ സുഗമമാക്കിയെന്നും ഇത് രക്ഷിതാക്കൾക്ക് ഉപകാരപ്രദമായെന്നും ഇന്ത്യൻ സ്കൂൾ ബോർഡ് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.