മസ്കത്ത്: അടുത്ത മാസം 21ന് നടക്കുന്ന ഇന്ത്യൻ സ്കൂളുകളെ നിയന്ത്രിക്കുന്ന ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് തെരഞ്ഞെടുപ്പ് രംഗം സജീവമാവുന്നു. ഒമാനിലെ ഇന്ത്യൻ സ്കൂളുകളെ നിയന്ത്രിക്കുന്ന സ്കൂൾ ഡയറക്ടർ ബോർഡിലേക്ക് മത്സരിക്കാനും വോട്ട് ചെയ്യാനുമുള്ള അവകാശം മസ്കത്ത് ഇന്ത്യൻ സ്കൂൾ രക്ഷിതാക്കൾക്കു മാത്രമാണുള്ളത്. മസ്കത്ത് ഇന്ത്യൻ സ്കൂളിൽ 5500 രക്ഷിതാക്കളാണുള്ളത്. ഇവരുടെ പേരുവിവരങ്ങൾ ഇന്ത്യൻ സ്കൂൾ നോട്ടീസ് ബോർഡിൽ പതിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 26നാണ് വോട്ടേഴ്സ് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ഈ മാസം ഒന്നു മുതൽ മത്സരിക്കുന്നവരുടെ നാമനിർദേശ പത്രിക സമർപ്പിക്കാൻ തുടങ്ങിയിരുന്നു. ഈ മാസം 16 ഉച്ചക്ക് ഒരു മണിവരെ പത്രിക സമർപ്പിക്കാനാവും.
സൂക്ഷ്മപരിശോധനക്കുശേഷം 22ന് സ്ഥാനാർഥികളുടെ പട്ടിക പ്രസിദ്ധീകരിക്കും. അടുത്ത മാസം നാലുവരെ പത്രിക പിൻവലിക്കാൻ അവസരമുണ്ടാവും. അഞ്ചിന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ സ്ഥാനാർഥികളുടെ പേരുവിവരങ്ങൾ ലഭ്യമാവും. സ്ഥാനാർഥികളുടെ പ്രൊഫൈൽ രക്ഷിതാക്കൾക്ക് ഇ -മെയിൽ വഴി അയച്ചുകൊടുക്കും. രക്ഷിതാക്കളിൽ ഒരാൾക്കു മാത്രമായിരിക്കും വോട്ടവകാശം. വോട്ടിനെത്തുന്നവർ വോട്ട് ചെയ്യുന്ന വ്യക്തിയുടെ റെസിഡന്റ് കാർഡും വിദ്യാർഥിയുടെ സ്കൂൾ രജിസ്ട്രേഷൻ നമ്പറും കൊണ്ടുവരണം.
പത്തോളം സ്ഥാനാർഥികൾ മത്സര രംഗത്ത് ഉള്ളതായി അറിയുന്നു. മലയാളികളെ പ്രതിനിധാനം ചെയ്ത് അഞ്ചു സ്ഥാനാർഥികളെങ്കിലും നാമനിർദേശ പത്രിക സമർപ്പിക്കാൻ സാധ്യതയുണ്ട്. ഇതിൽ ചില സ്ഥാനാർഥികളുടെ പേരുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കാനും തുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളിൽ മത്സര രംഗം കൂടുതൽ സജീവമാവും. നിലവിലെ ബോർഡിൽ രണ്ടു മലയാളി അംഗങ്ങളാണുള്ളത്.
മത്സരാർഥികളിൽനിന്ന് അഞ്ചു മെംബർമാരെയാണ് ബോർഡിലേക്ക് തെരഞ്ഞെടുക്കുക. തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്ന അഞ്ചുപേർ ബോർഡ് അംഗങ്ങളാവും. ഇവരിൽനിന്നാണ് ഡയറക്ടർ ബോർഡ് ചെയർമാനെ തെരഞ്ഞെടുക്കുക. അൽ ഗുബ്റ ഇന്ത്യൻ സ്കൂളിന്റെയും വാദികബീർ ഇന്ത്യൻ സ്കൂളിന്റെയും രണ്ടുവീതം പ്രതിനിധികളും ഇന്ത്യൻ എംബസിയുടെ പ്രതിനിധിയും ബോർഡിലുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.