മസ്കത്ത്: തണുപ്പുകാല അവധിക്കുശേഷം ഒമാനിലെ ഇന്ത്യൻ സ്കൂളുകൾ തുറക്കുന്നു. തലസ്ഥാനനഗരിയിലെ പല സ്കൂളുകളും വർഷാരംഭത്തോടെതന്നെ തുറന്നുകഴിഞ്ഞു. ഇന്ത്യൻ സ്കൂൾ മസ്കത്ത്, ദാർസൈത്ത്, മാബേല, സീബ്, ബോഷർ എന്നിവയാണ് തുറന്നുപ്രവർത്തിച്ചത്. ഇന്ത്യൻ സ്കൂൾ അൽഗുബ്റ, വാദീകബീർ എന്നിവ തുറന്നുപ്രവർത്തിച്ചിട്ടില്ല. ഈ രണ്ടു സ്കൂളുകളും അടുത്ത ആഴ്ചയിലാണ് തുറക്കുക. പല സ്കൂളുകളും വീണ്ടും ഓൺലൈൻ ക്ലാസുകളിലേക്കു നീങ്ങി. കുട്ടികൾക്ക് വാക്സിനേഷൻ പൂർത്തിയായില്ല എന്ന കാരണം പറഞ്ഞാണ് സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്കു നീങ്ങുന്നത്. മസ്കത്ത് ഇന്ത്യൻ സ്കൂളിൽ താഴ്ന്ന ക്ലാസുകളിലെ കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകളാണ് നടത്തുന്നത്. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും ഓൺലൈൻ ക്ലാസുകളിലേക്കു നീങ്ങുന്നതെന്നാണ് സ്കൂൾ സർക്കുലറുകളിലുള്ളത്. നിലവിൽ മുതിർന്ന കുട്ടികൾക്കാണ് പല സ്കൂളുകളിലും നേരിട്ടുള്ള ക്ലാസുകൾ നടക്കുന്നത്.
അതിനിടെ ഫീസ് വർധനയുമായി ചില സ്കൂളുകളും രംഗത്തുണ്ട്. വാദീ കബീർ ഇന്ത്യൻ സ്കൂൾ ട്യൂഷൻ ഫീസ് ഇനത്തിൽ രണ്ട് റിയാൽ വർധിപ്പിച്ചു.
ഇത് ഒരു കുട്ടിക്ക് വർഷത്തിൽ 24 റിയാലിന്റെ അധിക ചെലവാണ് ഉണ്ടാക്കുന്നത്. നിലവിലെ പ്രയാസകരമായ അവസ്ഥയിൽ സ്കൂൾ അധികൃതർ ഫീസ് വർധിപ്പിക്കുന്നത് രക്ഷിതാക്കളുടെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ഫീസ് വർധന അംഗീകരിക്കാൻ കഴിയില്ലെന്നാണ് രക്ഷിതാക്കൾ പറയുന്നത്. സ്കൂൾ തുറക്കുന്നതോടെ പ്രതിഷേധം ശക്തമാവുമെന്ന് കരുതുന്നു. കോവിഡ് പ്രതിസന്ധി കാരണം വ്യാപാര, വാണിജ്യ മേഖല അടക്കം എല്ലാ മേഖലയും വൻ തിരിച്ചടി നേരിടുന്ന സാഹചര്യത്തിൽ ഫീസ് വർധന അംഗീകരിക്കാൻ കഴിയില്ലെന്നാണ് രക്ഷിതാക്കൾ പറയുന്നത്. നിലവിലെ ഫീസുപോലും അടക്കാൻ പ്രയാസപ്പെടുകയാണെന്നും ഫീസിളവാണ് നിലവിലെ സാഹചര്യത്തിൽ ആവശ്യമെന്നും രക്ഷിതാക്കൾ പറയുന്നു.
സാമ്പത്തിക പ്രതിസന്ധി കാരണം കുട്ടികളെ നാട്ടിൽ ചേർക്കേണ്ട അവസ്ഥയാണെന്നും പറയുന്നു. ഓൺലൈൻ ക്ലാസിലേക്കു നീങ്ങുന്ന സാഹചര്യത്തിൽ സ്കൂൾ ഫീസുകൾ കുറക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. ഫീസ് വർധനയുമായി മുന്നോട്ടുപോവുകയാണെങ്കിൽ കുട്ടികളെ സ്കൂളുകളിൽനിന്ന് പിൻവലിക്കുമെന്നും നാട്ടിലെ സ്കൂളുകളിൽ ചേർക്കുമെന്നും ചില രക്ഷിതാക്കൾ പറയുന്നു.
സാമ്പത്തിക പ്രതിസന്ധി വർധിച്ചതോടെ നിരവധി രക്ഷിതാക്കൾ അടുത്ത അധ്യയനവർഷത്തോടെ കുട്ടികളെ നാട്ടിലയക്കാനും ആലോചിക്കുന്നുണ്ട്. ഏതായാലും നിലവിലെ സാമ്പത്തിക പ്രതിസന്ധിയും കുട്ടികളുടെ കൊഴിഞ്ഞുപോക്കും ചില ഇന്ത്യൻ സ്കൂളുകളെ പ്രതികൂലമായി ബാധിക്കും. അടുത്ത ഏപ്രിലോടെ ഇതുസംബന്ധമായ ചിത്രം തെളിയും. ഒമാനിൽ നിലവിൽതന്നെ ചില ഇന്ത്യൻ സ്കൂളുകൾ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.