മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ മാനേജ്മെന്റ് കമ്മിറ്റി തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടക്കും. സോഷ്യൽ ക്ലബിന്റെ മൾട്ടി പർപ്പസ് ഹാളിൽ വൈകീട്ട് ആറു മുതൽ രാത്രി ഒമ്പതു വരെയായിരിക്കും വോട്ടെടുപ്പ്. ഫലപ്രഖ്യാപനവും വെള്ളിയാഴ്ച നടക്കും. വോട്ടെടുപ്പിനുള്ള എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായതായി ബന്ധപ്പെട്ടവർ അറിയിച്ചു. 12 അംഗ ഭരണസമിതിയിലേക്ക് 13 പേരാണ് മത്സരരംഗത്തുള്ളത്.
ആകെ 17 പേരായിരുന്നു നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നത്. ഇതിൽ മൂന്നാളുകൾ പത്രിക പിൻവലിക്കുകയും വനിത സ്ഥാനത്തേക്ക് എതിരില്ലാതെ മറിയം ചെറിയാൻ തിരഞ്ഞെടുക്കുകയുമായിരുന്നു. ഡോ. സതീഷ് നമ്പ്യാർ നയിക്കുന്ന പാനലിൽ ബാബു രാജേന്ദ്രൻ, സി.എം. സർദാർ, ഗോവിന്ദ് നെഗി, ഷാജി അബ്രഹാം, സഞ്ജിത്ത് കനോജിയ, കെ.എം. ഷക്കീൽ, പി.ടി.കെ ഷമീർ, സുഹൈൽ ഖാൻ, എസ്.ഡി.ടി പ്രസാദ്, വിത്സൻ ജോർജ് എന്നിവരാണുള്ളത്. സ്വതന്ത്രരായി മാത്യു പി. തോമസും ഹരിദാസും മത്സരരംഗത്തുണ്ട്.
മെംബർമാരായ 248 പേർക്കാണ് വോട്ടവകാശമുള്ളത്. ഒരംഗത്തിന് 12 വോട്ടാണുണ്ടാകുക. 13ാമത് വോട്ട് രേഖപ്പെടുത്തിയാൽ അത് അസാധുവായി കണക്കാക്കും. തെരഞ്ഞെടുക്കപ്പെടുന്ന 12 പേരിൽനിന്നാകും പിന്നീട് ചെയർമാൻ, ജനറൽ സെക്രട്ടറി, ട്രഷറർ തുടങ്ങിയ സ്ഥാനങ്ങൾ തീരുമാനിക്കുക. സൂർ, സലാല, സുഹാർ എന്നിവിടങ്ങളിൽ ബ്രാഞ്ചുകളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.