മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം ഓണാഘോഷം വിപുലമായ പരിപാടികളോടെ നടന്നു. ഇന്ത്യൻ അംബാസഡർ അമിത് നാരംഗ് ഉദ്ഘാടനം ചെയ്തു. ഓണസദ്യയിൽ സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള 2500ലേറെ പേർ പങ്കെടുത്തു.
വൈകിട്ട് ആറ് മണി മുതൽ അൽ ഫലാജ് ഗ്രാന്റ് ഹാളിൽ തിച്ചൂർ സുരേന്ദ്രന്റെ നേതൃത്വത്തിൽ മസ്കത്ത് പഞ്ചവാദ്യസംഘം അവതരിപ്പിച്ച പഞ്ചവാദ്യത്തോടെ കലാപരിപാടികൾക്ക് തുടക്കമായി.
കേരള വിഭാഗം കലാകാരൻമാർ അവതരിപ്പിച്ച വിവിധ നൃത്തപരിപാടികൾ അരേങ്ങേറി, പിന്നണി ഗായകനും സംഗീത സംവിധായകനുമായ രതീഷ് കുമാർ, സ്റ്റാർ സിംഗർ ജൂനിയർ സീസൺ 3 വിജയി പല്ലവി രതീഷ് എന്നിവർ അവതരിപ്പിച്ച സംഗീതനിശ പരിപാടിയുടെ പ്രധാന ആകർഷകമായി.
സാംസ്കാരിക സമ്മേളനത്തിൽ കേരള വിഭാഗം കൺവീനർ സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. ഭാരത് സേവക് സമാജിന്റെ പ്രവാസലോകത്തെ നാടക പ്രവർത്തനങ്ങൾക്കുള്ള അവാർഡ് നേടിയ അൻസാർ മാസ്റ്റർ, പഞ്ചവാദ്യം കലാകാരന്മാരായ തിച്ചൂർ സുരേന്ദ്രൻ, മനോഹരൻ ഗുരുവായൂർ, ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവലിലെ നൃത്തങ്ങൾക്ക് കൊറിയോഗ്രാഫി ചെയ്ത ആർ.എൽ.ബി ബാബു മാസ്റ്റർ, ശ്രീകല ടീച്ചർ, മൈഥിലി ദേവി എന്നിവരെ അനുമോദിച്ചു.
ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ ചെയർമാൻ ബാബു രാജേന്ദ്രൻ, ജനറൽ സെക്രട്ടറി ഷക്കീൽ കോമോത്ത്, പ്രവാസി ക്ഷേമനിധി ബോർഡ് അംഗം വിൽസൻ ജോർജ്, പ്രശസ്ത സാമൂഹികക്ഷേമ പ്രവർത്തകൻ ബാലകൃഷ്ണൻ കുനിമ്മൽ, ഇന്ത്യൻ സ്കൂൾ ബോർഡ് മെംബർ നിധീഷ് കുമാർ എന്നിവർ സംസാരിച്ചു.
കേരള വിഭാഗം കോ കൺവീനർ കെ.വി. വിജയൻ സ്വാഗതം പറഞ്ഞു. സാമൂഹിക ക്ഷേമ മന്ത്രാലയം പ്രതിനിധി ഷബീബ് ഷമീസ് മൂസ അൽ സദ്ജാലി സന്നിഹിതനായിരുന്നു. കേരള വിഭാഗം സംഘടിപ്പിച്ച വിവിധ പരിപാടികളുടെ സമ്മാനവിതരണവും ചടങ്ങിൽ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.