മസ്കത്ത്: ഒമാൻ ആരോഗ്യമന്ത്രാലയവുമായി സഹകരിച്ച് ഇന്ത്യൻ പ്രവാസികൾക്ക് വാക്സിൻ നൽകാൻ ഇന്ത്യൻ സോഷ്യൽ ക്ലബ് ഒരുങ്ങി. ക്ലബ് അംഗങ്ങൾക്ക് ആദ്യഘട്ടത്തിൽ കുത്തിവെപ്പ് നൽകും. ഇതിനായി 1300 ഫൈസർ വാക്സിനുകൾ ബുക്ക് ചെയ്തിട്ടുണ്ടെന്ന് ക്ലബ് ചെയർമാൻ ഡോ. സതീഷ് നമ്പ്യാർ അറിയിച്ചു.
രാജ്യത്ത് കൂടുതൽ വാക്സിൻ ലഭ്യമാകുന്നതിനനുസരിച്ച് കൂടുതൽ പേർക്ക് കുത്തിവെപ്പിന് സൗകര്യമൊരുക്കും. ഫൈസറും ആസ്ട്രസെനകയും നൽകുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും നിലവിൽ ലഭ്യത പരിഗണിച്ച് ഫൈസർ മാത്രമാണ് നൽകുക എന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യവകുപ്പ് നിശ്ചയിച്ച വിലതന്നെയാണ് ക്ലബ് അംഗങ്ങൾക്കും ബാധകമാവുക. ഫൈസറിന് 20 റിയാലും കുത്തിവെപ്പ് െചലവ് മൂന്ന് റിയാലുമാണ് നൽകേണ്ടിവരുക. രണ്ട് ഡോസിനും ചേർന്ന് 46 റിയാലാണ് നൽകേണ്ടത്. നിലവിൽ ലഭ്യമായ വാക്സിന് ബുക്കിങ് പൂർത്തിയായിട്ടുണ്ട്. കൂടുതൽ ലഭ്യമാകുന്നതിന് അനുസരിച്ച് മറ്റുള്ളവർക്കുകൂടി നൽകും. കൂടുതലായി ലഭിക്കുന്ന വാക്സിൻ ക്ലബ് അംഗങ്ങളല്ലാത്ത ഇന്ത്യൻ പ്രവാസികൾക്കും നൽകും.
വേഗത്തിൽ വാക്സിൻ ലഭ്യമാക്കാൻ ഉദ്ദേശിച്ചാണ് പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചതെന്ന് അധികൃതർ അറിയിച്ചു. നിലവിൽ അനുകൂല പ്രതികരണമാണ് സമൂഹത്തിൽനിന്ന് ലഭിച്ചതെന്നും ജൂണിൽ കുത്തിവെപ്പുകൾ ആരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ബുക്ക് ചെയ്യുന്നവരുടെ ക്രമത്തിലാണ് വാക്സിൽ നൽകുക. സീബിലെ മെഡിക്കൽ സെൻററിലാണ് ഇതിനായി സൗകര്യമൊരുക്കുന്നത്.
ദർസേത്തിൽ സൗകര്യമൊരുക്കാൻ ശ്രമിച്ചിരുന്നെങ്കിലും ശ്രമകരമായതിനാലാണ് സീബിലേക്ക് മാറ്റിയത്. വാക്സിനേഷനെ കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് ഇന്ത്യൻ സോഷ്യൽ ക്ലബ് ഓഫിസ് നമ്പറായ 24701347ലേക്ക് ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.