മസ്കത്ത്: ഡെങ്കിപ്പനിയടക്കം പകർച്ചവ്യാധികൾ പരത്തുന്ന ഈഡിസ് ഈജിപ്തി കൊതുകിനെ തുരത്താനുള്ള കാമ്പയിനുമായി ആരോഗ്യമന്ത്രാലയം. മസ്കത്ത് മുനിസിപ്പാലിറ്റിയുടെയും ഒമാൻ എൻവയൺമെന്റൽ സർവിസ് ഹോൾഡിങ് കമ്പനിയുടെയും (ബീഅ) പങ്കാളിത്തത്തോടെയാണ് തലസ്ഥാന നഗരിയായ മസ്കത്തിൽ കാമ്പയിൻ നടത്തുന്നത്.
ഗവർണറേറ്റിലെ സീബ് വിലായത്തിൽ ഈഡിസ് ഈജിപ്തി കൊതുകുകളുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് കാമ്പയിൻ ആരംഭിച്ചതെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. കൊതുകുകളുടെ ആവാസവ്യവസ്ഥ, പ്രജനന കേന്ദ്രങ്ങൾ എന്നിവ ഫീൽഡ് ടീമുകൾ പരിശോധിക്കും. അടുത്തമാസം 12 വരെ തുടരുന്ന കാമ്പയിനിൽ മവേല സെൻട്രൽ ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾസ് മാർക്കറ്റ്, സീബ് മാർക്കറ്റ്, മബേല നോർത്ത് എന്നീ പ്രദേശങ്ങളാണ് ഉൾപ്പെടുന്നത്.
കൊതുകിന്റെ വ്യാപനം തടയാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടു. വാട്ടർ ടാങ്കുകൾ നന്നായി മൂടുക, വൃത്തിയാക്കുക, എയർ കണ്ടീഷണറുകളിൽനിന്നുള്ള വെള്ളം നീക്കംചെയ്യുക, ജലധാരകൾ, നീന്തൽക്കുളങ്ങൾ, കാർഷിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ജലസംഭരണികൾ എന്നിവയുടെ വെള്ളം അഞ്ച് ദിവസം കൂടുമ്പോൾ മാറ്റാൻ തയാറാകണമെന്നും അധികൃതർ ആവശ്യപ്പെട്ടു. മൃഗങ്ങൾക്കും പക്ഷികൾക്കും വേണ്ടിയുള്ള ജലപാത്രങ്ങൾ അഞ്ച് ദിവസം കൂടുമ്പോൾ മാറ്റണമെന്നും നിർദേശിച്ചു. ഉപയോഗിച്ച ടയറുകൾ, ഒഴിഞ്ഞ കാനുകൾ, കേടായ വീട്ടുപകരണങ്ങൾ എന്നിവ ശരിയായ രീതിയിൽ സംസ്കരിക്കുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.