മസ്കത്ത്: അന്തർദേശീയ നിലവാരമുള്ളതും ആധുനിക സജ്ജീകരണങ്ങളോടും കൂടിയ ആദ്യത്തെ ഇൻഡോർ ബാഡ്മിൻറൺ കോർട്ട് മസ്കത്തിൽ പ്രവർത്തനമാരംഭിച്ചു. ഗാലയിലെ അൽ നാദ ടവറിന് എതിർവശത്താണ് കോർട്ട്. ഒമാൻ ബാഡ്മിൻറൺ കമ്മിറ്റിയുടെ അംഗീകാരത്തോടെ മസ്കത്ത് ബാഡ്മിൻറൺ ക്ലബിന് കീഴിലാണ് കോർട്ടുകൾ പ്രവർത്തിക്കുന്നത്.
ഒമാൻ ബാഡ്മിൻറൺ കമ്മിറ്റി ചെയർമാൻ ഡോ. ബദ്രിയ അൽ അദാബി കോർട്ടിെൻറ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. മസ്കത്ത് ഒമാൻ ബാഡ്മിൻറൺ ക്ലബ് ചെയർമാൻ മുഹമ്മദ് ജവാദ് അധ്യക്ഷത വഹിച്ചു. ഒമാൻ ബാഡ്മിൻറൺ കമ്മിറ്റിയുടെ വിവിധ പ്രതിനിധികൾ, പൗര പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടനത്തിനു ശേഷം മസ്കത്ത് നഗരത്തിലെ പ്രമുഖ കളിക്കാരുടെ മത്സരവും ഉണ്ടായിരുന്നു.
അന്തർദേശീയ നിലവാരമുള്ള കോർട്ട് പൂർണമായും ശീതീകരിച്ചതാണ്. കോർട്ടിെൻറ പ്രതലം പൂർണമായും വിദേശത്തുനിന്നും ഇറക്കുമതി ചെയ്തതാണ്. ജിംനേഷ്യം സൗകര്യത്തോടൊപ്പം എല്ലാ വിധ സുരക്ഷ സജ്ജീകരണവും ഒരുക്കിയിട്ടുണ്ട്.
പുലർച്ചെ അഞ്ചു മുതൽ രാത്രി പന്ത്രണ്ടു വരെയാണ് പ്രവർത്തന സമയം. സ്ത്രീകൾക്ക് പ്രത്യേക സമയ പട്ടികകൾ ഉണ്ട്. അതോടൊപ്പം അംഗീകൃത കോച്ചിങ് സർട്ടിഫിക്കറ്റ് ഉള്ള കോച്ചുമാരുടെ സേവനവും ലഭ്യമാണ്.
ഇതിനു പുറമെ ഒമാൻ ബാഡ്മിൻറൺ കമ്മിറ്റിയുടെ സഹകരണത്തോടെ വിവിധ ടൂർണമെൻറുകളും സംഘടിപ്പിക്കും. ദേശീയ-അന്തർദേശീയ കളിക്കാരുമായി സംവദിക്കാനുള്ള അവസരവും ഇവിടെ ഒരുക്കും.
മസ്കത്തിൽ ഇത്തരത്തിലുള്ള കോർട്ടിനായി വർഷങ്ങളുടെ കാത്തിരിപ്പാണുണ്ടായതെന്നും പ്രതിസന്ധി സമയത്തു ഇങ്ങനെ സൗകര്യം ഒരുക്കിയ ഭാരവാഹികളെ അഭിനന്ദിക്കുന്നുവെന്നും ഇവിടെ കളിക്കാനെത്തിയവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.