മസ്കത്ത്: മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേളക്ക് വ്യാഴാഴ്ച തിരിതെളിയും. ഒമാൻ എക്സിബിഷൻ ആൻഡ് കൺവെൻഷനിൽ നടക്കുന്ന മേളയുടെ എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു. ഉന്നതതല മന്ത്രിമാരുടെയും ഔദ്യോഗിക പ്രതിനിധികളുടെയും സാന്നിധ്യത്തിൽ സാംസ്കാരിക, കായിക, യുവജന വകുപ്പ് മന്ത്രി സയ്യിദ് തെയാസിൻ ബിൻ ഹൈതം അൽ സഈദ് ഉദ്ഘാടനം ചെയ്യും. മാർച്ച് അഞ്ചിനാണ് മേളയുടെ സമാപനം. കോവിഡ് പശ്ചാത്തലത്തിൽ കനത്ത സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചാണ് പരിപാടി നടത്തുന്നത്. രണ്ട് ഡോസ് വാക്സിനടക്കമെടുത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചെത്തുന്നവർക്ക് മാത്രമായിരിക്കും മേളയിലേക്ക് പ്രവേശനം അനുവദിക്കുക.
27 രാഷ്ട്രങ്ങളില്‍നിന്നുള്ള 715 പ്രസാധകരാണ് ഇത്തവണ മേളയുടെ ഭാഗമാകുന്നത്. 2020ൽ 946 പ്രസാധകരായിരുന്നു പങ്കെടുത്തിരുന്നത്. 1992ൽ ആരംഭിച്ച മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേളയുടെ 26ാമത് പതിപ്പാണ് നടക്കാൻ പോകുന്നത്. പുതിയ പുസ്തകങ്ങളും മേളയോട് അനുബന്ധിച്ച് പുറത്തിറങ്ങും. അറബി, ഇംഗ്ലീഷ്, മലയാളം തുടങ്ങി വിവിധ ഭാഷകളിലുള്ള പുസ്തകങ്ങളാണ് മേളയിൽ സജ്ജീകരിച്ചിരിക്കുന്നത്. പ്രത്യേക ഡിസ്കൗണ്ടുകളും പുസ്തകങ്ങൾക്ക് ഒരുക്കിയിട്ടുണ്ട്. സാംസ്കാരിക പരിപാടികളും അരങ്ങേറും. 60 പരിപാടികളിൽ 29 എണ്ണവും തെക്കൻ ശർഖിയ ഗവർണറേറ്റിൽ നിന്നുള്ളവയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.