മസ്കത്ത്: ഒമാൻ ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും രണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രമേള ഡിസംബർ നാലുമുതൽ ആറുവരെ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. സിനിമാ ലോകത്ത് ഒമാനി സ്ത്രീകളെ പ്രോത്സാഹിപ്പിക്കുക, കുട്ടികൾക്കായി ഒരു സമർപ്പിത ഫിലിം ഫെസ്റ്റ് സംഘടിപ്പിക്കുക, പുതിയ പ്രതിഭകളെ കണ്ടെത്തുക, സിനിമ നിർമാണം, വിനോദസഞ്ചാരം, കലകൾ എന്നിവയുടെ പ്രധാന ലക്ഷ്യസ്ഥാനമായി ഒമാനെ പ്രദർശിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള സുപ്രധാന പരിപാടിയാണ് ഫെസ്റ്റിവൽ. വ്യത്യസ്ത സംസ്കാരങ്ങളിലുടനീളം സമൂഹത്തിലെ സ്ത്രീകളുടെ റോളുകൾ കാണിക്കുന്ന ചിത്രങ്ങൾ പ്രദർശിപ്പിക്കുമെന്ന് ഫെസ്റ്റിവൽ ഡയറക്ടർ ഖിതം അൽ സഈദ് പറഞ്ഞു.
കൂടാതെ, കുട്ടികളുടെ സിനിമക്കായി ഒരു ഇടം സൃഷ്ടിക്കാൻ ഫെസ്റ്റിവൽ ശ്രമിക്കുന്നുണ്ടെന്നും ഖിതം പറഞ്ഞു. ഈ വർഷം 14 രാജ്യങ്ങളിൽനിന്ന് 85 എൻട്രികളായിരുന്നു ലഭിച്ചത്. 39 എണ്ണമാണ് തിരഞ്ഞെടുത്തത്. 31 ഫീച്ചർ ഫിലിമുകളും എട്ട് ഡോക്യുമെന്ററികളുമാണുള്ളത്. മികച്ച ഇന്റർനാഷനൽ ഫീച്ചർ ഫിലിം, മികച്ച ഒമാനി ഫീച്ചർ ഫിലിം, മികച്ച തിരക്കഥ, പ്രത്യേക ജൂറി അവാർഡ് തുടങ്ങിയ വിഭാഗങ്ങളിലെ അവാർഡുകൾക്കായി ഫീച്ചർ ഫിലിമുകൾ മത്സരിക്കും. മികച്ച അന്താരാഷ്ട്ര ഡോക്യുമെന്ററി ഫിലിം, മികച്ച ഒമാനി ഡോക്യുമെന്ററി ഫിലിം, മികച്ച തിരക്കഥ, പ്രത്യേക ജൂറി അവാർഡ് എന്നിവ ഡോക്യുമെന്ററി ഇനത്തിലും നൽകും.
ഫീച്ചർ ഫിലിമുകൾക്കായുള്ള ജൂറി പാനലിൽ യു.എ.ഇയിൽനിന്ന് സംവിധായകൻ നുജൂം അൽ ഗാനേം, സൗദി അറേബ്യയിൽനിന്ന് സംവിധായിക ഐഷ അൽ റിഫായി, ഒമാനിൽനിന്ന് ആർട്ടിസ്റ്റ് നൂർ അൽ ഹുദ അൽ ഗമാരിയ എന്നിവരാണുള്ളത്. ഡോക്യുമെന്ററി ജൂറിയിൽ ഈജിപ്തിൽനിന്ന് സംവിധായകൻ മർവ അൽ ഷർഖാവി, ഒമാനിൽനിന്ന് ഡോ. അസ്സ അൽ ഖസ്സബിയ, ലോറ അൽ സിയാബിയ എന്നിവരുമാണ് ഉൾപ്പെട്ടിട്ടുള്ളത്. ഒമാൻ ഫിലിം സൊസൈറ്റി ആസ്ഥാനത്ത് നടക്കുന്ന മേളയുടെ ഉദ്ഘാടന ചടങ്ങിൽ സംവിധായിക മുസ്ന അൽ മുസാഫറിന്റെ ‘ക്ലൗഡ്സ്’ ചിത്രം പ്രദർശിപ്പിക്കും. ഫലസ്തീനിനായി സമർപ്പിച്ചിരിക്കുന്ന ഒരു പ്രത്യേക വിഭാഗവും മേളയിലുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.