മസ്കത്ത്: ഒമാന് വീണ്ടും അന്താരാഷ്ട്ര ടൂറിസം അവാർഡ്. ജർമനിയിലെ ഗോ ഏഷ്യയുടെ അറബ് മേഖലയിലെ മികച്ച ടൂറിസം ലക്ഷ്യസ്ഥാനത്തിനുള്ള പുരസ്കാരമാണ് ഒമാൻ നേടിയത്. ട്രാവൽ, ടൂറിസം മേഖലയിലെ വിദഗ്ധരുടെ സർവേയിലൂടെയാണ് ഒമാൻ തെരഞ്ഞെടുക്കപ്പെട്ടത്. ടൂറിസത്തിന് ഏറെ മുൻഗണന നൽകുന്ന രാജ്യമാണ് ഒമാനെന്നും അവർക്ക് ഉയർന്ന മുൻഗണനയാണ് തങ്ങൾ നൽകുന്നതെന്നും ജർമനിയിലെ ട്രാവൽ, ടൂറിസം ഏജൻസികളും മറ്റ് സ്ഥാപനങ്ങളും സംഘടനകളും സർവേയിൽ വ്യക്തമാക്കി. വിവിധ മേഖലകളിലുള്ള 3000 ടൂറിസം ഉദ്യോഗസ്ഥരാണ് സർവേയിൽ പെങ്കടുത്തത്. ബർലിനിലെ രാജ്യാന്തര ടൂറിസം മേളയുടെ ഭാഗമായി നടന്ന ചടങ്ങിൽ ഒമാൻ ടൂറിസം മന്ത്രി അഹമ്മദ് ബിൻ നാസർ അൽ മഹ്റസി അവാർഡ് ഏറ്റുവാങ്ങി. അടുത്തിടെ കോൺഡെനാസ്റ്റ് ട്രാവലർ മിഡിലീസ്റ്റ് മാസികയുടെ മികച്ച റോഡുയാത്ര ലക്ഷ്യസ്ഥാനത്തിനുള്ള അവാർഡ് ഒമാന് ലഭിച്ചിരുന്നു.
ഇത് മൂന്നാം തവണയാണ് ഗോഏഷ്യയുടെ പുരസ്കാരം ഒമാന് ലഭിക്കുന്നതെന്ന് ടൂറിസം മന്ത്രാലയത്തിലെ ഡയറക്ടർ ജനറൽ സാലിം ബിൺ അദായ് അൽ മഅ്മരി പറഞ്ഞു. ആദ്യതവണ മൂന്നാമത്തെ മികച്ച അറബ് ലക്ഷ്യസ്ഥാനമെന്ന പുരസ്കാരമാണ് ലഭിച്ചത്. അടുത്തതവണ രണ്ടാംസ്ഥാനവും ഇപ്പോൾ ഒന്നാമതുമെത്തി. ജർമനിയിലെ വിനോദ സഞ്ചാരമേഖലയിൽ പ്രവർത്തിക്കുന്നവർക്കിടയിൽ ഒമാനുള്ള സ്വീകാര്യതയാണ് ഇത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇൗ അവാർഡ് ട്രാവൽ ഏജൻസികൾക്കും ടൂറിസം കമ്പനികൾക്കും കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. മികച്ച ടൂറിസം ലക്ഷ്യ സ്ഥാനത്തിനൊപ്പം മികച്ച എയർലൈൻ, മികച്ച ടൂർ ഒാപറേറ്റർ എന്നീ വിഭാഗങ്ങളിലും ഗോഏഷ്യ ഫൗണ്ടേഷൻ അവാർഡുകൾ നൽകുന്നുണ്ട്. ഹോട്ടൽ സൗകര്യങ്ങളും ഇ-വിസയുമടക്കം പുതിയ കാൽവെപ്പുകളാണ് അവാർഡിന് അർഹമാക്കിയത്. അതിനിടെ, ഒമാൻ ടൂറിസം മന്ത്രി ജർമൻ ധന, ഉൗർജകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ഇരുരാജ്യങ്ങളും ടൂറിസം മേഖലയിൽ സഹകരണം മെച്ചപ്പെടുത്തുന്നതടക്കമുള്ള വിഷയങ്ങൾ ധാരണയിലെത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.