മസ്കത്ത്: ദീർഘദൂര ട്രയാത്ലൺ സീരീസിന്റെ ഭാഗമായുള്ള 'അയൺമാൻ 70.3'ക്ക് ശനിയാഴ്ച സലാല വേദിയാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 700ൽ അധികം അത്ലറ്റുകൾ മത്സരത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 1.9 കിലോമീറ്റർ നീന്തൽ, 90 കിലോമീറ്റർ സൈക്ലിങ്, 21.1 കിലോമീറ്റർ ഓട്ടം എന്നിങ്ങനെ മൂന്ന് മത്സരങ്ങൾ ഉൾക്കൊള്ളുന്നതാണ് 'അയൺമാൻ 70.3' സലാല. തെക്കൻ ഒമാനിലെ റിസോർട്ട് കോംപ്ലക്സായ ഹവാന സലാല ആതിഥേയത്വം വഹിക്കുന്ന 'അയൺമാൻ 70.3' സലാല' ഈ വർഷത്തെ ഏറ്റവും വലിയ കായിക ഇനമായി മാറുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടൽ. ട്രയാത്ത്ലൺ മിഡിൽ ഈസ്റ്റാണ് പരിപാടി സംഘടിപ്പിക്കുന്നത്. സ്ത്രീകളും കുട്ടികളും പങ്കെടുക്കുന്ന 'അയൺ ഗേൾസ്', 'അയൺ കിഡ്സ്' മത്സരങ്ങൾ വെള്ളിയാഴ്ച നടന്നു.
ഒമാനിലെ ഹവാന സലാല ടൂറിസം കോംപ്ലക്സിലേക്ക് മറ്റൊരു 'അയൺമാൻ സീരീസ്' കൊണ്ടുവരുന്നതിൽ അങ്ങേയറ്റം സന്തോഷമുണ്ടെന്ന് ട്രയാത്ത്ലൺ മിഡിൽ ഈസ്റ്റ് സി.ഇ.ഒ മുഹമ്മദ് ഉബൈദാനി പറഞ്ഞു. 'അയൺമാൻ 70.3' സലാല പതിപ്പ് സലാലയുടെയും ഒമാന്റെയും ടൂറിസം മേഖലകൾക്കും മറ്റും ഗണ്യമായ ഉത്തേജനം നൽകും. മത്സരിക്കുന്ന കായികതാരങ്ങൾക്ക് സലാലയുടെയും ദോഫാറിന്റെയും മനോഹരമായ സൗന്ദര്യവും ഒമാനി ജനതയുടെ ആതിഥ്യമര്യാദയും അനുഭവിക്കുന്നതിനുള്ള അവസരവും നൽകും. അടുത്തവർഷം ഫെബ്രുവരിയിൽ രാജ്യതലസ്ഥാനത്ത് നടക്കുന്ന 'അയൺമാൻ 70.3' മസ്കത്തിന്റെ രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷത്തെ ഏറ്റവും വലിയ കായിക മാമാങ്കം എന്ന നിലയിൽ, 'അയൺമാൻ 70.3' സലാല ഒമാന്റെ വളരുന്ന കായിക, സാഹസിക വിനോദസഞ്ചാര മേഖലക്ക് ഉത്തേജനം നൽകുമെന്നാണ് കരുതുന്നത്. അന്താരാഷ്ട്ര കായിക മത്സരങ്ങളുടെ ലക്ഷ്യസ്ഥാനമായി രാജ്യത്തെ അടയാളപ്പെടുത്താനും ഇതിലൂടെ സാധിക്കും.
മസ്കത്ത്: 'അയൺമാൻ 70.3'ന്റെ ഭാഗമായുള്ള മത്സരങ്ങൾ നടക്കുന്നതിനാൽ സലാലയിലെ വിവിധ റോഡുകളിൽ റോയൽ ഒമാൻ പൊലീസ് ശനിയാഴ്ച ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
സൈക്കിൾ റേസ് മത്സരം ഹവാന സലാല ഹോട്ടലിൽനിന്നാരംഭിച്ച് ഹംറാൻ റൗണ്ട് എബൗട്ടിലൂടെ കടന്ന് മിർബത്ത് റൗണ്ട് എബൗട്ടിലൂടെ എത്തും. തിരിച്ച് സ്റ്റാർട്ടിങ് പോയന്റിലേക്ക് മടങ്ങുകയും ചെയ്യും. അതിനാൽ രാവിലെ ആറുമുതൽ ഉച്ചക്ക് ഒന്നുവരെ ഈ പാതകളിൽ ഗതാഗതം ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഓട്ടമത്സരം നടക്കുന്നതിനാൽ ഹംറാൻ റൗണ്ട് എബൗട്ടിൽനിന്ന് ഹവാന സലാല ഹോട്ടലിൽനിന്നുമുള്ള റോഡ് രാവിലെ ആറുമുതൽ വൈകീട്ട് 3.30വരെ അടച്ചിടുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.