മസ്കത്ത്: തലസ്ഥാന നഗരത്തിന് ആവേശക്കാഴ്ചകൾ സമ്മാനിച്ച് ‘അയൺമാൻ 70.3’ ട്രയാത്ലൺ മത്സരങ്ങൾ ശനിയാഴ്ച നടക്കും. രാവിലെ മസ്കത്തിലെ ഷാത്തി അൽ ഖുറം ബീച്ചിൽനിന്ന് തുടങ്ങുന്ന മത്സരങ്ങൾ ഇവിടെതന്നെ സമാപിക്കുകയും ചെയ്യുന്ന രീതിയിലാണ് റൂട്ടുകൾ ക്രമീകരിച്ചിരിക്കുന്നത്. എല്ലാവിധ ഒരുക്കവും പൂർത്തിയായതായി സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 1.9 കി.മീ. നീന്തൽ, 90 കി.മീ. സൈക്ലിങ്, 21.1 കി.മീ. ഓട്ടം എന്നിങ്ങനെ മൂന്നു മത്സരങ്ങളാണ് ‘അയൺമാൻ 70.3’ൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം സാംസ്കാരിക, കായിക, യുവജന മന്ത്രാലയത്തിലെ കായിക-യുവജന വിഭാഗം അണ്ടർ സെക്രട്ടറി ബേസിൽ ബിൻ അഹമ്മദ് അൽ റവാസിന്റെ രക്ഷാകർതൃത്വത്തിൽ നടന്നു. ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ട്രയാത്ലണിന് ഒമാൻ വേദിയാകുന്നത് രാജ്യത്തിന്റെ പ്രശസ്തി വർധിപ്പിക്കുമെന്ന് ഇവന്റ്സ് ഡയറക്ടർ സാലിഹ് ബിൻ അലി അൽ ഖൈഫി പറഞ്ഞു. മസ്കത്തിന്റെ സമ്പന്നമായ സാംസ്കാരിക സൗന്ദര്യവും ആധുനിക സൗകര്യങ്ങളും പ്രദർശിപ്പിക്കാനും ഇത് സഹായിക്കും.
ആദ്യമായി ഒമാനിലേക്ക് എത്തുന്ന എല്ലാ കായികതാരങ്ങളെയും മനോഹരമായ തലസ്ഥാന നഗരത്തിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. ഷാത്തി ഖുറമിന് പുറമെ മസ്കത്തിന്റെ പ്രകൃതിഭംഗി വിളിച്ചോതുന്ന മനോഹരമായ പർവതത്തിലൂടെയും മരുഭൂമിയിലൂടെയും റൈഡർമാർ കടന്നുപോകും. മത്ര കോർണിഷ്, സൂഖ്, അൽ ആലം റോയൽ പാലസ്, റോയൽ ഓപറ ഹൗസ്, സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മോസ്ക് എന്നിവയുൾപ്പെടെ തലസ്ഥാനത്തെ ഹൈലൈറ്റ് ചെയ്യുന്ന തരത്തിലാണ് മത്സരത്തിന്റെ റൂട്ടുകൾ ക്രമീകരിച്ചിരിക്കുന്നത്.
മത്സരത്തിന് മുന്നോടിയായി വ്യാഴം, വെള്ളി ദിവസങ്ങളിൽ അയൺമാൻ എക്സ്പോ, റേസ് വില്ലേജ്, അയൺകിഡ്സ് തുടങ്ങിയ പരിപാടികൾ അരങ്ങേറും. മത്സരം കാണാൻ കൂടുതൽ ആളുകൾ എത്തുമെന്നാണ് സംഘാടകർ കണക്കുകൂട്ടുന്നത്. പൈതൃക വിനോദസഞ്ചാര മന്ത്രാലയം, സാംസ്കാരിക, കായിക, യുവജന മന്ത്രാലയം, മസ്കത്ത് മുനിസിപ്പാലിറ്റി, ഒമാൻ ട്രയാത്ലൺ കമ്മിറ്റി എന്നിവരുടെ പ്രതിനിധികൾ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.