മസ്കത്ത്: ഒമാനിലെ മൊത്തം ഇസ്ലാമിക് ബാങ്കുകളുടെ ആസ്തി 7.8 ശതകോടി റിയാലായി ഉയർന്നു. കഴിഞ്ഞ ദിവസം മസ്കത്തിൽ നടന്ന ആദ്യ ഇസ്ലാമിക് ബാങ്കിങ് സമ്മേളനത്തിലാണ് ഇതു സംബന്ധമായ അറിയിപ്പുണ്ടായത്. ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി ചെയർമാൻ അബ്ദുൽ സലാം ബിൻ മുഹമ്മദ് അൽ മുർഷിദിയാണ് യോഗത്തിൽ അധ്യക്ഷത വഹിച്ചത്.
2012ൽ ഇസ്ലാമിക് ബാങ്കിങ് ആരംഭിച്ചത് മുതൽ വൻ വളർച്ചയാണ് നേടിയതെന്ന് ഒമാൻ സെൻട്രൽ ബാങ്ക് സി.ഇ.ഒ റാഷിദ് അൽ ഗസസാനി പറഞ്ഞു. ഇസ്ലാമിക് ബാങ്കിങ്ങിന്റെ ആസ്തി ഓരോ വർഷവും 11 ശതമാനം വളരുകയാണ്. കഴിഞ്ഞ ജൂണിൽ മൊത്തം ആസ്തി 7.8 ശതകോടിയായി ഉയർന്നതായും അദ്ദേഹം പറഞ്ഞു. ഇത് ഒമാനിലെ മൊത്തം ബാങ്കിങ്ങിന്റെ 18 ശതമാനം ആണ്.
ബാങ്കിന്റെ പണം നൽകൽ 6.4 ശതകോടി റിയാലായി ഉയർന്നിട്ടുണ്ട്. ഇതിൽ ഓരോ വർഷവും 10.5 ശതമാനം വർധനയാണുള്ളത്. അതോടൊപ്പം നിക്ഷേപത്തിലും 15 ശതമാനം വർധനവുണ്ട്. ഒമാനിൽ മൊത്തം ഇസ്ലാമിക് ബാങ്കിന് 100 ശാഖകളാണുള്ളത്. ബാങ്കുകൾ മികച്ച സേവനങ്ങളാണ് നൽകുന്നത്. ഡിജിറ്റൽ പേമെന്റ് സംവിധാനവും ബാങ്ക് നടപ്പാക്കിയിട്ടുണ്ട്.
2024 മുതൽ 2030 കാലത്തേക്ക് ബാങ്ക് നിരവധി വികസനങ്ങൾ നടപ്പാക്കുന്നുണ്ട്. ഇസ്ലാമിക് ഫൈനാൻസ്, ചെറുകിട-ഇടത്തരം പദ്ധതികൾക്ക് സഹായം നൽകൽ എന്നിവ ഇതിൽ ഉൾപ്പെടും.
ചില സാധാരണ ബാങ്കുകളുടെ ശാഖകൾ ഇസ്ലാമിക് ബാങ്കായി മാറ്റുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഒമാനിൽ മറ്റു ജി.സി.സിയെക്കാൾ ഇസ്ലാമിക് ബാങ്കിങ്ങിന് വളർച്ചയുണ്ട്. ഒമാൻ ഇസ്ലാമിക് ബാങ്ക് വർഷത്തിൽ 88 പോയന്റ് വളർച്ചയാണ് കാണിക്കുന്നത്.
ബാങ്കിന്റെ കാര്യക്ഷമതയും ദീർഘകാലാടിസ്ഥാനത്തിലുള്ള സാമ്പത്തിക സ്ഥിരതയുമാണ് ഇതിന് കാരണം. സുഖൂഖ്, വഖ്ഫ് ഫണ്ട്, ഇസ്ലാമിക് സ്റ്റോക്ക്, ശരീഅ ഇൻഡക്സ് എന്നിവയും യോഗം ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.