മസ്കത്ത്: ഫലസ്തീൻ പ്രദേശത്ത് ഇസ്രായേൽ നടത്തുന്ന അധിനിവേശം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് ഒമാൻ. ഐക്യരാഷ്ട്ര സഭ സുരക്ഷ കൗണ്‍സിലിൽ യു.എന്നിലെ ഒമാന്‍ പ്രതിനിധി മുഹമ്മദ് ബിന്‍ അവദ് അല്‍ ഹസ്സന്‍ ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്. അന്താരാഷ്ട്ര പ്രമേയങ്ങൾക്കും മറ്റും അനുസൃതമായി രാജ്യാന്തര സമൂഹം വിഷയത്തിൽ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. സമാധാന പ്രക്രിയക്കായി ഐക്യരാഷ്ട്ര സഭയുടെ മിഡിൽ ഈസ്റ്റ് കോഓഡിനേറ്റർ നടത്തിയ പ്രസ്താവനയെ സുൽത്താനേറ്റ് സ്വാഗതം ചെയ്തു. ബന്ധപ്പെട്ട കക്ഷികൾ തങ്ങളുടെ ചുമതലകള്‍ നിര്‍വഹിക്കുമെന്നും അല്‍ ഖുദ്‌സ്, ഹറം അല്‍ ശരീഫ് മേഖലകളില്‍ ഉള്‍പ്പെടെ ശാന്തതയും സുരക്ഷയും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിന് ആവശ്യമായ സഹകരണം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
അധിനിവിഷ്ട ഫലസ്തീൻ പ്രദേശങ്ങളിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാവുകയാണെന്നാണ് അന്താരാഷ്ട്ര സംഘടനകൾ ഉൾപ്പെടെയുള്ള റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നത്. അന്താരാഷ്ട്ര നിയമങ്ങളും സുരക്ഷ കൗൺസിൽ പ്രമേയങ്ങളും നിലനിൽക്കെത്തന്നെ ഫലസ്തീൻ ജനതക്കെതിരെ ഒരു ന്യായീകരണവുമില്ലാതെ ഇസ്രായേലി ആക്രമണങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ഫലസ്തീന്‍റെ ഭൂമിയിൽ ഇസ്രായേൽ നടത്തുന്ന പ്രകോപനപരവും നിയമവിരുദ്ധവുമായ നടപടികളെ ഒമാൻ അപലപിക്കുകയാണെന്നും മുഹമ്മദ് ബിന്‍ അവദ് അല്‍ ഹസ്സന്‍ പറഞ്ഞു.
അൽ അഖ്‌സ മസ്ജിദിലേക്കും അൽ ഹറം അൽ-ഷെരീഫിലേക്കും കടന്നുകയറി ആരാധകർക്കെതിരെ നടത്തിയ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും മൂല്യങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും നഗ്നമായ ലംഘനമാണ്. ഫലസ്തീൻ ജനതയുടെ ന്യായമായ അവകാശങ്ങൾ പുനഃസ്ഥാപിച്ച് സമാധാനം കൈവരിക്കാനുള്ള ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ അന്താരാഷ്ട്ര സമൂഹം തയാറാകണമെന്നും സുൽത്താനേറ്റ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.