മസ്കത്ത്: ഇന്ത്യൻ സ്കുൾ വാദീകബീർ പാരൻറ്സ് ക്രിക്കറ്റ് ലീഗിന്റെ പ്രഥമ പതിപ്പിൽ പുരുഷ വിഭാഗത്തിൽ ഹംരിയ ഇലവൻസും വനിതകളുടെ വിഭാഗത്തിൽ മുസന്ദം വുമൺസും ജേതാക്കളായി. നവീകരിച്ച ഐ.എസ്.ഡബ്ല്യു.കെ പ്രൈമറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന പുരഷൻമാരുടെ കലാശക്കളിയിൽ സുവൈഖ് ഇലവനെ 36 റൺസിന് തോൽപിച്ചാണ് ഹംരിയ ഇലവൻ കപ്പിൽ മുത്തമിട്ടത്. മസ്കത്ത് വുമണിനെ 16 റൺസിന് പരാജയപ്പെടുത്തിയാണ് മുസന്ദം വുസ്സ് കിരീടം നേടിയത്. ഫൈനലിന് മുമ്പ് നടന്ന സെലിബ്രിറ്റി പ്രദർശന മത്സരത്തിൽ ഐ.എസ്.ഡബ്ല്യു.കെ വിജയിച്ചു. എസ്.എം.സി-സ്റ്റാഫ് ടീമിനെയാണ് ഇവർ പരാജയപ്പെടുത്തിയത്. രക്ഷിതാക്കൾക്ക് മാത്രമായി നടത്തിയ വാദീകബീർ പാരൻറ്സ് ലീഗിൽ പുരുഷ വിഭാഗത്തിൽ 32ഉം വനിത വിഭാഗത്തിൽ ആറ് ടീമുകളുമായിരുന്നു മാറ്റുരച്ചത്.
ഉദ്ഘാടനചടങ്ങിൽ വിദ്യാഭ്യാസ സെല്ലിലെ വിശിഷ്ട അംഗങ്ങളും ഐ.എസ്.ഡബ്ല്യു.കെയുടെ മുഖ്യ രക്ഷാധികാരികളുമായ അനിൽ ഖിംജി, കിരൺ ആഷർ, സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി മുൻ പ്രസിഡൻറ് ഹർഷേന്ദു ഷാ, എക്സിക്യൂട്ടിവ് ഡയറക്ടർ രാജേന്ദ്ര വേദ്, അസി.എക്സി. ഡയറക്ടർ അൽകേഷ് ജോഷി, സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയുടെ ഓണററി പ്രസിഡൻറ് സച്ചിൻ തോപ്രാനി, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റികളിലെ അംഗങ്ങൾ, പ്രിൻസിപ്പൽ എൻ. റാവു, സ്റ്റാഫ്, രക്ഷിതാക്കൾ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.
ടൂർണമെൻറിലെ മികച്ച താരങ്ങളായി പുരുഷ വിഭാഗത്തിൽ ഐ.എസ്.ഡബ്ല്യു.കെ സ്റ്റാഫ് ടീമിലെ അനിൽ കുമാറിനെയും വനിത വിഭാഗത്തിൽ മുസന്ദം വുമണിൽ നിന്നുള്ള തൃപ്തി സാലിയനെയും തെരഞ്ഞെടുത്തു. സമാപനച്ചടങ്ങിൽ മസ്കത്ത് ഫാർമസി ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ദിലീപ് മേത്ത, ശ്രീലങ്കൻ ദേശീയ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനും നിലവിൽ ഒമാൻ ദേശീയ ടീമിന്റെ പരിശീലകനുമായ ദുലീപ് മെൻഡിസ് എന്നിവരും പങ്കെടുത്തു. 2023-24 വർഷത്തിൽ ചാമ്പ്യൻമാരായ വിദ്യാർഥികളുടെ ഹൗസ് വിഭാഗങ്ങളെയും ആദരിച്ചു. ടാഗോർ ഹൗസാണ് ചാമ്പ്യൻമാർ. വിവേകാനന്ദ ഹൗസ് റണ്ണറപ്പായി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.