മസ്കത്ത്: ജബൽ അഖ്ദർ ഫെസ്റ്റിവലിന്റെ ഭാഗമായി ഹൈക്കിങ് സംഘടിപ്പിക്കും. ആഗസ്റ്റ് 11ന് അൽ അഖ്ർ ഗ്രാമത്തിൽനിന്ന് രാവിലെ എട്ടു മണിക്ക് മലകയറ്റം തുടങ്ങും. ദഖിലിയ ഗവർണറുടെ ഓഫിസുമായി സഹകരിച്ച് അൽ സുമൂദ് അഡ്വഞ്ചേഴ്സ് ടീമാണ് ഹൈക്കിങ് ഇവന്റ് സംഘടിപ്പിക്കുന്നത്. ജബൽ അഖ്ദറിന്റെ മനോഹരമായ കാഴ്ചകൾ ആസ്വാദിക്കാൻ കഴിയുന്ന തരത്തിലാണ് ഹൈക്കിങ്ങ് റൂട്ടുകൾ സംഘാടകർ ഒരുക്കിയിട്ടുള്ളത്.
അൽഅഖ്ർ ഗ്രാമത്തിൽനിന്നു തുടങ്ങി അൽഐൻ, അൽഷരിജ ഗ്രാമങ്ങളിൽ എത്തിച്ചേരും. ഇവിടന്ന് പിന്നീട് തുടക്ക സ്ഥലത്തേക്കു മടങ്ങുകയും ചെയ്യും. താൽപര്യമുള്ളവർക്ക് https://forms.gle/tyHBgyBZEcPM7ZNe9 എന്ന ലിങ്കിൽ കയറി രജിസ്റ്റർ ചെയ്യാം. രണ്ടു റിയാലാണ് രജിസ്ട്രേഷൻ ഫീസ്. അതേസമയം, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജബൽ അഖ്ദർ ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പ് ആഗസ്റ്റ് മൂന്നു മുതൽ 19 വരെ നടക്കും.
ഹൈൽ അൽ യമാൻ പാർക്ക്, സെയ്ഹ് ഖത്ന പാർക്ക് എന്നിവയോട് ചേർന്നുള്ള പ്രധാന വേദിയിലാണ് ഫെസ്റ്റിവലിന്റെ പരിപാടികൾ പ്രധാനമായും അരങ്ങേറുക. ദാഖിലിയ ഗവർണറുടെ ഓഫിസും ജബൽ അഖ്ദറിലെ വാലി ഓഫിസും ചേർന്നാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ജബൽ അഖ്ദറിന്റെ സവിശേഷമായ വിനോദസഞ്ചാര സാധ്യതകളിൽ ശ്രദ്ധകേന്ദ്രീകരിക്കാനും ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കാനുമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
മാതളനാരങ്ങ സീസണിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങളും പരിപാടികളും ഫെസ്റ്റിവലിൽ ഉണ്ടാകും. സാംസ്കാരിക, പൈതൃക, വിനോദ, സാഹസിക പ്രവർത്തനങ്ങളും പരിപാടികളും ഇതോടൊപ്പം അവതരിപ്പിക്കും. സർക്കാർ, സ്വകാര്യ, സിവിൽ മേഖലകളിലുടനീളമുള്ള നിരവധി സ്ഥാപനങ്ങൾ ഫെസ്റ്റിവലിൽ പങ്കെടുക്കും. സംരംഭകർക്കും ചെറുകിട ഇടത്തരം സംരംഭക ഉടമകൾക്കും പങ്കെടുക്കാനുള്ള വേദിയും ഒരുക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.