മസ്കത്ത്: ഒമാനിൽ ശൈത്യകാലം ഔദ്യോഗികമായി ആരംഭിച്ചതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. താപനിലയിൽ പ്രകടമായ മാറ്റം വന്നുതുടങ്ങിയതോടെ ഉൾപ്രദേശങ്ങളിലടക്കം നല്ല തണുപ്പാണ് അനുഭവെപ്പെടുന്നത്.
ചില പര്‍വതശിഖരങ്ങളില്‍ മഞ്ഞ് വീഴ്ചയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉത്തരാര്‍ധഗോളത്തില്‍ ജ്യോതിശാസ്ത്രപരമായി ശൈത്യകാലത്തിന്റെ ആദ്യ ദിനമായിരുന്നു ശനിയാഴ്ച. പകല്‍ കുറവും രാത്രി ദൈർഘ്യം കൂടുതലുമായിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് സൈഖിലാണ്. 2.8 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു ഇവിടുത്തെ താപനില. മസ്യൂന 7.1, തുംറൈത്ത് 7.6, ഹൈമ, യങ്കല്‍ 10.3 , സുനാനാഹ് 10.5 ഡിഗ്രി സെല്‍ഷ്യസ് എന്നിവയാണ് താപനില കുറഞ്ഞ മറ്റു സ്ഥലങ്ങള്‍. വരും ദിവസങ്ങളിലും താപനിലയിൽ ഇടിവുണ്ടാകും. ജബൽ അഖ്ദർ, ജബൽ ശംസ് എന്നിവിടങ്ങളിലും നല്ല തണുപ്പാണ് അനുഭവപ്പെടുന്നത്.
തണുപ്പ് വർധിക്കുന്നതിനാൽ ആവശ്യമായ മുൻ കരുതലുകൾ എടുക്കണമെന്നാണ് ആരോഗ്യമേഖലയിലുളളവർ പറയുന്നത്. താപനില കുറയുന്നതോടെ നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. പനി, ജല ദോശം അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾ സാധാരണമാണ്. കാലവസ്ഥ മാറുന്നതോടെ മറ്റു ശാരീരിക പ്രശ്നങ്ങൾക്കും സാധ്യതയുണ്ട്. തണുപ്പിനെ അകറ്റാനുള്ള കമ്പളി വസ്ത്രങ്ങളും മറ്റും ഉപയോഗിക്കുന്നതും നല്ലതാണ്.
തണുപ്പ് കാലം വരവായതോടെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും തിരക്കാണ് അനുഭവപ്പെടുന്നത്. വാരാന്ത്യ അവധി ദിവസങ്ങളിൽ പാർക്കുകളിലും ബീച്ചുകളുലുമെല്ലാം നല്ല തിരക്ക് തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.