മസ്കത്ത്: അമേരിക്കയിലെ അലബാമയിൽ കഴിഞ്ഞ 29ന് വെടിയേറ്റു മരിച്ച നിരണം സ്വദേശി മറിയം സൂസൻ മാത്യുവിെൻറ (18-അമ്മു) സംസ്കാരം വെള്ളിയാഴ്ച നിരണം സെൻറ് തോമസ് ഓർത്തഡോക്സ് ഇടവകയിൽ നടക്കും. വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടിലെത്തിച്ച ഭൗതിക ശരീരം പൊതുദർശനത്തിനു വെച്ചു.
സംസ്കാര ശുശ്രൂഷകൾക്ക് കാതോലിക്ക ബാവയും സഭയിലെ മറ്റു മെത്രാപ്പോലീത്തമാരും കാർമികത്വം വഹിക്കും. ഇന്ത്യൻ സ്കൂൾ മസ്കത്തിൽ 12ാം ക്ലാസ് പഠനം പൂർത്തിയാക്കിയ ശേഷം അഞ്ചു മാസംമുമ്പാണ് മറിയം സൂസൻ മാത്യു അമേരിക്കയിൽ മാതാപിതാക്കൾക്കൊപ്പം താമസം തുടങ്ങിയത്.
ഒമാൻ ടെൽ ജീവനക്കാരനായിരുന്ന ബോബൻ മാത്യു തോമസിെൻറയും റോയൽ ഹോസ്പിറ്റലിൽ നഴ്സായിരുന്ന ബിൻസിയുടെയും മകളാണ്. ബിമൽ, ബേസിൽ എന്നിവർ സഹോദരങ്ങളാണ്. ഒമാനിലെ സാമൂഹിക-സാംസ്കാരിക മേഖലയിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു ബോബൻ മാത്യുവും കുടുംബവും. മലങ്കര ഓർത്തഡോക്സ് സഭ അഹ്മദാബാദ് ഭദ്രാസന കൗൺസിൽ അംഗം, ഭദ്രാസന പ്രതിനിധി, മസ്കത്ത് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക സെക്രട്ടറി എന്നീ നിലകളിൽ പെൺകുട്ടിയുടെ പിതാവ് പ്രവർത്തിച്ചിട്ടുണ്ട്. മലങ്കര ഓർത്തഡോക്സ സഭ അഹ്മദാബാദ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മാർ യൂലിയോസ്, മസ്കത്ത് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകക്കുവേണ്ടി ഫാ. റ്റിജു വർഗീസ് ഐപ്പ്, ഇടവക മാനേജിങ് കമ്മിറ്റി എന്നിവർ അനുശോചനവും ആദരാഞ്ജലികളും അർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.