മസ്കത്ത്: ഒമാനിലെ പ്രമുഖ ധനവിനിമയ ഇടപാട് സ്ഥാപനമായ ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ലേബർ ക്യാമ്പിലെ തൊഴിലാളികൾക്കായി സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റിന്റെ മൂന്നാം സീസൺ ഡിസംബർ 15ന് മിസ്ഫായിലെ അൽ നാബ ഗ്രൗണ്ടിൽ നടക്കുമെന്ന് മാനേജ്മെന്റ് ഭാരവാഹികൾ അറിയിച്ചു. ആറ് ഓവർ വീതമുള്ള മത്സരത്തിൽ 16 ടീമുകൾ ആണ് പങ്കെടുക്കുക. ആദ്യ മൂന്ന് സ്ഥാനക്കാർക്ക് ക്യാഷ് അവാർഡ് ഉൾപ്പടെ ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും. ഇതിനു പുറമെ ടൂർണമെന്റിലെ മികച്ച ബൗളർ, ബാറ്റ്സ്മാൻ, മികച്ച ആൾറൗണ്ടർ, മാൻ ഓഫ് ദി മാച്ച്, ഭാവി വാഗ്ദാനം എന്നീ വിഭാഗങ്ങളിലും സമ്മാനങ്ങൾ നൽകും.
കഴിഞ്ഞ രണ്ടു സീസണിലായി നടന്ന ടൂർണമെന്റിന് ലഭിച്ച ആവേശകരമായ പ്രതികരണമാണ് മൂന്നാം സീസൺ ആരംഭിക്കാൻ കാരണമെന്ന് ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ജനറൽ മാനേജർ നിക്‌സൺ ബേബി പറഞ്ഞു. ഈ വർഷം നഗരത്തിലെ വിവിധ ലേബർ ക്യാമ്പുകളിൽനിന്നായി 35 ടീമുകൾ അപേക്ഷിച്ചെങ്കിലും 16 ടീമുകൾക്കേ അവസരം നൽകാൻ സാധിച്ചുള്ളൂ. അടുത്ത വർഷം മുതൽ എല്ലാ ടീമുകൾക്കുമായി പ്രാഥമിക റൗണ്ട് മത്സരങ്ങൾ നടത്തി അതിൽനിന്ന് 16 ടീമുകളെ ഫൈനൽ റൗണ്ടിലേക്ക് എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരായ തൊഴിലാളികളുടെ ക്ഷേമത്തിനും മാനസിക ഉല്ലാസത്തിനും ഊന്നൽ നൽകുന്ന ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ഇത്തരം പരിപാടികൾ അവതരിപ്പിക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് ഹെഡ് ഓഫ് ഓപറേഷൻ മാനേജർ അൻസാർ ഷെന്താർ പറഞ്ഞു. കാണികൾക്ക് ആവേശകരവും രസകരവുമായ മത്സരങ്ങളും സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മാനേജ്‌മന്റ് പ്രതിനിധികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.