മസ്കത്ത്: രാജ്യത്ത് പുതിയ ടൂറിസ്റ്റ് സീസൺ ആരംഭിച്ചതോടെ മത്രയിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് ധനവിനിമയ ഇടപാട് സേവനങ്ങളുമായി ജോയ് ആലുക്കാസ് എക്സ്ചേഞ്ച്. മത്ര കോർണീഷിലോ സൂഖിലോ എത്തുന്നവർക്ക് അവരുടെ കറൻസിയുടെ മൂല്യം കൃത്യമായി കണക്കാക്കി ഒമാൻ റിയാലിലേക്കോ, ഒമാനി റിയാലിൽ നിന്ന് അവരുടെ കറൻസിയിലേക്കോ അതല്ല അവർ തുടർന്ന് സഞ്ചരിക്കുന്ന രാജ്യത്തെ കറൻസിയിലേക്കോ മാറ്റിയെടുക്കാം. വിനോദസഞ്ചാരികൾക്കു മാത്രമല്ല, മത്ര സൂഖിലെ നൂറുകണക്കിന് മലയാളികൾ അടക്കമുള്ള വ്യാപാരികൾക്കും ഈ സേവനം പ്രയോജനപ്പെടുമെന്ന് ജോയ് ആലുക്കാസ് ജനറൽ മാനേജർ നിക്സൺ ബേബി പറഞ്ഞു.
കോവിഡ് മഹാമാരിക്ക് ശേഷം രണ്ടു വർഷത്തെ ഇടവേളക്കു ശേഷമാണ് നിയന്ത്രണമില്ലാത്ത സമ്പൂർണ വിനോദസഞ്ചാര സീസൺ വന്നത്. രാജ്യവും ജനങ്ങളും പ്രതീക്ഷയോടുകൂടിയാണ് ഈ കാലത്തെ കാണുന്നത്. മത്ര സൂഖിലെ വ്യാപാരികളെ സംബന്ധിച്ച് അവരുടെ പ്രധാന സീസണുകളിൽ ഒന്നാണിത്. അതിനാൽ എല്ലാവർക്കും ഈ സേവനം പ്രയോജനപ്പെടുമെന്നും നിക്സൺ ബേബി പറഞ്ഞു.
ഇതിനോടകം മത്ര തുറമുഖത്തു മൂന്ന് ആഡംബര കപ്പലുകളിലായി ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് എത്തിയത്. അടുത്ത അഞ്ചു മാസക്കാലം വിനോദസഞ്ചാര മേഖലക്ക് പ്രതീക്ഷയുള്ള കാലമാണ്. രാജ്യത്തേക്ക് വരുന്ന വിനോദ സഞ്ചാരികൾക്ക് മികച്ച സേവനം നൽകാൻ സർക്കാറും സ്വകാര്യ സ്ഥാപനങ്ങളും പ്രതിജ്ഞാബദ്ധരാണെന്നും ചീഫ് ഓപറേഷൻ മാനേജർ അൻസാർ ഷെന്താർ പറഞ്ഞു. സലാല, ദുകം മേഖലയിലടക്കം ഈ സേവനം വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മത്ര സൂഖിൽ ഇതിന്റെ ഔപചാരിക ഉദ്ഘാടനം നടന്നു. ജോയ് ആലുക്കാസ് എക്സ്ചേഞ്ചിലെ ജീവനക്കാർ, മാർക്കറ്റിങ് മാനേജർ കെ. ഉനാസ്, ബിസിനസ് ഡെവലപ്മെന്റ് മാനേജർ വിവേക് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.