ജൂനിയര്‍ ഏഷ്യ കപ്പ് ഹോക്കി ഇന്ത്യ-പാക് മത്സരം സമനിലയില്സലാല: ഏഷ്യന്‍ ഹോക്കി ഫെഡറേഷന് സംഘടിപ്പിക്കുന്ന ജൂനിയര്‍ ഏഷ്യ കപ്പ് 2023 സലാലയില്‍ പുരോഗമിക്കുന്നു. ശനിയാഴ്ച നടന്ന ഇന്ത്യ-പാക് മത്സരം ഓരോ ഗോള്‍ വീതം അടിച്ച് സമനിലയിലായി. പാകിസ്താന്റെ അബ്ദുല്‍ ഹന്നാന്‍ ഷാഹിബാണ് മാന്‍ ഓഫ് ദ മാച്ച്.
മറ്റൊരു മത്സരത്തില്‍ 10-1ന് ജപ്പാന് ചൈനീസ് തായ്പേയിയെ തകര്‍ത്തു. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മലേഷ്യ കൊറിയയെ തോല്പിച്ചത്. ഉസ്ബകിസ്താനെതിരായ മത്സരത്തില്‍ 3-2ന് ഒമാൻ വിജയിച്ചു. ഇന്ത്യ-പാക് മത്സരം കാണാന്‍ ഇരു രാജ്യക്കാരായ ആയിരക്കണക്കിന് പ്രവാസികളും എത്തിയിരുന്നു.
ഈ മാസം 23നാണ് ടൂര്‍ണമെന്റ് ആരംഭിച്ചത്. ടൂര്‍ണമെന്റില്‍ പത്ത് രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. പൂള് ‘എ’യില്‍ ഇന്ത്യ, പാകിസ്താന്, ജപ്പാന്, തായ്ലൻഡ്, ചൈനീസ് തായ്പേയിയും പൂള് ‘ബി’യില്‍ കൊറിയ, മലേഷ്യ, ഒമാന്‍, ബംഗ്ലാദേശ്, ഉസ്ബകിസ്താന്‍ എന്നീ രാജ്യങ്ങളുമാണുള്ളത്.
സലാല സുല്‍ത്താന്‍ ഖാബൂസ് യൂത്ത് ആൻഡ് കള്‍ച്ചറല്‍ കോംപ്ലക്സില്‍ നടക്കുന്ന പൂള് മത്സരങ്ങള്‍ തിങ്കളാഴ്ച അവസാനിക്കും. ദിനേന വിവിധ സമയങ്ങളില്‍ മൂന്നും നാലും മത്സരങ്ങളാണ് നടക്കുന്നത്. ജൂണ്‍ ഒന്നിനാണ് ഫൈനല്‍ മത്സരം. പൂൾ ‘എ’യിൽ രണ്ട് ജയവും ഒരു സമനിലയുമായി പാകിസ്താനും ഇന്ത്യയുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനത്ത്.
തുല്യ പോയന്റാണെങ്കിലും ഗോൾശരാശരിയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യ രണ്ടാം സ്ഥാനത്ത് തുടരുന്നത്. പൂൾ ‘ബി’യിൽ മൂന്നു മത്സരവും വിജയിച്ച് ഒമ്പത് പോയന്റുമായി മലേഷ്യയാണ് ഒന്നാംസ്ഥാനത്ത്. ആറ് പോയന്റുള്ള കൊറിയയാണ് രണ്ടാംസ്ഥാനത്ത്.
ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർ സെമി ഫൈനലിൽ പ്രവേശിക്കും. മേയ് 31നാണ് സെമി ഫൈനൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.