മസ്കത്ത്: കണ്ണൂർ വിമാനത്താവളത്തിനോട് അധികൃതർ കാണിക്കുന്ന അവണക്കെതിരെ പ്രതിഷേധവുമായി പ്രവാസികൾ. 2018 ഡിസംബറിൽ ഉദ്ഘാടനം ചെയ്ത വിമാനത്താവളത്തിൽനിന്ന് പല രാജ്യങ്ങളിലേക്കും നാമ മാത്രമായ സർവിസുകളാണുളത്. ഏറെ കൊട്ടിയഘോഷിച്ച് ആരംഭിച്ച വിമാനത്താവളത്തിൽനിന്ന് മസ്കത്തിലേക്ക് ആഴ്ചയിൽ മൂന്ന് സർവിസുകൾ മാത്രമാണ് ഇപ്പോൾ നിലവിലുള്ളത്. കണ്ണൂരിൽനിന്ന് മസ്കത്തിലേക്ക് ദിനേനെ ഉണ്ടായിരുന്ന ‘ഗോഎയർ ’ സർവിസ് നിർത്തിയതോടെ മസ്കത്തിൽനിന്നുള്ള യാത്രക്കാർ ശരിക്കും പെട്ടിരിക്കുകയാണ്. വിമാനത്താവളം ആരംഭിച്ചത് മുതൽ ഗോ എയർ സർവിസ് ആരംഭിച്ചിരുന്നു. നിരക്ക് കുറവും സൗകര്യമുള്ള സമയ ക്രമവും കണ്ണൂർ യാത്രക്കാർക്ക് ഏറെ അനുഗ്രഹമായിരുന്നു. എന്നാൽ ഗോ എയർ സർവിസ് നിർത്തിയതോടെ കണ്ണൂരിനെ യാത്രക്കാർ കയ്യൊഴിഞ്ഞിരിക്കുകയാണ്.
നിലവിൽ കണ്ണൂരിൽനിന്ന് എയർ ഇന്ത്യ എക്പ്രസ് മാത്രമാണ് നേരിട്ട് സർവിസ് നടത്തുന്നത്. തിങ്കൾ, ബുധൻ, ശനി എന്നീ ദിവസങ്ങളിൽ മാത്രമാണ് എക്പ്രസ് സർവിസുള്ളത്. രാത്രി ഏഴിന് മസ്കത്തിൽനിന്ന് പുറപ്പെട്ട് രാത്രി 11.30ന് കണ്ണൂരിൽ എത്തുന്ന രീതിയിലാണ് വിമാനത്തിന്റെ സമയ ക്രമം. കണ്ണുരിൽനിന്ന് രാവിലെ 7.15 ന് പുറപ്പെട്ട് കാലത്ത് 9.15 ന് മസ്കത്തിലെത്തുകയാണ് ചെയ്യുന്നത്. ഈ സമയ ക്രമവും ഈ ദിവസങ്ങളും യാത്രക്കാർക്ക് യോചിച്ചതല്ല. സാധാരണ ഏറ്റവും കുടുതൽ മസ്കത്തിൽനിന്ന് പുറത്തേക്ക് യത്ര ചെയ്യുന്നത് വാരാന്ത്യ അവധി ആരംഭിക്കുമ്പോഴാണ്. വ്യഴാഴ്ച രാത്രി മുതൽ വെള്ളിയാഴ്ച ഉച്ചവരെയാണ് ഒമാനിലെ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഏറെ പറ്റിയ സമയം. കണ്ണൂരിൽനിന്ന് മസ്കത്തിലേക്ക് യാത്ര ചെയ്യുന്നവർ ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയും യാത്ര ചെയ്യാനാണ് മുൻഗണന നൽകുന്നത്.
എന്നാൽ , ഈ സൗകര്യങ്ങളൊന്നും മസ്കത്തിൽനിന്നും കണ്ണൂരിലേക്കും തിരിച്ചുമുള്ള യാത്രക്കാർക്ക് ലഭിക്കുന്നില്ല. അതോടൊപ്പം കണ്ണൂരിൽനിന്ന് മറ്റ് വിമാനത്താവളങ്ങളെ അപേക്ഷിച്ച് ഉയർന്ന നിരക്കുമാണ് എയർ ഇന്ത്യ എക്പ്രസ് ഈടാക്കുന്നത്. വാരാന്ത്യ അവധി ദിവസങ്ങളിൽ വിമാന സർവിസുകൾ ലഭിക്കാത്തതിനാൽ പലരും കണ്ണൂർ വിമാന ത്താവളത്തെ ഒഴിവാക്കുകയാണ്. ഇതോടെ ഒമാൻ എയർ ദിവസേന രണ്ട് സർവിസുകൾ വീതം നടത്തുന്ന കോഴിക്കോട്ടേക്കാണ് പലരും യാത്രമാറ്റുന്നത്. കണ്ണുർ വിമാനത്താവളം കണ്ണൂർകാർക്കൊപ്പം കാസർകോട്, വയനാട്, കോഴിക്കോട് ജില്ലയുടെ വടക്ക് ഭാഗത്തുള്ളവർക്കും ഏറെ സൗകര്യമായിരുന്നു. കർണ്ണാടകയിലെ കുടക് അടക്കമുള്ള ഭാഗങ്ങളിലുള്ളവരും മംഗലാപുരം അടക്കമുള്ള അതിർത്തി പ്രദേശത്തുള്ളവരും കണ്ണൂർ വിമാനത്താവളത്തെ ആശ്രയിച്ചിരുന്നു. ഈ പ്രദേശത്തുള്ളവർക്ക് എളുപ്പം എത്തിച്ചേരാൻ കഴിയുന്നതിനാൽ ഈ മേഖലയിലെ ബഹുഭൂരി പക്ഷവും കണ്ണൂർ വിമാനത്താവളത്തെയാണ് ആശ്രയിച്ചിരുന്നത്.
എന്നാൽ ഗോ എയർ സർവിസ് നിർത്തിയതും എയർ ഇന്ത്യ എക്പ്രസ് ആഴ്ചയിൽ മുന്ന് സർവിസുകൾ മാത്രം നടത്തുന്നതും യാത്രക്കാർക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. അതിനാൽ മറ്റ് വിമാന കമ്പനികൾക്ക് കണ്ണുരിൽനിന്ന് പറക്കാൻ അവസരം ഒരുക്കണമെന്നും നിലവിലെ സാഹചര്യത്തിൽ എയർ ഇന്ത്യ എക്പ്രസ് ആഴ്ചയിൽ എല്ലാ ദിവസവും സർവിസ് നടത്തണമെന്നും യാത്രാ സമയം യാത്രക്കാർക്ക് സൗകര്യ കരമായ രീതിയിൽ ക്രമപ്പെടുത്തണമെന്നുമാണ് മസ്കത്തിലെ കണ്ണുർ പ്രവാസികൾ ആവശ്യപ്പെടുന്നത്. കണ്ണുർ വിമാനത്താവളത്തിൽ നിന്ന് കുടുതൽ വിമാനങ്ങൾ ആരംഭിച്ചില്ലെങ്കിൽ വിമാനത്താവളം മുരടിക്കുമെന്നും ഇവർ ഭയപ്പെടുന്നു. അതിനാൽ കണ്ണൂർ വിമാനത്താവളത്തിനോടുള്ള അവഗണക്കെതിരെ പ്രതിഷേധ നടപടികൾക്ക് രൂപം നൽകുകയാണ് മസ്ക്കത്തിലെ ഈ മേഖലയിലെ പ്രവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.