മസ്കത്ത്: ‘പ്രളയാനന്തര കേരളം’ വിഷയത്തിൽ മസ്കത്തിലെ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ ഫോറം നടത്തിയ ചർച്ച ശ്രദ്ധേയമായി. മുപ്പതോളം സാമൂഹിക-സാംസ്കാരിക സംഘടനകളിൽനിന്നുള്ള പ്രതിനിധികൾ, പ്രളയ ദുരന്തത്തിന് ഇരയായവർ, രക്ഷാപ്രവർത്തനത്തിൽ പെങ്കടുത്തവർ, സാമ്പത്തികവിദഗ്ധർ തുടങ്ങിയവർ പെങ്കടുത്തു. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത ഇന്ത്യൻ മീഡിയ ഫോറം അംഗങ്ങളും സംസാരിച്ചു. ഷിലിൻ പൊയ്യാരയാണ് ചർച്ച നയിച്ചത്.
മസ്കത്തിൽ എ.സി മെക്കാനിക്കായി ജോലിചെയ്തിരുന്ന തൃശൂർ സ്വദേശി സിജോയുടെ മാതാപിതാക്കളും സഹോദരിയും അവരുടെ കുട്ടിയും ഉരുൾപൊട്ടലിൽ മരണപ്പെട്ടതായി സിജോയുടെ സുഹൃത്ത് സത്യനാഥ് പറഞ്ഞു. സിജോയുടെ ഭാര്യയും മകളും അഞ്ചു കിലോമീറ്റർ അകലെ ഭാര്യയുടെ വീട്ടിലായിരുന്നതിനാലാണ് രക്ഷപ്പെട്ടത്. ഒരു ആയുഷ്കാലത്തെ പ്രവാസജീവിതം കൊണ്ട് സമ്പാദിച്ച വീട് വെള്ളപ്പൊക്കത്തിൽ നഷ്ടപ്പെട്ട ചെങ്ങന്നൂർ സ്വദേശി ഉണ്ണികൃഷ്ണൻ തെൻറ നൊമ്പരങ്ങൾ സദസ്സിനോട് പങ്കുവെച്ചു. കഴിഞ്ഞ എട്ടുമാസമായി ജോലിചെയ്യുന്ന കമ്പനിയിൽനിന്ന് ശമ്പളവും ഉണ്ണികൃഷ്ണന് ലഭിക്കുന്നില്ല. ഇന്ത്യൻ എംബസിയിൽ നടന്ന ഓപൺ ഹൗസിൽ പെങ്കടുപ്പിച്ചശേഷമാണ് റൂവി കെ.എം.സി.സി കമ്മിറ്റി ഉണ്ണികൃഷ്ണനെ ചർച്ചയിൽ പങ്കെടുപ്പിക്കാൻ കൊണ്ടുവന്നത്.
പങ്കെടുത്തവർ പ്രളയദുരിതവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ വിശദീകരിക്കുകയും കേരളത്തിെൻറ പുനരധിവാസം സംബന്ധിച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു.
ഒമാനിലെ പ്രമുഖ വ്യവസായി ഡോ.പി. മുഹമ്മദലിയും അനന്തപുരി ഹോട്ടൽ ഉടമ ബിബി ജേക്കബും വിഡിയോ കോൺഫറൻസിലൂടെ ചർച്ചയുടെ ഭാഗമായി. ഒമാനിലെ കേരളസമൂഹത്തോടൊപ്പം താൻ എന്നും ഉണ്ടാകുമെന്ന് പി. മുഹമ്മദലി പറഞ്ഞു. ദുരിതബാധിതർക്കായി 75ഓളം വീടുകളാണ് ഡോ.പി. മുഹമ്മദലി നിർമിച്ചുനൽകുന്നത്. പത്തുലക്ഷം രൂപയാണ് ദുരിതാശ്വാസനിധിയിലേക്ക് അനന്തപുരി ഹോട്ടൽ നൽകുന്നത്.
റൂവി അബീർ ആശുപത്രി ഒാഡിറ്റോറിയത്തിൽ നടന്ന ചർച്ച രാത്രി പത്തുവരെ നീണ്ടു. ഇന്ത്യൻ മീഡിയ ഫോറം പ്രസിഡൻറ് കബീർ യൂസുഫിെൻറ നേതൃത്വത്തിൽ പ്രളയത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചശേഷമാണ് ചർച്ചക്ക് തുടക്കംകുറിച്ചത്. മീഡിയ ഫോറം ജനറൽ സെക്രട്ടറി മെർവിൻ കരുനാഗപ്പള്ളി സ്വാഗതവും മീഡിയ ഫോറം ട്രഷറർ ജയകുമാർ വള്ളിക്കാവ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.