മസ്കത്ത്: ഖരീഫ് സീസണിനെ വരവേൽക്കാനുള്ള എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു. ദോഫാർ ഗവർണറേറ്റിലെ പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും മികച്ച സേവനങ്ങൾ നൽകും.
ദോഫാർ ഖരീഫ് സീസണിനായുള്ള പ്രവർത്തന പദ്ധതികൾക്ക് അംഗീകാരം നൽകിയതായി സി.ഡി.എ.എ അറിയിച്ചു. നിലവിലെ കേന്ദ്രങ്ങൾ ശക്തിപ്പെടുത്തുന്നതും ദാഖിലിയ, ദാഹിറ, അൽ വുസ്ത ഗവർണറേറ്റുകളിൽനിന്ന് ദോഫാർ ഗവർണറേറ്റിലേക്കുള്ള റോഡുകളിലെ അംഗങ്ങളുടെ വിന്യാസംവരെ അംഗീകാരം നൽകിയതും പദ്ധതിയിലുൾപ്പെടുന്നുണ്ട്.
തെക്കൻ ശർഖിയ ഗവർണറേറ്റിനെ അൽ വുസ്ത ഗവർണറേറ്റുമായി ബന്ധിപ്പിക്കുന്ന തീരദേശ റോഡിൽ ദോഫാർ ഗവർണറേറ്റിലെത്തിച്ചേരുന്ന രണ്ട് ജങ്ഷനുകളും ദാഖിലിയ, ദാഹിറ ഗവർണറേറ്റുകളിൽനിന്ന് ദോഫാർ ഗവർണറേറ്റിലേക്കുള്ള റോഡിൽ മറ്റു അഞ്ച് ജംഗ്ഷനുകളിലും യാത്രികർക്ക് സേവനങ്ങൾ നൽകുന്നതിനായി സൗകര്യം ഒരുക്കും.
സ്ഥാപനങ്ങൾ, കമ്പനികൾ, പ്രോപ്പർട്ടി ഉടമകൾ, കെട്ടിടങ്ങൾ എന്നിവ അറ്റകുറ്റപ്പണികൾ നടത്തി സുരക്ഷ നടപടിക്രമങ്ങൾ പാലിക്കണമെന്നും സി.ഡി.എ.എ ആഹ്വാനം ചെയ്തു. സൗകര്യങ്ങൾ പരിശോധിക്കുകയും നിയമലംഘനങ്ങൾ നിരീക്ഷിക്കുകയും ഇക്കാര്യത്തിൽ ഉചിതമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യുന്നതിലൂടെ അതോറിറ്റിയുടെ സിവിൽ പ്രൊട്ടക്ഷൻ പ്രവർത്തനങ്ങൾ ഇരട്ടിയാക്കും.
സാമൂഹിക മാധ്യമങ്ങളിലും മറ്റു ഔട്ട്ലെറ്റുകളിലും ഔദ്യോഗിക പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ചും ബോധവൽക്കരണ ബ്രോഷറുകൾ വിതരണം ചെയ്തും പരിപാടികൾ സംഘടിപ്പിച്ചും ഫീൽഡ് ടീമുകളെ വിവിധ സ്ഥലങ്ങളിൽ വിന്യസിച്ചും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും അവബോധം വളർത്താൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി പ്രവർത്തനങ്ങൾ നടത്തും.
സുരക്ഷ മാർഗനിർദേശങ്ങൾ പാലിക്കണം
ദോഫാർ ഗവർണറേറ്റിൽ ഖരീഫ് സീസണിലെത്തുന്നവർ സുരക്ഷ മാർഗനിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ആവശ്യപ്പെട്ടു. സുരക്ഷയുമായി ബന്ധപ്പെട്ട് സി.ഡി.എ.എ മുന്നോട്ടുവെക്കുന്ന നിർദേശങ്ങൾ താഴെ കൊടുക്കുന്നു
യാത്രക്ക് നന്നായി തയാറെടുക്കുക
വാഹനം പരിപാലിക്കുക
ഫസ്റ്റ് എയ്ഡ് കിറ്റ് തയാറാക്കുക
അഗ്നിശമന ഉപകരണം നല്ല നിലയിലാണെന്ന് ഉറപ്പാക്കുക
യാത്ര പോകുന്ന വഴിയിലെ വിശ്രമ കേന്ദ്രങ്ങളുടെയും ഇന്ധന സ്റ്റേഷനുകളുടെയും സ്ഥലങ്ങൾ തിരിച്ചറിയുക
യാത്രാ വേളയിൽ ക്ഷീണവും തളർച്ചയും അനുഭവപ്പെടുന്ന സാഹചര്യത്തിൽ വിശ്രമിക്കുന്നതിന് അനുയോജ്യമായ സമയം തിരഞ്ഞെടുക്കുക, സുരക്ഷാ നിയമങ്ങൾ പാലിക്കുക
ദോഫാറിൽ നീന്താൻ അനുവാദമില്ലാത്ത സ്ഥലങ്ങളിൽ (ഉറവകൾ, കുളങ്ങൾ, ബീച്ചുകൾ, കടൽത്തീരങ്ങൾ) ഇറങ്ങരുത്
അപകടകരമായ സ്ഥലങ്ങൾ, വെള്ളച്ചാട്ടങ്ങൾ, ഉയരം കൂടിയ സ്ഥലങ്ങളെന്നിവയിൽ നിന്ന് വിട്ടുനിൽക്കുക , കുട്ടികളെ നിരീക്ഷിക്കുക
വാഹനങ്ങളിൽ കുട്ടികളെ തനിച്ചാക്കി പോകാതിരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.