മസ്കത്ത്: രാജ്യത്തിന്റെ 54ാം ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങള്‍ അലങ്കരിക്കാന്‍ റോയല്‍ ഒമാന്‍ പൊലീസ് അനുമതി നല്കി. പൊലീസ് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് നവംബര്‍ 30വരെ വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിച്ച് ഉപയോഗിക്കാം.
വിന്‍ഡോ ഗ്ലാസ്, നമ്പര്‍ പ്ലേറ്റ്, ലൈറ്റുകള്‍ എന്നിവിടങ്ങളിലേക്ക് സ്റ്റിക്കറുകള്‍ വ്യാപിക്കരുത്. പിന്‍വശത്തെ ഗ്ലാസില്‍ പതിക്കുന്ന സ്റ്റിക്കര്‍ ഡ്രൈവര്‍ക്ക് പിന്‍വശത്തെ വിന്‍ഡോയിലെ ചിത്രങ്ങള്‍ കാണാന്‍ അനുവദിക്കുന്ന തരത്തിലുള്ളതായിരിക്കണം. ഗതാഗത സുരക്ഷ ലംഘിക്കുന്ന തരത്തിലുള്ളവ നിരോധിച്ചിട്ടുണ്ട്.
ദേശീയ ചിഹ്നങ്ങൾ സ്റ്റിക്കറായി പതിക്കാൻ പാടില്ല. വിധ്വംസകമോ മൂല്യരഹിതവുമായ വാക്കുകൾ ഉപയോഗിക്കരുത്. അതേസമയം, ഈ കാലയളവില്‍ വാഹനത്തിന്റെ നിറം മാറ്റാന്‍ അനുമതി ഇല്ലെന്നും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും.
ഫലസ്തീൻ യുദ്ധ പശ്ചാതലത്തിൽ കഴിഞ്ഞവർഷം വിപുലമായ രീതിയിൽ ദേശീയദിനാഘോഷ പരിപാടികൾ നടന്നിരുന്നില്ല. അതുകൊണ്ടുതന്നെ കാറുകളുടെ അലങ്കാരങ്ങളും ഉണ്ടായിരുന്നില്ല. ഇത്തവണത്തെ ആഘോഷ പരിപാടികളെ ക്കുറിച്ചുള്ള വിവരങ്ങൾ അറിവായിട്ടില്ല.
വരും ദിവസങ്ങളിലെ വ്യക്തത വരുകയൊള്ളു. ദേശീയദിനം അടുത്തെങ്കിലും വാഹനങ്ങൾ അലങ്കരിക്കുന്ന സ്ഥാപനങ്ങളും അപ്ഹോൾസറി കടകളും ഇതുവരെ ഉണർന്നിട്ടില്ല.
കഴിഞ്ഞ കുറേ വർഷങ്ങളായി അലങ്കാരം തീരെ കുറവായതിനാൽ ഏറെ സൂക്ഷ്മത യോടെയാണ് സ്റ്റിക്കറുകളും അലങ്കാര വസ്തുക്കളും എത്തിക്കുന്നത്. ട്രന്റ് നോക്കിയ ശേഷം സ്റ്റിക്കറുകൾ ഇറക്കാമെന്ന നിലപാടാണ് പലർക്കുമുള്ളത്. സ്റ്റിക്കറുകൾ ദുബൈയിൽനിന്നാണ് പലരും കൊണ്ടുവരുന്നത്.
ഒമാൻ ഭരണാധികാരിയുടെ ബഹുവർണ ചിത്രങ്ങളും ദേശീയ പതാകയുടെ ബഹുവർണ്ണങ്ങളുമൊക്കെ അടങ്ങുന്ന സ്റ്റിക്കറുകൾ വാഹന അലങ്കാരത്തിന് ഉപയോഗിക്കാറുണ്ട്.
ദേശീയ ദിനത്തിന്റെ എംബ്ലം ആലേഖനം ചെയ്ത സ്റ്റിക്കറുകളും വ്യാപകമായി ഉപയോഗിക്കാറുണ്ട്. അതോടൊപ്പം ദേശീയ ദിനത്തിന്റെ ഭാഗമായ കൊടികളും കീചെയ്നുകളും തൊപ്പികളും എല്ലാം മാർക്കറ്റിലെത്തിക്കഴിഞ്ഞു. വരുംദിവസത്തിൽ കൂടുതൽ അലങ്കാര ഇനങ്ങൾ മാർക്കറ്റിൽ ഇറങ്ങും. രാജ്യത്ത് നവംബർ 18നാണ് ദേശീയദിനാഘോഷമായി കൊണ്ടാടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.