ഖരീഫ് സീസൺ: ഭക്ഷ്യവസ്തുക്കളുടെ വിതരണം സുഗമമാക്കും

മസ്കത്ത്: സലാലയിലെ ഖരീഫ് സീസണുമായി ബന്ധപ്പെട്ട് എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായതായി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു. ഗവർണറേറ്റിലെ വിവിധ പ്രവർത്തനങ്ങളും കാര്യങ്ങളും മറ്റും ഏകോപിപ്പിക്കുന്നതിനായി കഴിഞ്ഞദിവസം യോഗം ചേർന്നതായി ദോഫാർ ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി, ഇൻവെസ്റ്റ്‌മെന്റ് പ്രമോഷൻ ഡയറക്ടർ ജനറൽ ശൈഖ് ജമാൽ ബിൻ അബ്ദുല്ല അൽ ഹിനായ് പറഞ്ഞു. നിരവധി സർക്കാർ ഏജൻസികളും സ്വകാര്യ മേഖല സ്ഥാപനങ്ങളും പങ്കെടുത്ത യോഗത്തിൽ ചരക്കുകളുടെയും ഭക്ഷ്യ സേവനങ്ങളുടെയും വിതരണം, വാണിജ്യ ബാങ്കുകളുടെ സേവനങ്ങൾ, ഗ്യാസിന്റെ കാര്യക്ഷമത വർധിപ്പിക്കൽ തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്തു.

ഭക്ഷ്യവസ്തുക്കളുടെയും അടിസ്ഥാന സാധനങ്ങളുടെയും വരവ് സുഗമമാക്കുന്നതിനും വിപണികൾ നിരീക്ഷിക്കുന്നതിനും ഖരീഫ് സീസണുമായി ബന്ധപ്പെട്ട് സർക്കാർ, സ്വകാര്യ ഏജൻസികൾ നൽകുന്ന സൗകര്യങ്ങളുടെ തുടർച്ച ഉറപ്പാക്കാനും മന്ത്രാലയം ശ്രമിക്കുന്നുണ്ടെന്ന് അൽ ഹിനായ് പറഞ്ഞു. ഖരീഫ് സീസണുമായി ബന്ധപ്പെട്ട് റോഡുമാർഗം ഗവർണറേറ്റിലേക്ക് എത്തുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ വിവിധ വിലായത്തുകളിലെ 134 സ്റ്റേഷനുകളിൽ ഇന്ധനത്തിന്‍റെ അളവ് വർധിപ്പിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ട്. ആദം-തുംറൈറ്റ് റോഡിൽ സ്ഥിതി ചെയ്യുന്ന സ്റ്റേഷനുകൾക്ക് പുറമെയാണിത്. പൊതു സൗകര്യങ്ങൾ വർധിപ്പിക്കാനും യാത്രക്കാർക്ക് ആവശ്യമായ സേവനങ്ങൾ നൽകാനും സ്റ്റേഷൻ ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഖരീഫിനോടനുബന്ധിച്ചുള്ള മഴക്കാല സീസൺ ആരംഭിക്കുന്നത് ജൂൺ 23 മുതൽ സെപ്റ്റംബർ 21 വരെയാണ്. ലക്ഷക്കണക്കിന് ആളുകളാണ് ഇവിടേക്ക് ഓരോ സീസണിലും എത്താറുള്ളത്. ദോഫാർ ഗവർണറേറ്റിന്‍റെ അനുകൂല കാലാവസ്ഥയും പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങളും സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്. 2019ൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 7,50,000 സഞ്ചാരികളാണ് ദോഫാർ ഗവർണറേറ്റിൽ എത്തിയിരുന്നത്. കോവിഡ് നിയന്ത്രണങ്ങൾ പൂർണമായി എടുത്തുകളഞ്ഞതിനാൽ ഈ വർഷം കൂടുതൽ സഞ്ചാരികൾ എത്തുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്.

വിവിധ എയർലൈൻസുകൾ പ്രത്യേക സർവിസും ഇക്കാലയളവിൽ സലാലയിലേക്ക് നടത്തും. ജി.സി.സി രാജ്യങ്ങളിൽനിന്നായിരിക്കും കൂടുതൽ ആളുകൾ ഇവിടേക്ക് എത്തുക. ഖരീഫ് സീസണിനോടനുബന്ധിച്ച ദോഫാർ മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്ന സലാല ടൂറിസം ഫെസ്റ്റിവലിന്‍റെ ആഘോഷ പരിപാടികൾ ഈ വർഷം വിവിധ ഇടങ്ങളിലാണ് നടക്കുക. ഇത്തീനിലെ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്നിരുന്ന പരിപാടികൾ, പാർക്കുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് നടത്താനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്.

Tags:    
News Summary - Food distribution will be facilitated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.