ഖരീഫ് സീസൺ: സലാലയിലേക്ക് കൂടുതൽ സർവിസുമായി മുവാസലാത്ത്

മസ്കത്ത്: ഖരീഫ് സീസണോടനുബന്ധിച്ച് സലാലയിലേക്ക് കൂടുതൽ സർവിസുമായി മുവാസലാത്ത്. അടുത്തമാസം ഒന്നുമുതൽ മസ്കത്തിനും സലാലക്കും ഇടയിൽ പ്രതിദിനം ആറു സർവിസുകള്‍ വീതം നടത്തും. 600ഓളം സീറ്റുകളാണ് ഓരോ ദിവസവും ഉണ്ടായിരിക്കുകയെന്ന് മുവാസലാത്ത് അധികൃതർ അറിയിച്ചു. യാത്രയുടെ സുരക്ഷിതത്വത്തിന്‍റെ ഭാഗമായി ഓപറേഷനല്‍ എഫിഷന്‍സി നിരീക്ഷണം, ഇന്റലിജന്റ് കണ്‍ട്രോള്‍ സിസ്റ്റം എന്നിവയും ബസുകളില്‍ ഒരുക്കിയിട്ടുണ്ട്. ഓരോ ബസിലും രണ്ടു വീതം ഡ്രൈവര്‍മാരുടെ സേവനം ഉണ്ടാകും.

പത്തു ടിക്കറ്റുകള്‍ ഒരുമിച്ചെടുക്കുന്നവര്‍ക്ക് ഒന്ന് സൗജന്യമായി ലഭിക്കും. ഇരുവശങ്ങളിലേക്കുമുള്ള ടിക്കറ്റിന് 13 റിയാലാണ് ഈടാക്കുന്നത്. മൂന്നോ അതില്‍ അധികമോ ആളുകള്‍ ഒരുമിച്ചുള്ള ഗ്രൂപ് ബുക്കിങ്ങുകള്‍ക്ക് മറ്റു പ്രത്യേക ഓഫറുകളും ലഭിക്കും.

നിലവിൽ മസ്കത്തിനും സലാലക്കുമിടയിൽ മുവാസലാത്തടക്കമുള്ള ബസ് സർവിസുകളിൽ യാത്രക്കാരുടെ എണ്ണം വർധിച്ചിട്ടുണ്ട്. പെരുന്നാൾ അവധിയിൽ ഇതിന് വർധനയുണ്ടാകുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്. ഇത് മുന്നിൽ കണ്ടാണ് കൂടുതൽ സർവിസ് മുവാസലാത്ത് ഒരുക്കിയിരിക്കുന്നത്. രണ്ടുവർഷത്തെ ഇടവേളക്കുശേഷമെത്തുന്ന സീസണിനെ വരവേൽക്കാനുള്ള എല്ലാവിധ ഒരുക്കവും അധികൃതർ പൂർത്തീകരിച്ചിട്ടുണ്ട്. ദേശീയ വിമാനക്കമ്പനിയായ സലാം എയർ മസ്കത്ത്-സലാല റൂട്ടിൽ പ്രതിവാര സർവിസുകൾ വർധിപ്പിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.