മസ്കത്ത്: ഖരീഫ് സീസൺ തുടങ്ങിയതോടെ സലാലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് വർധിക്കുകയും അപകടം തുടർക്കഥയാവുകയും ചെയ്തതോടെ ചെക്ക് പോയന്റുകളുമായി റോയൽ ഒമാൻ പൊലീസ്. ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് ഇത്തരം ചെക്ക് പോയന്റുകളിലെത്തി നേരിട്ട് സഹായം ആവശ്യപ്പെടാം.
വിവിധ ചെക്ക് പോയന്റുകളും ഫോൺ നമ്പറും: ഹംറ അല്‍ ദ്രൂഅ -91391664, ഖത്ബിത് -91160124, സൈഹ് അല്‍ ഖയ്റാത്ത് -9208458, ഗാബ - 93503053, ഉം അല്‍ സമൈം 99354629, അല്‍ ഗഫ്തൈന് -91738459, സറബ് - ദുഖം -99294255, ഹിതാം- അല്‍ ജാസര്‍ -99615822, മദൈറഹ് -മഹൂത്ത് -99458791.
സീസൺ തുടങ്ങിയതോടെ നിരവധി അപകടമാണ് സലാല റോഡിൽ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ അപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചിരുന്നു. അഞ്ചുപേർക്ക് പരിക്കേറ്റു.
സഞ്ചാരികളുടെ സുരക്ഷയും അപകടവും കുറക്കാൻ നിലവിൽ വിവിധ സ്ഥലങ്ങളിൽ ആർ.ഒ.പിയുടെ പരിശോധന നടക്കുന്നുണ്ട്. ദാഖിലിയ, ദാഹിറ, അൽ വുസ്ത ഗവർണറേറ്റുകളിലെ ദോഫാർ ഗവർണറേറ്റിലേക്കുള്ള റോഡുകളിൽ എന്തെങ്കിലും അപകടം ഉണ്ടായാൽ അവയെ നേരിടാൻ പുതിയ കൺട്രോൾ പോയന്റുകളും സി.ഡി.എ ഒരുക്കി. തെക്കൻ ശർഖിയയെ അൽ വുസ്ത, ദോഫാർ എന്നിവയുമായി ബന്ധിപ്പിക്കുന്ന തീരദേശ റോഡിൽ രണ്ട് കൺട്രോൾ പോയന്റുകൾ സ്ഥാപിച്ചു. ഇതിനു പുറമെ ദാഖിലിയയെയും ദാഹിറയെയും ദോഫാറുമായി ബന്ധിപ്പിക്കുന്ന റോഡിൽ അഞ്ച് പോയന്റുകളും സ്ഥാപിച്ചു. സിവിൽ ഡിഫൻസ്, ആംബുലൻസ് സേവനങ്ങൾ നൽകുന്നതിനായാണ് ഇത്. ഇത്തവണ റോഡുമാർഗം എത്തുന്നവരുടെ എണ്ണത്തിൽ വർധന വന്നു. അപകടങ്ങള്‍ കുറക്കാന്‍ സഞ്ചാരികള്‍ക്ക് ട്രാഫിക് ബോധവത്കരണവും നൽകുന്നുണ്ട്. നിര്‍ദേശങ്ങളുമായി പൊലീസ് ഉദ്യോഗസ്ഥര്‍ മുഴുവന്‍ സമയവും രംഗത്തുണ്ട്. ദോഫാറിലെത്തുന്നവർ സന്ദർശന വേളയിൽ സുരക്ഷ നിർദേശങ്ങൾ പാലിക്കണമെന്നും യാത്രക്ക് നന്നായി മുന്നൊരുക്കങ്ങൾ നടത്തണമെന്നും അധികൃതർ നിർദേശം നൽകിയിരുന്നു. അടിയന്തര ഘട്ടങ്ങളിൽ സേവനം ലഭ്യമാക്കാൻ എയർ ആംബുലൻസ് സൗകര്യവും ഒരുക്കി. സന്ദർശകർ ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും വേഗപരിധിയും പാലിക്കണം.
തെരുവുമൃഗങ്ങൾ അലയുന്നതിനാൽ റോഡുമാർഗം എത്തുന്നവർ ജാഗ്രത പാലിക്കണം. മരുപ്രദേശങ്ങളിലൂടെയുള്ള റോഡുകളിൽ മണൽ അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്. അതിനാൽ രാത്രികാല യാത്രയിൽ സൂക്ഷ്മത പുലർത്തണമെന്നും ആർ.ഒ.പി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.