മസ്കത്ത്: വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയിൽ ഒമാനിൽ വിജയക്കുതിപ്പുമായി റോയൽ ഹോസ്പിറ്റർ. ഈ വർഷം ഇതുവരെ 33 ശസ്ത്രക്രിയകളാണ് നടത്തിയത്. ഈ വർഷം അവസാനിക്കാൻ ദിവസങ്ങൾ ശേഷിക്കെ ഈ കണക്കിൽ ഇനിയും വർധനയുണ്ടാകാൻ സാധ്യതയുണ്ട്. ഒരു വർഷത്തിനിടെ ഇത്രയും വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയകൾ നടത്തുന്നത് ആശുപത്രിക്കും സുൽത്താനേറ്റിനും ചരിത്രപരമായ നേട്ടമാണെന്ന് അധികൃതർ വ്യക്തമാക്കി. ആകെ നടത്തിയ 33 എണ്ണത്തിൽ എട്ട് വൃക്കകൾ മസ്തിഷ്ക മരണം സംഭവിച്ച ദാതാക്കളിൽനിന്നും, 25 എണ്ണം ജീവിച്ചിരിക്കുന്ന ദാതാക്കളിൽ നിന്നുമാണ് മാറ്റിവെച്ചത്.
ട്രാൻസ്പ്ലാൻറ് സ്പെഷ്യലിസ്റ്റുകൾ, ശസ്ത്രക്രിയാ വിദഗ്ധർ, ഹെൽത്ത് കെയർ ടീമുകൾ, രോഗികൾ, ദാതാക്കൾ എന്നിവരുടെ സംയുക്ത പ്രവർത്തനങ്ങളും ഏകോപിത ശ്രമങ്ങളുമാണ് ഈ വിജയം കൈവരിക്കാൻ സാധിച്ചതിന് പിന്നിലെന്ന് റോയൽ ഹോസ്പിറ്റൽ അധികൃതർ വ്യക്തമാക്കുന്നു. 1988ലാണ് റോയൽ ഹോസ്പിറ്റലിൽ ആദ്യത്തെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടക്കുന്നത്.
ഇതുവരെ ആകെ 323 ട്രാൻസ് പ്ലാന്റുകളാണ് നടന്നത്. ആകെ നടത്തിയ ശസ്ത്രക്രിയകളുടെ പത്ത് ശതമാനത്തിലധികവും ഈ വർഷമാണെന്നതും ശ്രദ്ധേയമാണ്. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയ മേഖലയിലെ ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് ഒമാൻ. ഈ വർഷത്തെ നാഴികക്കല്ല് വിപുലമായ ആരോഗ്യ സംരക്ഷണ നടപടി ക്രമങ്ങൾക്കുള്ള രാജ്യത്തിന്റെ വർധിച്ചുവരുന്ന ശേഷിയെ അടിവരയിടുന്നു.
വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയിലുണ്ടായ വർധനവ് രോഗികളുടെ കാത്തിരിപ്പ് സമയം ഗണ്യമായി കുറക്കുകയും അവർക്ക് മെച്ചപ്പെട്ട ജീവിത നിലവാരം നൽകുകയും ചെയ്യും. ഇത്രയും വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയകൾ നടത്തുന്നത് ആശുപത്രിയുടെയും ഒമാനിലെ ആരോഗ്യ സംരക്ഷണ സംവിധാനത്തിന്റെയും നാഴികക്കല്ലാണെന്ന് റോയൽ ഹോസ്പിറ്റലിലെ നെഫ്രോളജി വിഭാഗം മേധാവി ഡോ. ഫൈസൽ ബിൻ സലേം അൽ ഇസ്മാഈലി പറഞ്ഞു.
അതേസമയം, രാജ്യത്ത് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ ഉടൻ നടപ്പിലാക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. 2023 മുതൽ 2025 വരെയുള്ള ദേശീയ അവയവ മാറ്റിവെക്കൽ പദ്ധതിയുടെ ഭാഗമായി ഇതിനുള്ള നടപടികൾ ആരോഗ്യ മന്ത്രാലയം ആരംഭിച്ചു. പൗരന്മാർക്ക് നൽകുന്ന ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഹൃദയം മാറ്റിവെക്കൽ സേവനങ്ങൾ പ്രാദേശികവത്ക്കരിക്കാനുള്ള തയാറെടുപ്പെന്ന് നാഷനൽ ഓർഗൻ ട്രാൻസ്പ്ലാൻറ് പ്രോഗ്രാം ഡയറക്ടർ ഡോ. അഹമ്മദ് ബിൻ സഈദ് അൽ ബുസൈദി അറിയിച്ചിരുന്നു. ബോധവത്ക്കരണത്തിന്റെ ഫലമായി രാജ്യത്ത് അവയവദാനവും മാറ്റിവെക്കലും വർധിച്ചിട്ടുണ്ട്.
2023ൽ ഒമാനിൽ 19 വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയകൾ നടന്നു. ഇതിൽ 15 എണ്ണം മസ്തിഷ്ക മരണം സംഭവിച്ചവരിൽ നിന്നും 4 എണ്ണം ദാതാക്കളിൽ നിന്നുമാണ് സ്വീകരിച്ചത്. മുൻ വർഷത്തേക്കാൾ ഏകദേശം 20 ശതമാനം വർധനവാണ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയിലുണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം 11 കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയകളും നടത്തി. ഒന്ന് ദാതാവിൽനിന്നും ശേഷിക്കുന്നവ മരിച്ചവരിൽ നിന്നുമായിരുന്നു. അവയവദാനത്തിനുള്ള ഓൺലൈൻ പ്ലാറ്റ്ഫോമായ അൽ ഷിഫ പോർട്ടലിൽ സന്നദ്ധരായ 20,000ത്തിലധികം ദാതാക്കളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ബോധവത്ക്കരണത്തിന്റെ ഫലമായി അവയവങ്ങൾ ദാനം ചെയ്യാനായി സന്നദ്ധത അറിയിച്ചുകൊണ്ടുള്ള ആളുകളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. അവയവമാറ്റ ശസ്ത്രക്രിയ ദാതാവിന്റെയും രോഗിയുടെയും സുരക്ഷിതത്വം ഉറപ്പാക്കേണ്ടതുണ്ട്. അവയവദാനം നിരവധി ജീവൻ രക്ഷിക്കുന്നു, എന്നാൽ ദാതാക്കളെ കിട്ടാത്തത് വെല്ലുവിളിയാണെന്ന് ശസ്ത്രക്രിയ വിദഗ്ധരും മറ്റും പറയുന്നു.
അവയവ ദാനത്തെ ജനകീയമാക്കുന്നതിൽ സാമൂഹിക അവബോധത്തിന് വളരെയധികം പ്രാധാന്യമുണ്ട്. സുൽത്താനേറ്റിൽ ഏകദേശം 2,500 വൃക്കരോഗികളാണ് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നത്. പൊരുത്തമുള്ള ദാതാക്കൾ അവരുടെ വൃക്കയുടെ ഒരു ഭാഗം നൽകാൻ തയാറായാൽ ഈ രോഗികളുടെ കഷ്ടപാടുകൾ കുറക്കാൻ സഹായകമാകുമെന്ന് ആരോഗ്യ മേഖലയിലുള്ളവർ ചൂണ്ടിക്കാണിക്കുന്നു. അവയവ ദാനത്തെക്കുറിച്ചുള്ള സാമൂഹിക അവബോധം വർധിച്ചുവരുന്നുണ്ട്.
മരണാനന്തര അവയവ ദാനത്തിനായി ഷിഫ അപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യുന്നവർ കൂടിക്കൊണ്ടിരിക്കുകയാണ്. മെഡിക്കൽ സ്റ്റാഫുകൾക്ക് പരിശീലനം നൽകി അവയവദാനവും മാറ്റിവെക്കലും വികസിപ്പിക്കാൻ ആരോഗ്യ മന്ത്രാലയം ശ്രമിക്കുന്നുണ്ട്. ദാതാക്കളുടെയും സ്വീകർത്താക്കളുടെയും അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്ന നിയമങ്ങളും നൈതിക മാനദണ്ഡങ്ങളും ശക്തിപ്പെടുത്തുന്നതിന് മന്ത്രാലയം പ്രവർത്തിക്കുന്നുണ്ട്. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ അനുഗ്രഹാശിസ്സുകളോടെ അവയവ മാറ്റിവെക്കലിനുള്ള ദേശീയ കേന്ദ്രം സ്ഥാപിക്കുന്നത് ആരോഗ്യ സംരക്ഷണമേഖലയിൽ ഗുണപരമായ കുതിച്ചുചാട്ടമുണ്ടാക്കും. ഒരു ഡേറ്റാബേസ് സജീകരിക്കാനും അവയവ ദാനത്തിലും മാറ്റിവെക്കലിലുമുള്ള വെല്ലുവിളികൾ നേരിടാനും ഇത് ഒമാനെ സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.