സുഹാർ: താനൂരിൽ നടന്നതുപോലുള്ള ബോട്ടപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി കൈക്കൊള്ളണമെന്ന് സി.പി.എം േനതാവും കേരളത്തിന്റെ മുൻ ആരോഗ്യമന്ത്രിയുമായ കെ.കെ. ശൈലജ പറഞ്ഞു. മസ്കത്തിൽ നടന്ന ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവലിൽ (ഐ.സി.എഫ്) പങ്കെടുത്ത് യു.എ.ഇയിലേക്ക് റോഡ് മാർഗം മടങ്ങുന്നതിനിടെ സുഹാറിലെത്തിയ അവർ ‘ഗൾഫ് മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു.
ഇതുപോലുള്ള അപകടങ്ങൾ വരുത്തിവെക്കുന്നത് ആ വകുപ്പിന്റെ മാത്രം കുറ്റമല്ല. ബോട്ട് ജീവനക്കാരുടെയും അതിന്റെ ഉടമയുടെയും നിയമലംഘനം കൂടിയാണ്.
കോവിഡ്; സ്വയം പ്രതിരോധം തുടരണം
കേരളത്തിലും ഇന്ത്യയിലും ഇപ്പോഴും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. മുമ്പ് തുടങ്ങിവെച്ച േബ്രക്ക് ദ ചെയിൻ മുദ്രാവാക്യം തിരിച്ചു കൊണ്ടുവരണം. നിയമം വരുന്നതുവരെ കാത്തുനിൽക്കാതെ മാസ്ക് ധരിക്കുക, ശുചിത്വം പാലിക്കുക, സാനിറ്റൈസർ, സോപ്പ് എന്നിവ ഉപയോഗിക്കുന്നത് ശീലമാക്കുകയും വേണം. സ്വയം പ്രതിരോധ കാര്യങ്ങൾ ദിനചര്യയിൽ ഉൾപ്പെടുത്തണം. കോവിഡ് വന്നുപോയവർക്ക് വരുന്ന രോഗങ്ങൾ ഇടക്ക് പരിശോധിച്ച് സ്ഥിതിഗതികൾ മനസ്സിലാക്കണം
സ്ത്രീ ശാക്തീകരണം; ഇനിയും മുന്നോട്ടുപേകാനുണ്ട്
കേരളത്തിലെ സ്ത്രീകൾ വിദ്യാഭ്യാസപരമായി ബിരുദവും ബിരുദാനന്തരവും നേടിയിട്ടുണ്ടെങ്കിലും ആർജവത്തോടെ ജീവിക്കാൻ പലർക്കും സാധിച്ചിട്ടില്ല. ഒരു മിസ്ഡ് കോളിലും ചാറ്റിങ്ങിലും പെട്ടുപോകുന്ന ദുർബലമായ ഒരവസ്ഥ നമ്മുടെ ചില പെൺകുട്ടികൾക്കുണ്ട്.
അത് മാറണം, സമൂഹമാധ്യമങ്ങളിലൂടെ പെൺകുട്ടികളെ ചതിച്ചു കൂടെക്കൂട്ടുന്നവരുണ്ട്. ഇവരെ തിരിച്ചറിയാതെ സർവവും ഉപേക്ഷിച്ചുപോകാനുള്ള ഒരു കീഴ്പ്പെടലിൽനിന്ന് പുറത്തുവന്നു പോരാട്ടവീര്യത്തോടെ ജീവിതത്തെ ചേർത്തുപിടിക്കുന്ന അവസ്ഥയിലേക്ക് മാറണം. ഇനിയുള്ള കാലം സ്ത്രീകൾക്കുകൂടിയുള്ളതാണ്. പിന്നോട്ട് നീങ്ങേണ്ടവളല്ല സ്ത്രീ. സംവരണം ചെയ്യപ്പെടുന്ന മേഖലകളിൽ മാത്രമല്ല ശോഭിക്കേണ്ടത്. ഒരു പരിധിവരെ സ്ത്രീ ഉണർന്നുകഴിഞ്ഞു. ഇനിയും വളർച്ചയിൽ മുന്നോട്ടുകുതിക്കണം.
മനോഹരം ഒമാൻ
സലാലയിൽ വന്നിട്ടുണ്ടെങ്കിലും മസ്കത്തിൽ ആദ്യമായാണ് എത്തുന്നത്. ഐ.സി.എഫ് പരിപാടിക്കുള്ള ജനപങ്കാളിത്തം ശരിക്കും ഞെട്ടിച്ചു. പ്രവാസികളുടെ ഒത്തുചേരൽ, അവരുടെ സാമൂഹ്യ ജീവകാരുണ്യ പ്രശ്നങ്ങളിലുള്ള ഇടപെടൽ എല്ലാം മനസ്സിലാക്കാൻ പറ്റി. കോവിഡ് മഹാമാരിക്കാലത്തും ഗോനു, ശഹീൻ പ്രകൃതി ദുരന്തമുഖത്തും ചേർന്നുനിന്ന് പ്രവർത്തിച്ച പ്രവാസികളുടെ കൂട്ടായ്മയുടെ കാര്യങ്ങൾ അറിയാനും മനസ്സിലാക്കാനും കഴിഞ്ഞു. പച്ചപ്പ് മാത്രമാണ് പ്രകൃതിഭംഗി എന്നുകരുതിയിരുന്ന എനിക്ക് മറ്റൊരു മനോഹാരിത കാട്ടിത്തന്ന രാജ്യമാണ് ഒമാൻ.
മുൻ ഭരണാധികാരി സുൽത്താൻ ഖാബൂസിന്റെ ദീർഘവീക്ഷണത്തോടെയുള്ള ഭരണനൈപുണ്യം ഈ രാജ്യത്തിന്റെ വളർച്ചയിൽ മുഖ്യ പങ്കുവഹിച്ചിട്ടുണ്ടെന്നും ശൈലജ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.