മസ്കത്ത്: ഐക്യകേരളം നിലവിൽവന്ന ശേഷമുള്ള ഏറ്റവും കഴിവുകെട്ട സർക്കാറാണ് പിണറായി വിജയൻ സർക്കാറെന്ന് കെ.എം. ഷാജഹാൻ. പാർട്ടിയിലും സർക്കാറിലും ഏകാധിപത്യമാണ് നിലനിൽക്കുന്നതെന്നും മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദെൻറ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാൻ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. മസ്കത്തിൽ സ്വകാര്യ സന്ദർശനത്തിന് എത്തിയതായിരുന്നു ഷാജഹാൻ. പിണറായിയുടെ ഏകാധിപത്യ പ്രവണതമൂലം ആർക്കും സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്നില്ല. സാമ്പത്തികരംഗം താറുമാറായി.
ഏറെ കൊട്ടിഘോഷിച്ച ജി.എസ്.ടി കേന്ദ്രത്തിെൻറ സംഭാവനയാണെങ്കിലും അത് കേരളത്തിന് ഏറെ ഗുണകരമാകുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു. എന്നാൽ, നികുതി വരുമാനം കുറയുകയാണ് ഉണ്ടായത്. അതോടൊപ്പം, വിലക്കയറ്റം രൂക്ഷമായി. മുമ്പ് ഇടതു സർക്കാറുകൾക്കുമേൽ പാർട്ടിയുടെ ഗുണപരമായ നിയന്ത്രണം ഉണ്ടായിരുന്നു. ചടയൻ ഗോവിന്ദൻ പാർട്ടി സെക്രട്ടറി ആയിരുന്നതുവരെ ഇതായിരുന്നു സ്ഥിതി. എന്നാൽ, ഇന്ന് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് യാതൊരു റോളും ഇല്ല. പിണറായി വിജയെൻറ ആജ്ഞാനുവർത്തിയായി നിൽക്കാം. അല്ലെങ്കിൽ സ്ഥാനം ഒഴിയാം എന്നതാണ് സ്ഥിതി. കഴിഞ്ഞ വി.എസ് സർക്കാറിൽ മികച്ച പ്രകടനം കാഴ്ചവെച്ച ചില മന്ത്രിമാർ ഈ മന്ത്രിസഭയിലും ഉണ്ട്.
എന്നാൽ, അവർ പോലും ഇന്ന് മോശം പ്രവർത്തനമാണ് കാഴ്ച്ചവെക്കുന്നത്. ഏറെ പ്രതീക്ഷയോടെയാണ് ഇടതു സർക്കാർ രണ്ടു കൊല്ലം മുമ്പ് അധികാരത്തിൽ വന്നത്. എന്നാൽ, ഒരു രംഗത്തും പ്രതീക്ഷക്കു വകയില്ല എന്നതാണ് സ്ഥിതിയെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയെൻറ വിരോധത്തിന് കാരണം
2005ലെ മലപ്പുറം സംസ്ഥാന സമ്മേളനത്തോടെ വി.എസിനെ ഒതുക്കാനുള്ള ശ്രമങ്ങൾ വിജയം കണ്ടുതുടങ്ങിയിരുന്നു. അതോടെ, പിണറായി മുഖ്യമന്ത്രി ആകാനും തയാറെടുത്തുകഴിഞ്ഞിരുന്നു. അടുത്ത തെരഞ്ഞെടുപ്പിൽ വി.എസിന് സീറ്റ് നിഷേധിക്കുന്ന അവസ്ഥപോലും ഉണ്ടായി. എന്നാൽ, വി.എസിന് പൊതുസമൂഹത്തിൽ ഉണ്ടായിരുന്ന സ്വീകാര്യതയും ഒപ്പം ലാവലിൻ കേസും ഇൗ നീക്കങ്ങൾക്ക് തിരിച്ചടിയായി. അതിനുപിന്നിൽ ഞാനാെണന്ന് പിണറായിക്ക് അറിയാമായിരുന്നു. 2006ൽ വി.എസിന് സീറ്റ് നിഷേധിച്ചാൽ അത് തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി ആകുമെന്ന് താൻ ഉൾെപ്പടെ ചിലർ അന്നത്തെ ദേശീയ സെക്രട്ടറി പ്രകാശ് കാരാട്ടിനെ ധരിപ്പിച്ചു. അതോടെ, വി.എസ് കൂടുതൽ സ്വീകാര്യനാവുകയും പിണറായിക്ക് മത്സരിക്കാൻ സീറ്റ് കിട്ടാത്ത അവസ്ഥയും ഉണ്ടായി. ഇത്തരം ഇടപെടലുകളാണ് വൈരാഗ്യത്തിന് കാരണം.
അധികാര രാഷ്ട്രീയത്തോട് സമരസപ്പെട്ട വി.എസ്.
ജനകീയ വിഷയങ്ങൾ ഏറ്റെടുത്ത് സമരം നയിച്ച് ജനങ്ങളുടെ കണ്ണിലുണ്ണിയായതിൽനിന്ന് വ്യത്യസ്തനായ വി.എസിനെയാണ് പിന്നീട് കേരളം കണ്ടത്. വി.എസിെൻറ പോരാട്ടങ്ങളെ ബഹുമാനത്തോടെ നോക്കിയവർ ഇന്ന് നിരാശരാണ്. അഴിമതിരഹിത പോരാട്ടത്തിന് തന്നോടൊപ്പം നിന്നവരെ സംരക്ഷിക്കാൻ അദ്ദേഹത്തിനായില്ല. അധികാരരാഷ്ട്രീയത്തോട് സമരസപ്പെട്ട വി.എസിനെ ഇന്ന് ഭരണ പരിഷ്കാര കമീഷൻ ചെയർമാൻ എന്ന നിലയിൽ ഒതുക്കിയിരിക്കുന്നു.
വർഗീയരാഷ്ട്രീയത്തോട് സന്ധി ചെയ്യുന്ന സി.പി.എം
മുമ്പ് ഇടതു-വലതു മുന്നണികൾ മാറിമാറി അധികാരത്തിൽ വന്നിരുന്നപ്പോൾ വർഗീയ രാഷ്ട്രീയം ഇത്ര ശക്തമായിരുന്നില്ല. ഇരു മുന്നണികളും തമ്മിൽ ധാരണയുണ്ടെന്നു ജനങ്ങളും കരുതിത്തുടങ്ങി. ഇവിടെയാണ് ബി.ജെ.പി മുതലെടുപ്പ് നടത്തുന്നത്. മാത്രമല്ല, സംഘ്പരിവാർ നേതാക്കളുടെ തീവ്ര വർഗീയ നടപടികളോട് മൃദുസമീപനമാണ് സർക്കാറിന്. പലർക്കെതിരെയും കേസെടുത്തു എന്നല്ലാതെ ആർക്കെതിരെയും നടപടിയെടുത്തില്ലെന്നത് ഇതിെൻറ ഉദാഹരണമാണ്. വളരെ അപകടകരമായ പ്രവണതയാണിത്.
വി.എസുമായി ഇപ്പോഴുള്ള ബന്ധം
വി.എസിെൻറ കൂടെയുള്ള അഞ്ചുവർഷക്കാലവും ഞങ്ങൾ തമ്മിൽ സംസാരിച്ചിട്ടുള്ളത് രാഷ്ട്രീയം മാത്രമാണ്. മുഖ്യമന്ത്രിയായിരിക്കേ ലാവലിൻ കേസുമായി ബന്ധപ്പെട്ട് പോളിറ്റ് ബ്യൂറോക്ക് അയച്ച കത്തുകൾ തയാറാക്കിയിരുന്നത് താനാണ്. എന്നാൽ, വ്യക്തിപരമായി ഒരു കാര്യത്തിലും ഞങ്ങൾ പരസ്പരം ഇടപെട്ടിരുന്നില്ല.
പാർട്ടിയിൽനിന്ന് പുറത്തു പോയപ്പോഴത്തെ അനുഭവം
പാർട്ടിയിൽനിന്ന് പുറത്തുപോയ സമയത്ത് സാധാരണക്കാരായ ഒരു പാർട്ടിക്കാരനും തന്നെ വിളിച്ചു ഭീഷണിപ്പെടുത്താനോ ആക്രമിക്കാനോ മുതിർന്നിരുന്നില്ല. എന്നാൽ, പയ്യന്നൂർ കേന്ദ്രമാക്കി ചില നേതാക്കളുടെ ഒത്താശയോടെ വധിക്കാൻ ആസൂത്രണം നടന്നിരുന്നു. യു.ഡി.എഫ് സർക്കാർ സംരക്ഷണവും തന്നിരുന്നു. ഇന്നും വേറെ പലവിധത്തിലും ദ്രോഹിക്കുന്നുണ്ട്. ജിഷ്ണു പ്രണോയ് കേസിൽ സമരം ചെയ്തതിന് 120 ബി ഗൂഢാലോചന കുറ്റം ചുമത്തി ജയിലിലിട്ടു, ജാമ്യം നിഷേധിച്ചു. ഈ വകുപ്പ് അനുസരിച്ചുള്ള കുറ്റകൃത്യത്തിന് 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കണം. ഒരു വർഷം കഴിഞ്ഞിട്ടും ഒന്നുമാകാത്ത സ്ഥിതിക്ക് എഫ്.ഐ.ആർ റദ്ദാക്കാൻ ഉടൻ കോടതിയെ സമീപിക്കും. അതിനുശേഷം സർക്കാറിനെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്യും. ഈയിടെ ഒന്നാം ക്ലാസോടെ എൽ.എൽ.ബി പാസായിരുന്നു. ജയിലിൽ കിടക്കുന്ന സമയത്തായിരുന്നു പരീക്ഷ. അവിടെ നിന്നാണ് പരീക്ഷ എഴുതാൻ പോയത്. കേരള രാഷ്ട്രീയത്തിലെ സംഭവബഹുലമായ ഒരു കാലഘട്ടത്തിൽ നിർണായക തീരുമാനങ്ങൾക്ക് പിന്നിൽ ഉണ്ടായിരുന്ന ഷാജഹാൻ ഇന്നും അതേ പോരാട്ടവീര്യവുമായി പൊതുസമൂഹത്തിൽ ഇടപെട്ടുകൊണ്ടിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.