മസ്‌കത്ത് കെ.എം.സി.സി അല്‍ ഖൂദ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ‘ഉദയം 2022’ ല്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി മുഖ്യപ്രഭാഷണം നടത്തുന്നു

പാർട്ടി തിരുത്തിയാലും ശത്രുപാളയത്തിൽ പോകില്ല –കെ.എം. ഷാജി

മസ്കത്ത്: പാർട്ടി തന്നെ തിരുത്തിയാലും വിമർശിച്ചാലും അതിൽ മനംനൊന്ത് ശത്രുപാളയത്തിൽ അഭയം പ്രാപിക്കുമെന്ന് ആരും വിചാരിക്കേണ്ടെന്ന് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി. മസ്‌കത്ത് കെ.എം.സി.സി അല്‍ ഖൂദ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച 'ഉദയം 2022'ല്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തകസമിതി യോഗത്തിൽ കെ.എം. ഷാജിക്കെതിരെ വിമർശനമുണ്ടായെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ, ഇത്തരം ആരോപണങ്ങൾ തള്ളുന്നതായിരുന്നു അദ്ദേഹത്തിന്‍റെ പ്രസംഗം.

നേതാക്കന്മാർക്കിടയിൽ ചർച്ചയും ആലോചനയും അഭിപ്രായവ്യത്യാസവുമുണ്ടാകും. അവരാണ് ഈ ഐഡിയോളജി രൂപവത്കരിക്കേണ്ടത്. അതിന് തര്‍ക്കം എന്നാണോ പറയുക? ലീഗ് യോഗത്തിൽ കെ.എം. ഷാജിക്കെതിരെ വലിയ വിമർശനമുണ്ടായെന്ന് ഇന്നലെ വാർത്തകൾ വന്നു. പാർട്ടിക്കകത്ത് വിമർശനമൊക്കെയുണ്ടെന്ന് നിങ്ങൾ സമ്മതിച്ചതിൽ സന്തോഷമുണ്ട്. വാർത്ത വന്നയുടനെ ബഹുമാനപ്പെട്ട തങ്ങളെയും നേതാക്കളെയും ഞാൻ വിളിച്ചിരുന്നു. എന്നാൽ, യോഗത്തിൽ അങ്ങനെ വിമർശനമൊന്നും നടന്നിട്ടില്ലെന്നാണ് പാർട്ടി സെക്രട്ടറിയും ചുമതലക്കാരുമെല്ലാം പറഞ്ഞത്. ഇനി ഞാന്‍ ഒന്ന് ചോദിക്കട്ടെ, ആ കമ്മിറ്റി ഒന്നാകെ എന്നെ വിമര്‍ശിച്ചുവെന്ന് കരുതുക. അതില്‍ മനംനൊന്ത് ശത്രുപാളയത്തില്‍ ഞാന്‍ അഭയം തേടുമെന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടോ? പോരാളിയുടെ ജീവിതവും സമരവും മരണവും യുദ്ധഭൂമിയിൽ തന്നെയായിരിക്കും. ശത്രുവിന്‍റെ കൂടാരത്തിന്‍റെ ചായ്പിൽ ആവില്ല. ശത്രുവിന്റെ പാളയത്തില്‍ പോയി അടയിരുന്ന് കിട്ടുന്ന ആനുകൂല്യങ്ങള്‍ പറ്റുന്നവരുടെ കൂട്ടത്തില്‍ താനുണ്ടാവില്ലെന്നും കെ.എം. ഷാജി പറഞ്ഞു.

രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കുമായി രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തുമ്പോൾ ലീഗിന് നോക്കിയിരിക്കാൻ ആകില്ല. രാഹുൽ ഗാന്ധിയുടെ ലക്ഷ്യം നിറവേറ്റാൻ കോൺഗ്രസിനൊപ്പം എന്നും പാർട്ടിയുണ്ടാകും. എന്നാൽ, സി.പി.എം ഇക്കാര്യത്തിൽ എടുക്കുന്ന നിലപാട് അവരുടെ രാഷ്ട്രീയ എതിരാളികളെ മാത്രമല്ല, മുഴുവൻ മതേതര വിശ്വാസികളെയും ഞെട്ടിക്കുന്നതാണ്. ഇന്ന് കേന്ദ്ര-സംസ്‌ഥാന സർക്കാറുകൾ പരസ്പരം സഹകരിച്ചുകൊണ്ട് ജനങ്ങളെ കൊള്ളയടിക്കുകയാണ്. പെട്രോളിലും ഡീസലിനും വില വർധിക്കുന്ന സമയത്ത് സന്തോഷിക്കുന്ന രണ്ടു പേര് പിണറായി വിജയനും നരേന്ദ്ര മോദിയുമാണെന്നും ഷാജി പറഞ്ഞു.

പരിപാടി മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് റയീസ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി അൽഖൂദ് ഏരിയ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ ഹമീദ് പേരാമ്പ്ര അധ്യക്ഷത വഹിച്ചു. മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി റഹീം വറ്റലൂർ, വൈസ് പ്രസിഡന്റ്‌ എ.കെ.കെ. തങ്ങൾ, ബദർ അൽ സമ എം.ഡി അബ്ദുൽ ലത്തീഫ് ഉപ്പള എന്നിവർ സംസാരിച്ചു. കോവിഡ് കാലത്ത് സാമൂഹിക സേവനങ്ങൾ നടത്തിയ വിവിധ മേഖലയിലുള്ളവരെ ആദരിക്കുകയും ചെയ്തു. കെ.എം.സി.സി അൽഖൂദ് ഏരിയ കമ്മിറ്റി ജനറൽ സെക്രട്ടറി ടി.പി. മുനീർ സ്വാഗതവും ട്രഷറർ ഷാജഹാൻ തായാട്ട് നന്ദിയും പറഞ്ഞു. കെ.എം.സി.സി സീബ് പ്രസിഡന്റ്‌ എ.ടി. അബൂബക്കർ, കെ.എം.സി.സി റുസൈൽ പ്രസിഡന്റ്‌ സൈദ് ശിവപുരം, മൊബേല കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ്‌ അറഫാത് എന്നിവർ സംബന്ധിച്ചു.

Tags:    
News Summary - K.M. Shaji Muscat KMCC Al Qud Area Committee meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.