സലാല: വിവിധ ഭൂഖണ്ഡങ്ങളിൽനിന്ന് എത്തുന്ന ദേശാടനക്കിളികളുടെ സംഗമഭൂമിയാവുകയാണ് സലാലയിലെ ഖോർ സലാല പ്രകൃതിസംരക്ഷണ കേന്ദ്രം. എഴുപതിലധികം ദേശാടനപ്പക്ഷികളും അപൂർവങ്ങളായ സസ്യങ്ങളുംകൊണ്ട് സമ്പന്നമാണിവിടം. ശൈത്യകാലം തുടങ്ങിയതോടെ രാജ്യേത്തക്ക് എത്തിക്കൊണ്ടിരിക്കുന്ന ദേശാടനപ്പക്ഷികളുടെ എണ്ണത്തിലും വർധനയുണ്ട്. വിവിധയിനം അരയന്നങ്ങൾ, താറാവുകൾ, കടൽക്കാക്കകൾ തുടങ്ങി നിരവധി പക്ഷികളെ ഇപ്പോൾതന്നെ ഇവിടെ കാണാനാകും.
57 ഹെക്ടർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന നേച്ചർ റിസർവ് കേന്ദ്രം സലാല നഗരത്തിെൻറ കിഴക്ക് ദാരീസ് കടലോരത്താണ് സ്ഥിതിചെയ്യുന്നത്. മനം മയക്കുന്ന കാഴ്ചകളുമായി സഞ്ചാരികളെ മാടി വിളിക്കുന്ന ഈ പ്രദേശം പക്ഷി നിരീക്ഷകരുടെയും മറ്റും ഇഷ്ട കേന്ദ്രമാണ്. ഏതു സമയത്ത് വന്നാലും കുറഞ്ഞത് ഇരുപതിലധികം ഇനം പക്ഷികളെ ഇവിടെ കാണാനാകും. പക്ഷി നിരീക്ഷകരും ഫോട്ടോ ഗ്രാഫർമാരും അതിരാവിലെയാണ് എത്തുക. ആ സമയം പക്ഷികളെ കുറെക്കൂടി അടുത്തു നിന്ന് കാണാനാകുമെന്ന് ഫോട്ടോ ഗ്രാഫറും പക്ഷി നിരീക്ഷകനുമായ അനിദാസ് പറഞ്ഞു. പരിസ്ഥിതി പ്രധാനമായ ഈ പ്രദേശത്തെ പ്രത്യേക പരിഗണന നൽകിയാണ് ഒമാൻ സംരക്ഷിച്ചു പോരുന്നത്. പച്ചപ്പിൽ പുതഞ്ഞ് നിൽക്കുന്ന ഈ പ്രദേശം റോയൽ കോർട്ടിലെ പരിസ്ഥിതി സംരക്ഷണ ഓഫിസാണ് നിയന്ത്രിക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിൽ മുന്തിയ പരിഗണന നൽകുന്ന ഒമാെൻറ വിവിധയിടങ്ങളിൽ ഇത്തരം സംരക്ഷിത പ്രദേശങ്ങൾ കാണാനാകും.
പരിസ്ഥിതി സംരക്ഷണത്തിന് ഉയർന്ന പരിഗണനയാണ് മന്ത്രാലയവും ജനങ്ങളും നൽകുന്നതെന്ന് സീനിയർ അധ്യാപകനായ ബഷീർ പി.കെ പറഞ്ഞു. പരിസ്ഥിതി ശാസ്ത്രജ്ഞർ നടത്തിയ ഗവേഷണത്തിൽ, അറേബ്യൻ സമർ, അൽ-അതാബ്, കണ്ടൽ ചെടി തുടങ്ങി 20ൽ അധികം കാട്ടുചെടികളും ഇവിടെനിന്ന് കണ്ടെത്തിയതായി ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.