മസ്കത്ത്: സലാല വിലായത്തിലെ അനധികൃത ഭൂമി കൈയേറ്റങ്ങൾക്കെതിരെ നടപടി ശക്തമാക്കി ദോഫാർ മുനിസിപ്പാലിറ്റി. ഇത്തരം അനധികൃതമായി കൈവശപ്പെടുത്തിയ സ്ഥലങ്ങളും മറ്റും മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ നീക്കം ചെയ്തു. ഉടമസ്ഥാവകാശം തെളിയിക്കാൻ താമസക്കാർക്ക് നിശ്ചിത സമയം അനുവദിച്ചിരുന്നു. ഇത് അവസാനിച്ചതിനെത്തുടർന്നാണ് പൊളിച്ചു നീക്കൽ നടപടികൾക്ക് തുടക്കമിട്ടിരിക്കുന്നത്. വളരെ വ്യവസ്ഥാപിതമായാണ് ഒഴിപ്പിക്കൽ നടപടികൾ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ആദ്യം ലംഘനം സൂചിപ്പിക്കുന്ന മുന്നറിയിപ്പു സ്റ്റിക്കർ പതിക്കും. പിന്നീട് ഇവരുടെ ചെലവിൽതന്നെ കൈയേറ്റം നീക്കം ചെയ്യുമെന്നറിയിച്ച് നോട്ടീസ് നൽകും.
ഒഴിഞ്ഞുപോകാനായി ഒരാഴ്ച സമയം അനുവദിക്കുകയും ചെയ്യും. ഇതിനുശേഷമാണ് കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. അനധികൃത കൈയേറ്റങ്ങൾ നിരവധി ഭവന പദ്ധതികളുടെ നടത്തിപ്പിനു തടസ്സമാണ്. കൂടാതെ അനുചിതമായ സ്ഥലങ്ങളിലെ കൈയേറ്റങ്ങൾ അപകടസാധ്യതകളും ഉണ്ടാക്കുമെന്നും മുനിസിപ്പാലിറ്റി വൃത്തങ്ങൾ വ്യക്തമാക്കി. അനധികൃത ഭൂമി കൈയേറ്റം തടയുന്നതിനുള്ള പ്രതിജ്ഞാബദ്ധത ഊന്നിപ്പറഞ്ഞ മുനിസിപ്പാലിറ്റി, ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് നിർണായക നടപടികൾ തുടരുകയാണെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.