ശാരീരികവും മാനസികവുമായ വ്യതിയാനങ്ങൾ മനുഷ്യന്റെ എല്ലാ വളർച്ച കാലഘട്ടത്തിലും സംഭവിക്കുന്നു. വാർധക്യത്തിൽ ഈ വ്യതിയാനങ്ങൾ കൂടുതലായിരിക്കും. അതിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് ദന്തരോഗങ്ങൾ. വാർധക്യ സംബന്ധമായ ദന്ത രോഗങ്ങളുടെ രോഗനിർണയം, പ്രതിരോധം, ദന്തപരിചരണം, ചികിത്സ എന്നിവ ഉൾപ്പെടുന്ന ദന്തശാസ്ത്ര ശാഖയാണ് ജെറിയാട്രിക് ഡെന്റിട്രി. വാർധ്യകാലത്തും പല്ലുകൾ സംരക്ഷിച്ചാൽ നമ്മുടെ നിറചിരി ഒരിക്കലും നഷ്ടമാവില്ല. പുഞ്ചിരിക്ക് സൗന്ദര്യം നൽകാൻ മാത്രമല്ല, ഭക്ഷണം ചവച്ചരക്കുന്നതിനും ഉച്ചാരണശുദ്ധി നിലനിർത്താനും പല്ലുകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
പല്ലുകളെ താങ്ങിനിർത്തുന്ന അസ്ഥിക്ക് ഭ്രംശം സംഭവിക്കുന്നതുമൂലം പല്ലുകൾക്ക് ഇളക്കം തട്ടുകയും പല്ലുകൾ നഷ്ടപ്പെടുകയും ചെയ്യുന്നു. പ്രമേഹരോഗിയാണെങ്കിൽ ഇതിനുള്ള സാധ്യത ഏറെയാണ്. മുതിർന്നവരിൽ നേരത്തേ ഇല്ലാത്ത വിടവുകൾ പല്ലുകളിൽ ഉണ്ടാകുമ്പോൾ അത് മോണരോഗമാണെന്നു സംശയിക്കാം. മോണയിൽനിന്ന് പഴുപ്പുവരുക, വായ്നാറ്റം, പല്ലുകൾ വേരുമുതൽ കാണുന്ന വിധത്തിൽ താഴ്ന്ന മോണ എന്നിവയും ലക്ഷണങ്ങളാണ്. ഈ ഘട്ടത്തിൽ ചികിത്സ തേടാതിരുന്നാൽ പല്ലിനുചുറ്റുമുള്ള അസ്ഥിയെ ബാധിക്കുകയും പല്ല് ഇളകിപ്പോവുകയും ചെയ്യും.
രോഗം ഉറപ്പിച്ചുകഴിഞ്ഞാൽ പ്രാഥമികമായി പല്ലുകൾ ക്ലീൻ ചെയ്യണം. മിക്കവരിലും അതിലൂടെ ആശ്വാസമുണ്ടാകും. രോഗതീവ്രത അനുസരിച്ച് ഫ്ലാപ് സർജറി, ബോൺ ഗ്രാഫ്റ്റിങ് എന്നിവയും നിർദേശിക്കാറുണ്ട്. എല്ലിനു തേയ്മാനമുണ്ടെങ്കിൽ അവിടം മരവിപ്പിച്ചശേഷം ഉള്ളിൽനിന്ന് അണുബാധ വിമുക്തമാക്കുകയാണ് ഫ്ലാപ് സർജറിയിൽ ചെയ്യുന്നത്. എക്സ്റേയിലൂടെ തേയ്മാനം തിരിച്ചറിയാം. സർജറിക്കു ശേഷവും പല്ലുകൾ ശുചിയാക്കിവെക്കാൻ ശ്രദ്ധിക്കണം. അതിലൂടെ രോഗം തിരിച്ചെത്താനുള്ള സാധ്യത കുറക്കാം. നശിച്ചുപോയ എല്ലുകൾ പൂർവസ്ഥിതിയിലേക്കു കൊണ്ടുവരാൻ ബോൺ ഗ്രാഫ്റ്റിങ് സഹായിക്കും.
പ്രായമാകുമ്പോള്‍ ഉണ്ടാകുന്ന പല്ലുതേയ്മാനത്തിന് കോമ്പോസിറ്റ് പോലെയുള്ള ഫില്ലിങ് മെറ്റീരിയൽ ഉപയോഗിച്ച് പല്ലിനെ പൂർവ സ്ഥിതിയിലേക്ക് കൊണ്ടു വരാം. പല്ലു പുളിപ്പിനുള്ള ടൂത്ത് പേസ്റ്റ് (ടെ സെൻ സിറ്റൈസ്ഡ്) ഉപയോഗിക്കുന്നതും ഫലപ്രദമാണ്. പുളിപ്പിനുള്ള ടൂത്ത് പേസ്റ്റുകള്‍ തേയ്മാനം മൂലം ഉണ്ടാക്കുന്ന തുറസ്സായ ഡെന്റല്‍ സുഷിരത്തെ താൽക്കാലികമായി അടക്കുകയും ബാഹ്യമായ താപ വ്യതിയാനങ്ങൾ പല്ലിന്റെ ഞരമ്പുകളിലേക്ക് എത്താതെ സംരക്ഷിക്കുകയും പല്ലുപുളിപ്പ് കുറക്കുകയും ചെയ്യുന്നു.
പല്ലുകൾക്ക് സംഭവിക്കുന്ന തേയ്മാനം മൂലം പല്ല് നഷ്ടമാകുന്നു. കൃത്യസമയത്ത് ചികിത്സ നൽകാതിരിക്കുന്നതിനാലാണ് ഈ രോഗങ്ങൾ ദന്തനാശത്തിന് കാരണമാവുന്നത്. വർഷത്തിൽ രണ്ടു തവണയെങ്കിലും ദന്തഡോക്ടറെ സമീപിക്കുന്നത് നന്നാവും. ഡോക്ടർ നിർദേശിക്കുന്ന ബ്രഷ് ഉപയോഗിച്ച് പല്ലുകൾ വൃത്തിയാക്കുക. മുഴുവനായി നഷ്ടപ്പെട്ട പല്ലുകൾ കംപ്ലീറ്റ് ഡെന്റർ (complete denture) വഴിയും ഭാഗികമായി നഷ്ടപ്പെട്ട പല്ലുകൾ പാർഷ്യൽ ഡെന്റർ (partial denture), ഇംപ്ലാന്റ് (implant) തുടങ്ങിയ ചികിത്സ രീതികളിലൂടെയും പുനഃസ്ഥാപിക്കാം. ഇത്തരം കൃത്രിമ ദന്തങ്ങളെ പ്രത്യേകം ശ്രദ്ധിക്കണം.
പല്ലുതേക്കുന്ന സമയം വായ് കണ്ണാടിയിൽ പരിശോധിക്കുക. വെളുത്തതോ ചുവന്നതോ ആയ പാടുകൾ, ഉണങ്ങാത്ത മുറിവുകൾ എന്നിവ മോണയിൽ ശ്രദ്ധയിൽപെട്ടാൽ ഡോക്ടറെ സമീപിക്കുക.
ശരീരത്തിന്റെ മൊത്തത്തിലെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് കൃത്യമായ ദന്തസംരക്ഷണവും അത്യന്താപേക്ഷിതമാണ്. ദൃഢമായതും അസുഖങ്ങളില്ലാത്തതുമായ പല്ലുകളാണ് ദന്താരോഗ്യത്തിന്റെ അടിത്തറ. ചിരിയുടെ സൗന്ദര്യം നിലനിർത്താൻ മാത്രമല്ല, ഭക്ഷണപദാർഥങ്ങൾ ചവച്ചരക്കുന്നതിനും സംഭാഷണങ്ങളിലേക്ക് ഉച്ചാരണശുദ്ധി കൊണ്ടുവരാനും പല്ലുകളുടെ ആരോഗ്യം നിർണായക ഘടകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.