തൊഴിൽ നിയമം പാലിച്ചില്ലെങ്കിൽ ലീവ് സാലറി തിരിച്ചുപിടിക്കാം

പോയിൻറ് തൊഴിൽ നിയമം പാലിച്ചില്ലെങ്കിൽ ലീവ് സാലറി തിരിച്ചുപിടിക്കാൻ വ്യവസ്ഥയുണ്ടോ?

ഞാൻ ബർക്കയിലെ ഒരു ഫുഡ് പ്രോസസിങ് കമ്പനിയിൽ അഞ്ചുവർഷമായി ജോലി ചെയ്തു വരുന്നു. എനിക്ക് ലീവ് അനുവദിച്ച സമയം ഞാൻ കമ്പനിയിൽ നിന്ന് ലീവ് സാലറിയും മറ്റു ആനുകൂല്യങ്ങളും വാങ്ങുകയും, നാട്ടിൽ പോകേണ്ട അത്യാവശ്യം ഇല്ലാത്തതിനാൽ ഒമാനിൽ തന്നെ സ്വന്തമായി സൂപ്പർ മാർക്കറ്റ് നടത്തുന്ന എെൻറ സഹോദരെൻറ അടുത്ത് പോവുകയും അവിടെ താമസിക്കുകയും ചെയ്തു. സൂപ്പർ മാർക്കറ്റിലെ ഒരു ജീവനക്കാരൻ നാട്ടിൽ നിന്ന് തിരികെ വരാൻ താമസിച്ചതിനാൽ അവിടെ കുറച്ച് ജോലിഭാരം കൂടുതലുണ്ടായിരുന്നു. സഹോദരെൻറ ആവശ്യപ്രകാരം ഞാൻ എന്നാൽ കഴിയുന്ന വിധത്തിൽ അല്ലറ ചില്ലറ ജോലി സഹായങ്ങൾ ചെയ്തു കൊടുത്തു. അതിന് നിർബന്ധപൂർവം പ്രതിഫലം നൽകുകയും ചെയ്തു. ലീവ് കാലാവധി കഴിഞ്ഞു ഞാൻ തിരികെ ജോലിയിൽ കൃത്യ ദിവസം തന്നെ തിരികെ പ്രവേശിച്ചു. എന്നാൽ കമ്പനി അധികൃതർ ഞാൻ ഇപ്രകാരം സഹോദരെൻറ സ്ഥാപനത്തിൽ ജോലി ചെയ്തതായി അറിഞ്ഞു. ലീവ് സമയം മറ്റു കമ്പനിയിൽ ജോലി ചെയ്തു വരുമാനമുണ്ടാക്കിയതിന്നാൽ എന്റെ ലീവ് സാലറി മാസശമ്പളത്തിൽ നിന്നും തിരിച്ചു പിടിക്കും എന്ന് അറിയിച്ചിരിക്കുകയാണ്. ഇത്തരത്തിൽ ലീവ് സാലറി തിരിച്ചുപിടിക്കാൻ വ്യവസ്ഥയുണ്ടോ?
- സുഭാഷ് ചന്ദ്രൻ ഐരാണിമുട്ടം


ഒമാൻ തൊഴിൽ നിയമം (റോയൽ ഡിക്രി 35/2003) അദ്ധ്യായം രണ്ടിൽ തൊഴിലാളിയുടെ ലീവും മറ്റു അനുബന്ധകാര്യങ്ങളുമാണ് പ്രതിപാദിച്ചിട്ടുള്ളത്. അതിലെ 61ാം വകുപ്പിൽ വരുത്തിയ ഭേദഗതി പ്രകാരം ഒരു തൊഴിലാളിക്ക് തൊഴിലിൽ ഏർപ്പെട്ട ശേഷമുള്ള ആദ്യ വർഷം മൊത്ത ശമ്പളത്തോടെയുള്ള ഒരു മാസത്തെ അവധി ലഭിക്കാൻ അർഹതയുള്ളതാണ്. തൊഴിലിൽ ചേർന്ന് കുറഞ്ഞത് ആറ് മാസം കഴിയാതെ ഇത്തരം അവധി അനുവദനീയമല്ല. തൊഴിലാളിക്ക് ഒരു വർഷത്തിൽ പരമാവധി ആറ് എമർജൻസി ലീവ് വരെ ലഭിക്കുന്നതിനുള്ള അവകാശം

ഉണ്ടായിരിക്കുന്നതാണ്. ഇത്തരം അവധികൾ ക്രമീകരിക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം തൊഴിൽ മന്ത്രാലയത്തിൽ നിന്നും കാലാകാലങ്ങളിൽ ഉണ്ടാകുന്നതാണ്. പ്രായ പൂർത്തിയാകാത്ത (ജുവനൈൽ) തൊഴിലാളികളുടെ കാര്യത്തിൽ ഒഴിച്ച് അവധികൾ തൊഴിൽ ആവശ്യപ്രകാരം വിഭജിക്കുന്നത് അനുവദനീയമാണ്. ഇപ്രകാരം തൊഴിലാളിയുടെ വാർഷികാവധി വരുന്ന വർഷത്തിലേക്കു മാറ്റി വെക്കാവുന്നതാണ്. ഓരോ രണ്ടു വർഷ കാലയളവിലും ഒരു തൊഴിലാളി ഏറ്റവും കുറഞ്ഞത് രണ്ടാഴ്ചക്കാലയളവിലെങ്കിലും അവധിയിൽ പ്രവേശിച്ചിരിക്കണം. അനുവദനീയമായ വാർഷിക അവധിയിൽ തൊഴിലാളി പ്രയോജനപ്പെടുത്താത്ത ദിവസങ്ങളിലെ അടിസ്ഥാന വേതനം രേഖാമൂലം എഴുതി നൽകുന്ന പക്ഷം തൊഴിലാളിക്ക് നൽകേണ്ടതാണ്. ആർട്ടിക്കിൾ 63 പ്രകാരം വാർഷിക അവധി സമയത്ത് തൊഴിലാളി മറ്റൊരു തൊഴിലുടമയുടെ കൂടെ പണിയെടുത്തതായി തെളിഞ്ഞാൽ തൊഴിലുടമക്ക് വാർഷികാവധിക്കാലത്തുള്ള വേതനം നിഷേധിക്കുകയോ, ആയതു നൽകിക്കഴിഞ്ഞെങ്കിൽ തിരിച്ചു പിടിക്കാവുന്നതുമാണ്. അനുവദനീയമായ അവധി ഉപയോഗപ്പെടുത്തി തീരും മുമ്പ് തന്നെ തിരികെ ജോലിയിൽ പ്രവേശിച്ചു കഴിഞ്ഞാൽ ഉപയോഗപ്പെടുത്താതെ ശേഷിക്കുന്ന അവധി ദിവസങ്ങളിലെ അടിസ്ഥാന ശമ്പളത്തിന് ആർട്ടിക്കിൾ 64 പ്രകാരം തൊഴിലാളിക്ക് അർഹത ഉണ്ടായിരിക്കുന്നതാണ്. ബന്ധപ്പെട്ട മന്ത്രാലയത്തിെൻറ തീരുമാനപ്രകാരം അവധി ദിനങ്ങളിലെയും ഉത്സവ ദിനങ്ങളിലെയും മൊത്തം വേതനം ലഭിക്കുന്നതിന് തൊഴിലാളിക്ക് അർഹത ഉണ്ടായിരിക്കും. ഒരു ഔദ്യോഗിക അവധിയും ആഴ്ചയിലുള്ള വേതന സഹിതമുള്ള അവധിയും ഒരുമിച്ചു വരികയാണെങ്കിൽ തൊഴിലാളിക്ക് മറ്റൊരു ദിവസത്തെ അവധി അതിനു പകരം നൽകുകയും വേണം.

ഔദ്യോഗിക അവധി ദിനം വാർഷിക അവധിക്കിടയിലാണ് വരികയെങ്കിൽ പകരം അവധി ലഭിക്കുന്നതല്ല. മൊത്ത വേതനത്തോടെ തൊഴിലാളിക്ക് ഉറപ്പാക്കപ്പെട്ടിരിക്കുന്ന മറ്റു അവധികൾ ഇപ്രകാരമാണ്:

1. വിവാഹ ആവശ്യത്തിലേക്കായി - മൂന്നു ദിവസത്തെ അവധി, മൊത്തം സേവന കാലാവധിയിൽ ഒന്നിൽ കൂടുതൽ പ്രാവശ്യം ഇത് അനുവദനീയമല്ല.

2.അച്ഛെൻറയോ അമ്മയുടേയോ, മകെൻറയോ മകളുടെയോ സഹോദരെൻറയോ, സഹോദരിയുടെയോ, മുത്തച്ഛെൻറയോ മുത്തശ്ശിയുടെയോ മരണം സംഭവിച്ചാൽ മൂന്ന് ദിവസം വരെ അവധി ലഭിക്കും.

3. അമ്മാവെൻറയോ അമ്മാവിയുടെയോ മരണം സംഭവിച്ചാൽ രണ്ട് ദിവസം അവധി ലഭിക്കും.

4. തൊഴിലുടമയുടെ കൂടെ ഒരു വർഷം സേവനം പൂർത്തീകരിച്ച ശേഷം ഹജ്ജ് തീർഥാടനം നിർവഹിക്കുന്നതിന് 15 ദിവസത്തെ അവധി ലഭിക്കും (മൊത്തം സേവന കാലയളവിൽ ഒരു തവണ മാത്രമാണ് ഇത് അനുവദനീയം).

5. തൊഴിലാളിയായ മുസ്ലിം സ്ത്രീയുടെ ഭർത്താവ് മരണപ്പെട്ടാൽ 130 ദിവസം അവധി ലഭിക്കും.

(മേൽപറഞ്ഞവയിൽ 2,3,5 ൽ ഉൾപ്പെട്ടവ ബന്ധപ്പെട്ട അധികാര സ്ഥാനങ്ങളിൽ നിന്നുള്ള മരണം സ്ഥിരീകരിച്ച രേഖയുടെ അടിസ്ഥാനത്തിൽ അനുവദിക്കുന്നതാണ്). താങ്കളുടെ പ്രവർത്തി ഒമാൻ തൊഴിൽ നിയമം ആർട്ടിക്കിൾ 63ൻറെ ലംഘനം ആകയാൽ താങ്കളിൽ നിന്ന് ലീവ് സാലറി തിരിച്ചു പിടിക്കാൻ നിയമാനുസൃതം തൊഴിലുടമക്ക് സാധിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.