മസ്കത്ത്: അൽ അമീറാത്ത് ക്രിക്കറ്റ് ഗ്രൗണ്ടിൽ ജനുവരി രണ്ടാം വാരത്തോടെ നടക്കുന്ന പ്രഥമ ലെജൻഡ് ക്രിക്കറ്റ് ലീഗിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സെവാഗ്, യുവരാജ്, ഹർഭജൻ സിങ് തുടങ്ങി ഒരുകാലത്ത് ഇന്ത്യൻ ക്രിക്കറ്റിനെ അടക്കിവാണിരുന്ന ഒരുകൂട്ടം താരങ്ങളാണ് മസ്കത്തിന്റെ കളിമുറ്റത്തേക്ക് വീണ്ടും ആവേശം തീർക്കാൻ എത്തുന്നത്. പ്രശസ്തരായ പഴയ ക്രിക്കറ്റ് താരങ്ങളെ അണിനിരത്തി ഒരുക്കുന്ന ടൂർണമെന്റിൽ ഏഷ്യ ലയൺസ്, ഇന്ത്യ, റെസ്റ്റ് ഓഫ് ദ വേൾഡ് എന്നിങ്ങനെ മൂന്നു ടീമുകളാണ് ഉണ്ടാകുക. ജയസൂര്യ, അഫ്രീദി, മുത്തയ്യ മുരളീധരൻ തുടങ്ങിയവരടങ്ങിയ ഏഷ്യ ലയൺസ് ടീമിന്റെ പ്രഖ്യാപനം ദിവസങ്ങൾക്കുമുമ്പ് നടന്നിരുന്നു.
വീരേന്ദർ സെവാഗ്, യുവരാജ് സിങ്, ഹർഭജൻ സിങ്, ഇർഫാൻ പത്താൻ, യൂസുഫ് പത്താൻ, എസ്. ബദരീനാഥ്, ആർ.പി. സിങ്, പ്രഗ്യാൻ ഓജ, നമാൻ ഓജ, മൻപ്രീത് ഗോണി, ഹേമങ് ബദാനി, വേണുഗോപാൽ റാവു, മുനാഫ് പട്ടേൽ, സഞ്ജയ് ബംഗാർ, നയൻ മോംഗിയ, അമിത് ഭണ്ഡാരി എന്നിവരാണ് ടീം ഇന്ത്യക്കായി ജഴ്സി അണിയുക. ഷാഹിദ് അഫ്രീദി, ജയസൂര്യ, മുത്തയ്യ മുരളീധരൻ, ശുഐബ് അക്തർ, ചാമിന്ദ വാസ്, റൊമേഷ് കലുവിതരണ, തിലകരത്നെ ദിൽഷൻ, അസ്ഹർ മഹ്മൂദ്, ഉപുൽ തരംഗ, മിസ്ബാഉൽ ഹഖ്, മുഹമ്മദ് ഹഫീസ്, ശുഐബ് മാലിക്, മുഹമ്മദ് യൂസുഫ്, ഉമർ ഗുൽ, യൂനുസ് ഖാൻ, അസ്കർ അഫ്കാൻ എന്നീ താരങ്ങളാണ് ഏഷ്യ ലയൺസിനായി അണി നിരക്കുന്നത്. റെസ്റ്റ് ഓഫ് ദ വേൾഡിന്റെ പ്രഖ്യാപനവും മത്സര ഷെഡ്യൂളും വരും ദിവസങ്ങളിൽ നടക്കും. പഴയ നക്ഷത്രങ്ങൾ വീണ്ടും കളത്തിൽ എത്തുന്നതോടെ മത്സരങ്ങൾ തീപ്പാറുമെന്നുറപ്പായി.
മുൻ ഇന്ത്യൻ ആൾറൗണ്ടറും ഇന്ത്യൻ ടീമിന്റെ കോച്ചുമായിരുന്ന രവിശാസ്ത്രിയാണ് ലെജൻഡ് ക്രിക്കറ്റ് ലീഗിന്റെ കമീഷണർ. ലോകകപ്പ് ക്രിക്കറ്റ് ട്വന്റി 20 ടൂർണമെന്റിന്റെ വിജയകരമായ നടത്തിപ്പിനുശേഷം മറ്റൊരു അന്താരാഷ്ട്ര ടൂർണമെന്റിനാണ് ഒമാൻ വേദിയാകാൻ പോകുന്നത്. ലോകകപ്പിനായി ഒരുങ്ങാൻ കുറച്ചു സമയമാണ് ഒമാന് ലഭിച്ചത്. എന്നാൽ, അതിനുള്ളിൽതന്നെ മികച്ച സൗകര്യമൊരുക്കി ലോക മാമാങ്കംവിജയകരമായി നടത്താൻ ഒമാന് സാധിച്ചു. മത്സരങ്ങൾ കൊടിയിറങ്ങിയപ്പോൾ പല പ്രമുഖരും സൗകര്യങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തിയാണ് ഇവിടെ നിന്നും മടങ്ങിയത്. അതേസമയം, ഒരുകാലത്ത് ടി.വികളിലൂടെ കണ്ടിരുന്ന താരങ്ങളെ നേരിട്ട് കാണാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണ് ഒമാനിലെ മലയാളികളടക്കമുള്ള ക്രിക്കറ്റ് പ്രേമികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.