മസ്കത്ത്: സമൂഹ മാധ്യമങ്ങളിലൂടെ സെൻട്രൽ ബാങ്ക് ഓഫ് ഒമാന്റെ (സി.ബി.ഒ) പേരിൽ നടത്തുന്ന വ്യാജ ലോൺ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്. വാട്സ്ആപ്, സ്നാപ്ചാറ്റ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലൂടെയാണ് സി.ബി.ഒയുടെ പേരിൽ ലോൺ വാഗ്ദാനം ചെയ്ത് സംഘം തട്ടിപ്പ് നടത്തുന്നത്.
ലോണിനായി ഇരകൾക്ക് വഞ്ചനാപരമായ ലിങ്കുകൾ നൽകി വ്യക്തിഗത, ബാങ്കിങ് വിവരങ്ങൾ ചോർത്തുകയാണ് ചെയ്യുന്നത്. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് ഇരകളുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് പണം തട്ടിയെടുക്കുകയാണ് സംഘം ചെയ്യുന്നതെന്നും അധികൃതർ വ്യക്തമാക്കി.
ഇത്തരം സന്ദേശങ്ങൾ അവഗണിക്കണമെന്നും വിശ്വാസ്യതയെക്കുറിച്ച് ഉറപ്പില്ലെങ്കിൽ അറ്റാച്ചുചെയ്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും ആർ.ഒ.പി പൗരന്മാരോടും താമസക്കാരോടും ഉപദേശിച്ചു. സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ വ്യക്തിഗതമോ ഭവനവായ്പയോ മറ്റേതെങ്കിലും ബാങ്കിങ് സേവനങ്ങളോ വ്യക്തികൾക്ക് നേരിട്ട് നൽകുന്നില്ലെന്ന് ശ്രദ്ധിക്കേണ്ടതാണെന്നും അധികൃതർ വ്യക്തമാക്കി.
ഓൺലൈൻ ബാങ്കിങ് മേഖലയിലെ തട്ടിപ്പിനെതിരെ ബോധവത്കരണം ശക്തമാക്കിയതോടെ പുതിയ രീതികളാണ് സംഘം ഉപയോഗിക്കുന്നത്. ആദ്യകാലങ്ങളിൽ ബാങ്ക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനാണെന്ന് പറഞ്ഞ് ഫോൺ വിളിച്ച് അക്കൗണ്ട് വിവരങ്ങളും മറ്റും കൈവശപ്പെടുത്തുന്ന രീതിയായിരുന്നു അരങ്ങേറിയിരുന്നത്.
പ്രമുഖ വാണിജ്യസ്ഥാപനം, ബാങ്ക് എന്നിവിടങ്ങളിൽ സമ്മാനത്തിനും മറ്റും അര്‍ഹനായിരിക്കുന്നുവെന്നും നിങ്ങള്‍ക്ക് ലഭിച്ച ഒ.ടി.പി നമ്പറും മറ്റു വിവരങ്ങളും നല്‍കണമെന്നും ആവശ്യപ്പെട്ട് തട്ടിപ്പുകൾ നടന്നിരുന്നു. എന്നാൽ, ഇത്തരം തട്ടിപ്പുകളെ ക്കുറിച്ച് ആളുകൾ ബോധവാന്മാരായതോടെ പുത്തൻ അടവുകളാണ് സംഘങ്ങൾ പയറ്റുന്നത്.
സുരക്ഷകാരണങ്ങളാൽ ബാങ്ക് അക്കൗണ്ടും ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളും താൽക്കാലികമായി മരവിപ്പിച്ചിരിക്കുകയാണെന്നും വിവരങ്ങൾക്കായി ഈ നമ്പറിൽ ബന്ധപ്പെടണമെന്നും പറഞ്ഞാണ് പുതിയ രീതിയിൽ നടക്കുന്ന തട്ടിപ്പുകളിലൊന്ന്.
ജോലി വാഗ്ദാനം ചെയ്ത് ഓൺലൈനിലൂടെ പണം തട്ടുന്ന മറ്റൊരു രീതിക്കെതിരെ മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ് എത്തിയിരുന്നു. പ്രതിദിന ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ടെക്സ്റ്റ് സന്ദേശങ്ങൾ അയച്ചാണ് സംഘം തട്ടിപ്പ് നടത്തുന്നതെന്ന് ആർ.ഒ.പി അറിയിച്ചിരുന്നു.
ഇങ്ങനെ ലഭിക്കുന്ന സന്ദേശങ്ങൾ ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ ആവശ്യപ്പെടും. എന്നിട്ട് സംഘം മുൻമ്പ് തട്ടിപ്പിലൂടെ നേടിയ തുക ഇതിലേക്ക് കൈമാറും. പിന്നീട് അവരുടെ യഥാർഥ അക്കൗണ്ടിലേക്ക് ഉടൻതന്നെ കൈമാറുകയും ചെയ്യുന്ന രീതിയാണ് സംഘം സ്വീകരിച്ചിരുന്നത്.
ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട് വിളിക്കുന്ന അജ്ഞാതർക്ക് കാർഡ് വിവരങ്ങൾ കൈമാറരുതെന്ന് റോയൽ ഒമാൻ പൊലീസ് നേരത്തേതന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. സ്വദേശികൾക്കും വിദേശികൾക്കുമായി നൽകിയ നിർദേശങ്ങളിലാണ് ബാങ്ക് കാർഡിന്റെ വിശദാംശങ്ങൾ, സി.വി.വി കോഡ്, ഒ.ടി.പി എന്നിവ കൈമാറരുതെന്ന് ആർ.ഒ.പി നിർദേശിച്ചിരിക്കുന്നത്.
വ്യക്തിഗത ബാങ്ക് അക്കൗണ്ട്, ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, ഒ.ടി.പി (വണ്‍ ടൈം പാസ്വേഡ്) തുടങ്ങിയവ ആവശ്യപ്പെടുന്ന ഫോൺകാളുകളെയും മെസേജുകളെയുംക്കുറിച്ച് ജാഗ്രത തുടരണമെന്ന് ബാങ്കിങ് മേഖലയിലുള്ളവർ പറയുന്നത്. വിവരങ്ങൾ പങ്കുവെച്ചുകഴിഞ്ഞാല്‍ അക്കൗണ്ടിൽനിന്ന് പണംതട്ടുന്ന രീതിയാണ് വ്യാപകമായി നടക്കുന്നത്.
എന്നാൽ, ഓൺലൈനിലൂടെ സാധനങ്ങള്‍ വാങ്ങുന്നതിനും തട്ടിപ്പുസംഘം ഇത്തരം രീതി ഉപയോഗിക്കുന്നുണ്ട്. ഫോൺകാള്‍, ടെക്സ്റ്റ് മെസേജ്, സോഷ്യല്‍ മീഡിയ എന്നിവയിലൂടെ ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറാതിരിക്കുക എന്നതുതന്നെയാണ് ഇത്തരം തട്ടിപ്പുരീതികളെ പ്രതിരോധിക്കാനുള്ള മികച്ച മാർഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.