മസ്കത്ത്: രാജ്യത്തേക്ക് വിദേശനിക്ഷേപകരെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയിൽ മലയാളികളുൾപ്പെടെ 42 പേർക്കുകൂടി ദീർഘകാല വിസ നൽകി. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അണ്ടർ സെക്രട്ടറി അസീല ബിൻത് സലേം അൽസംസമിയയാണ് ദീർഘകാല വിസ വിതരണം ചെയ്തത്. മൂന്നാംഘട്ട വിതണത്തിൽ 17 പേർക്ക് 10 വർഷത്തേക്കും 25 ആളുകൾക്ക് അഞ്ചു വർഷത്തേക്കുമുള്ള വിസയാണ് നൽകിയത്. കഴിഞ്ഞ ഒക്ടോബറിൽ പദ്ധതി ആരംഭിച്ചത് മുതൽ കഴിഞ്ഞ ദിവസംവരെ വിവിധ മലയാളികളുൾപ്പെടെ 75 ആളുകൾക്കാണ് ദീർഘകാല റെസിഡൻസി കാർഡുകൾ നൽകിയത്.
ഒമാനിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, തദ്ദേശ ഉൽപന്നങ്ങൾക്ക് കൂടുതൽ സാധ്യത നൽകുക, ഒമാെൻറ സാമ്പത്തികഘടനയെ ശക്തിപ്പെടുത്തുക, നിക്ഷേപത്തിൽ ഗുണപരത ഉറപ്പുവരുത്തുക തുടങ്ങിയവയിലൂടെ നിർണായക നീക്കങ്ങൾ നടത്തുന്ന പ്രമുഖ നിക്ഷേപകരെയാണ് ഇങ്ങനെ ദീർഘകാല താമസാനുമതിക്ക് പരിഗണിക്കുക. നിബന്ധനങ്ങൾക്ക് വിധേയമായി അഞ്ച്, 10 വർഷ കാലത്തേക്കായിരിക്കും താമസാനുമതി നൽകുക. യു.എ.ഇയിലെ ഗോൾഡൻ വിസ പദ്ധതിക്ക് സമാനമായാണ് ഒമാൻ നിക്ഷേപകരെ ആകർഷിക്കാനുള്ള ദീർഘകാല വിസ പദ്ധതിക്ക് തുടക്കമിട്ടിരിക്കുത്.
10 വർഷത്തേക്ക് താമസ അനുമതി ലഭിക്കാനുള്ള നിബന്ധനകൾ: എൽ.എൽ.സി കമ്പനിയിലോ ജോയൻറ് സ്റ്റോക്ക് കമ്പനിയിലോ അഞ്ചു ലക്ഷം റിയാൽ നിക്ഷേപമുണ്ടായിരിക്കുക. അല്ലെങ്കിൽ ഇതേ മൂല്യത്തിലുള്ള ഗവൺമെൻറ് ബോണ്ട്, 50 ഒമാനികൾ ജോലി ചെയ്യുന്ന കമ്പനി ഉണ്ടായിരിക്കുക. അല്ലെങ്കിൽ അഞ്ചു ലക്ഷം റിയാൽ മൂല്യത്തിൽ കുറയാത്ത ഭവന യൂനിറ്റ് വാങ്ങുക.
അഞ്ചു വർഷത്തേക്ക് താമസ അനുമതി ലഭിക്കാനുള്ള നിബന്ധനകൾ: രണ്ടര ലക്ഷം റിയാലിൽ കുറയാത്ത നിക്ഷേപമുണ്ടായിരിക്കുക. അല്ലെങ്കിൽ ഇതേ മൂല്യത്തിലുള്ള ഗവൺമെൻറ് ബോണ്ട്, രണ്ടര ലക്ഷം റിയാലിൽ കുറയാത്ത വിലക്ക് ഭവന യൂനിറ്റുകൾ വാങ്ങുക, നിശ്ചിത കാലയളവിൽ ഒമാനിൽ ജോലിചെയ്ത് വിരമിച്ചവർക്കും അപേക്ഷിക്കാം. ഇവർക്ക് 4000 റിയാലിൽ കുറയാത്ത സ്ഥിരവരുമാനവും താമസസ്ഥലവും ഉണ്ടാകണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.