ഞാൻ സലാലയിൽ ഒരു ഹൗസ്ഹോൾഡ് ഷോപ്പിൽ ജോലി ചെയ്തു വരികയാണ്. എന്റെ ഭാര്യയുടെ അനുജത്തിയുടെ ഭർത്താവ് നൽകിയ ഒരു വിസയിലാണ് ഞാൻ ഇവിടെ എത്തിയത്. ഏകദേശം ഒന്നര കൊല്ലത്തോളമായി ഞാനിവിടെ ജോലി ചെയ്യുന്നു. എനിക്ക് പുറമെ സ്ഥാപനമുടമയുടെ ബന്ധു കൂടി ഇവിടെ ജോലി ചെയ്യുന്നുണ്ട്. വിസ നൽകുന്ന സമയത്ത് എെൻറ തൊഴിലുടമ ആവശ്യപ്പെട്ടതനുസരിച്ച് ഞാൻ 1.25 ലക്ഷം രൂപ നൽകിയിരുന്നു. മാസം എനിക്ക് 150 റിയാൽ ആണ് ശമ്പളം.അതിൽ നിന്ന് ഞാൻ ഭക്ഷണത്തിന്ന് മാറ്റി വാക്കേണ്ടതുണ്ട്. കോവിഡിെൻറ പ്രശ്നത്താൽ സ്ഥാപനം ദീർഘകാലം അടച്ചിടേണ്ടതായി വന്നു. അതിന് ശേഷം പ്രവർത്തനം ആരംഭിച്ചപ്പോൾ പഴയ പോലെ ബിസിനസ് ഇല്ലാത്തതിനാൽ എന്നെ തുടർന്ന് തൊഴിലിൽ വെക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് എന്ന് അറിയിച്ചിരിക്കുകയാണ്. കോവിഡ് കാലത്തു വരുമാനം ഇല്ലാത്തതിരുന്നതിനാൽ തന്നെ നാട്ടിൽ ആകെ കടം കയറിയ അവസ്ഥയാണ്. വിസക്ക് പണം വാങ്ങുന്നത് നിയമപരമായി അംഗീകരിക്കപ്പെട്ടിട്ടുണ്ടോ?
മുഹമ്മദ് റിയാസ് പത്തിരിപ്പാല.
ഒമാൻ തൊഴിൽ നിയമം റോയൽ ഡിക്രി 35/ 2003 ( ഭേദഗതികളോടെ) അദ്ധ്യായം രണ്ട് ആർട്ടിക്കിൾ 18 ൽ വിദേശ തൊഴിലാളികളുടെ തൊഴിൽ നടപടിക്രമങ്ങൾ വിശദീകരിച്ചിരിക്കുന്നു. അത് പ്രകാരം തൊഴിലുടമ ബന്ധപ്പെട്ട മന്ത്രാലയത്തിെൻറ പെർമിറ്റ് പ്രകാരമുള്ള അനുമതി കൂടാതെ വിദേശ തൊഴിലാളികളെ കൊണ്ടുവരാനോ ജോലിയിൽ പ്രവേശിപ്പിക്കാനോ പാടുള്ളതല്ല. ചില നിബന്ധനകൾക്ക് വിധേയമായിട്ടാണ് വിദേശികളെ റിക്രൂട്ട് ചെയ്യാൻ പെർമിറ്റ് നൽകുക. ഇങ്ങനെ റിക്രൂട്ട് ചെയ്യപ്പെടുന്ന വിദേശിക്ക് ആ തൊഴിൽ ചെയ്യുന്നതിലേക്കായ തൊഴിൽപരമായ സാങ്കേതിക വൈദഗ്ധ്യവും, കാര്യക്ഷമതയും ഉണ്ടായിരിക്കേണ്ടതാണ്. ഇത്തരക്കാർക്ക് ഫോറിനേഴ്സ് റെസിഡൻസി ലോയുടെ വ്യവസ്ഥകൾക്ക് അനുസരിച്ചു രാജ്യത്ത് പ്രവേശിച്ച് നിയമാനുസൃതമുള്ള തൊഴിൽ കാർഡ് (ലേബർ കാർഡ്) കരസ്ഥമാക്കി ജോലിയിൽ പ്രവേശിക്കാവുന്നതാണ്. ഒരു വിദേശ തൊഴിലാളിക്കു ഇത്തരത്തിൽ വ്യാപാര വാണിജ്യ മന്ത്രാലയത്തിൽ നിന്നും മതിയായ നിയമാനുസൃത പെർമിറ്റ് കരസ്ഥമാക്കിയ ഒമാനിയോ, വിദേശിയോ ആയ തൊഴിലുടമയുമായി തൊഴിൽ കരാറിൽ ഏർപ്പെട്ട് ജോലി ചെയ്യാവുന്നതാണ്. ആർട്ടിക്കിൾ 18 ൽ വരുത്തിയ ഭേദഗതിപ്രകാരം തൊഴിലുടമ ചുവടെ വിവരിക്കുന്ന കാര്യങ്ങൾ പ്രവർത്തിക്കുവാൻ പാടില്ലാത്തതാണ്;
1. തെൻറ കീഴിൽ തൊഴിൽ ചെയ്യുന്നതിലേക്കായി അംഗീകാരമുള്ള ഒരു വിദേശ തൊഴിലാളിയെ മറ്റേതെങ്കിലും തൊഴിലുടമയുടെ കീഴിൽ പ്രവർത്തിക്കുവാൻ അനുവാദം നൽകുക .
2. സുൽത്താനേറ്റിൽ അനധികൃതമായി പ്രവേശിച്ചതോ മറ്റേതെങ്കിലും തൊഴിലുടമയുടെ കീഴിൽ ഉള്ളതോ ആയ തൊഴിലാളികളെ തെൻറ കീഴിൽ തൊഴിലെടുപ്പിക്കുക.
3.സ്വദേശികൾക്കായി സംവരണം ചെയ്യപ്പെട്ടിട്ടുള്ള ഏതെങ്കിലും ജോലിയിൽ വിദേശ തൊഴിലാളികളെ ഉപയോഗിച്ച് തൊഴിൽ ചെയ്യിക്കുക.
സ്വദേശി തൊഴിലാളികൾ തങ്ങളുടെ അംഗീകൃത തൊഴിലുടമയുടെ കിഴിൽ മാത്രമേ പ്രവർത്തിക്കുവാൻ പാടുള്ളു. വിദേശ തൊഴിലാളികളെ കൊണ്ടുവരുന്നതിന്നുള്ള ഫീസ്, ലേബർ കാർഡ് ഫീസ്, ലേബർകാർഡ് പുതുക്കി നൽകൽ, ലേബർ കാർഡിെൻറ രൂപവും, കാലാവധിയും, വിദേശ തൊഴിലാളികൾക്ക് ചെയ്യുവാൻ അനുവാദമില്ലാത്ത ജോലിയും, തൊഴിലും നിശ്ചയിക്കൽ എന്നിവ ബന്ധപ്പെട്ട മന്ത്രി സഭയുടെ അംഗീകാരത്തിന് ശേഷം ധനകാര്യമന്ത്രാലയവുമായി സഹകരിച്ചാണ് നടപ്പിൽ വരുത്തുക.
തൊഴിൽ മന്ത്രാലയത്തിെൻറ അനുവാദമില്ലാതെ വിദേശ തൊഴിലാളികളെ കൊണ്ട് വരുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് മതിയായ നിയമാനുസൃത ലൈസൻസ് ഉള്ള വ്യക്തിയുമായല്ലാതെ യാതൊരു കാരണവശാലും ഒരു കരാറുകളിലും ഏർപ്പെടുവാൻ പാടില്ലാത്തതാണ്. ഇത്തരത്തിൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ലൈസൻസ് നൽകുന്നത് സംബന്ധിച്ച വ്യവസ്ഥകൾ മന്ത്രിതല ഉത്തരവിനാൽ വ്യക്തമാക്കപ്പെട്ടിട്ടുള്ളതാണ്. താഴെ പറയുന്ന കാര്യങ്ങൾ കൃത്യമായി വ്യക്തമാക്കപ്പെട്ടിട്ടുള്ളതുമാണ് ഉത്തരവ്.
1. ലൈസൻസ് ലഭ്യമായ ആൾ പാലിക്കേണ്ട ഉത്തരവാദിത്വങ്ങൾ
2. ലൈസൻസ് ഉള്ള ആളും തൊഴിലുടമയും ഇത്തരത്തിൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനായി തയാറാക്കുന്ന കരാറിൽ അവശ്യം ഉണ്ടായിരിക്കേണ്ട നിബന്ധനകളും, സംഗതികളും
3 . തൊഴിലിെൻറ രീതിയും, കാറ്റഗറിയും
4. ഓരോരുത്തരുടെയും തൊഴിൽ അനുസരിച്ചുള്ള വേതനം
5. റിക്രൂട്ട് ചെയ്യുന്ന തൊഴിലാളികൾ കരാർ പ്രകാരം വ്യവസ്ഥ ചെയ്തിരിക്കുന്ന സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടില്ലെങ്കിൽ അവരുടെ സ്വദേശങ്ങളിലേക്ക് മടക്കി അയക്കുന്നതിനായുള്ള ലൈസൻസ്ഡ് വ്യക്തിയുടെ ബാധ്യത.
വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് നിയമാനുസരണം ലൈസൻസ് ഉള്ള ആൾക്കോ, തൊഴിലുടമക്കോ ഇപ്രകാരം കൊണ്ടുവരുന്ന തൊഴിലാളികളിൽ നിന്നും തൊഴിലിെൻറ പ്രതിഫലമായി തുക ഈടാക്കി എടുക്കാവുന്നതാണ്.
(ഒമാനിലെ പ്രവാസി സമൂഹത്തിന് നിയമങ്ങളെക്കുറിച്ചു അറിവ് നൽകുകയാണ് ഈ പംക്തിയുടെ ലക്ഷ്യം. ആധികാരിക വിവരങ്ങൾക്ക് ഔദ്യോഗിക രേഖകളെ മാത്രം ആശ്രയിക്കുക)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.