മസ്കത്ത്: ഒമാൻെറ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ ശക്തമായ ന്യൂനമർദം അനുഭവപ്പെടാൻ സാധ്യതയുള്ളതായി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. 'അൽ ഖൈർ ട്രഫ്'എന്ന പേരിൽ അറിയപ്പെടുന്ന ന്യൂനമർദം ഒമാൻെറ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴക്ക് കാരണമാക്കുമെന്നും റിപ്പോർട്ടിലുണ്ട്. മഴയുടെ ശക്തി വിവിധ ഭാഗങ്ങളിൽ വ്യത്യസ്തമായിരിക്കുമെന്നും ഏതാണ്ടെല്ലാ ഗവർണറേറ്റുകളിലും ഇടിമിന്നലോടു കൂടിയ മഴക്കും ശക്തമായ കാറ്റിനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
മുസന്തം ഗവർണറേറ്റും അൽ ഹജർ പർവതനിരകളും കേന്ദ്രീകരിച്ചായിരിക്കും ശക്തമായ മഴയുണ്ടാവുക. ഇൗ മേഖലകളിൽ മഴയിൽ വാദികൾ രൂപപ്പെടും. മരുഭൂമികളിലും തുറന്ന പ്രദേശങ്ങളിലും ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ട്. കടൽ തീരങ്ങളിൽ തിരമാലകൾ രണ്ടു മീറ്റർ വരെ ഉയരാനും സാധ്യതയുണ്ട്. പൗരന്മാരും താമസക്കാരും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ മുന്നറിയിപ്പുകൾ മുഖവിലക്കെടുക്കണമെന്നും അറിയിപ്പിലുണ്ട്.
കാലാവസ്ഥ വ്യതിയാനത്തിൻെറ ഭാഗമായി വിവിധ ഭാഗങ്ങളിൽ മൂടിക്കെട്ടിയ കാലാവസ്ഥയാണ് ബുധനാഴ്ച രാവിലെ മുതൽ അനുഭവപ്പെട്ടത്. മസ്കത്തിൻെറ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ച തന്നെ അന്തരീക്ഷം മൂടിക്കെട്ടാൻ തുടങ്ങിയിരുന്നു. മസ്കത്ത് അടക്കമുള്ള ഗവർണറേറ്റുകളിൽ അന്തരീക്ഷ ഉൗഷ്മാവ് കുറഞ്ഞിട്ടുമുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിവിധ സ്ഥലങ്ങളിൽ ഉയർന്ന താപനിലയാണ് അനുഭവപ്പെട്ടിരുന്നത്. ബുധനാഴ്ച താപനില കുറഞ്ഞ് 36 ഡിഗ്രി സെൽഷ്യസ് വരെ എത്തി. ശക്തമായ മഴ പെയ്യുകയാണെങ്കിൽ രാജ്യത്ത് സുഖകരമായ കാലാവസ്ഥ അനുഭവപ്പെടാനും സാധ്യതയുണ്ട്. മലവെള്ളം കുത്തിയൊലിച്ച് വാദികൾ രൂപപ്പെടാൻ സാധ്യതയുണ്ട്. വാദികളിൽ ഇറങ്ങുന്നതും വാഹനം ഇറക്കുന്നതും ഏറെ അപകടം നിറഞ്ഞതാണ്. ഒമാനിൽ ഇവ ശിക്ഷാർഹവുമാണ്. അതിനാൽ വാദികളുള്ള മേഖലയിൽ താമസിക്കുന്നവരും യാത്ര ചെയ്യുന്നവരും ജാഗ്രത പാലിക്കണം. വാദികൾ രൂപപ്പെടുന്നത് വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കാറുണ്ട്. നിരവധി വാഹനങ്ങളും യാത്രക്കാരും വാദിയിൽ കുടുങ്ങുകയും അപകടത്തിൽ ആളുകൾ മരിക്കുകയും ചെയ്തിട്ടുണ്ട്്. അതിനാൽ ഇൗ മേഖലകളിലൂടെ യാത്ര ചെയ്യുന്നവർ അധികൃതരുടെ മുന്നറിയിപ്പുകൾ ചെവിക്കൊള്ളണം.
മരുഭൂമികളിലും തുറന്ന പ്രദേശങ്ങളിലും പൊടിക്കാറ്റുണ്ടാവുന്നത് ജനജീവിതം ദുസ്സഹമാക്കും. ഇൗ മേഖലകളിലൂടെ യാത്ര െചയ്യുേമ്പാൾ അപകടസാധ്യത വളരെ കൂടുതലാണ്. ഇത്തരം മേഖലകളിലൂടെ യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. വാഹനമോടിക്കുന്നവർക്ക് ദൂരക്കാഴ്ച നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ എതിരെ വരുന്ന വാഹനങ്ങളും തടസ്സങ്ങളും ദൃഷ്ടിയിൽപെടുന്നതിന് ബുദ്ധിമുട്ടുണ്ടാവും. അതിനാൽ വഹനങ്ങൾ കൂട്ടിയിടിക്കുന്നതിനും അപകടം ഉണ്ടാവുന്നതിനും സാധ്യത കൂടുതലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.